- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാജൻ സ്കറിയയെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം പരിശോധന; മറുനാടൻ ജീവനക്കാരുടെ വീടുകൾ അരിച്ചു പെറുക്കി റെയ്ഡ്; ചിലയിടത്ത് നിന്ന് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് അടക്കം കൊണ്ടു പോയി പ്രത്യേക ദൗത്യ സംഘം; തിരുവനന്തപുരം മുതൽ കാസർഗോഡു വരെ അർദ്ധരാത്രിയിലും പുലർച്ചെയുമായി നടന്നത് 'ഓപ്പറേഷൻ ഷാജൻ'
തിരുവനന്തപുരം: മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിൽ പൊലീസ് റെയ്ഡ്. കേരളത്തിലുടനീളമുള്ള ജീവനക്കാരുടെ വീട്ടിൽ എല്ലാം പൊലീസ് എത്തി. ജീവനക്കാരുടെ ബന്ധു വീട്ടുകളിലും പരിശോധന നടത്തി. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. നേരത്തെ തിരുവനന്തപുരത്തെ ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്കുകളും മറ്റും പിടിച്ചെടുത്തു. മൊഴിയെടുത്ത ജീവനക്കാരുടെ വീട്ടിലാണ് അർദ്ധ രാത്രിയും പുലർച്ചെയുമായി റെയ്ഡ് നടന്നത്.
സുപ്രീംകോടതിയിൽ ഷാജൻ സ്കറിയ മുൻ കൂർ ജാമ്യത്തിനായുള്ള പ്രത്യേക അനുമതി ഹർജി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് ജീവനക്കാരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തുന്നത്. ജീവനക്കാരുടെ കുടുംബങ്ങളെ ആശങ്കയുടെ മുൾ മുനയിൽ നിർത്തുക എന്ന ലക്ഷ്യമാണ് റെയ്ഡുകൾക്ക് പിന്നിലുള്ളത്.
കള്ളക്കേസിൽ ജയിലിലാക്കി മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ വകവരുത്താനുള്ള ഗൂഢാലോചന ചില കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമ പോരാട്ടത്തിന് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. ഞായറാഴ്ചയായിട്ടും പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ഷാജൻ സ്കറിയയുടെ എരുമേലിയിലെ വീട്ടിൽ അടക്കം പുലർച്ചെ റെയ്ഡ് നടന്നു. സുഹൃത്തുക്കളുടേയും വീടുകളിലും പൊലീസ് പരിശോധന നടത്തി.
പ്രത്യേക സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. വിപുലമായ രീതിയിലാണ് പരിശോധനകൾ. മറുനാടൻ മലയാളിയിലെ ജീവനക്കാരെ സമ്മർദ്ദത്തിലാക്കി ജോലി തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യം ചില കേന്ദ്രങ്ങൾക്കുണ്ടെന്നാണ് പുറത്തു വരുന്ന വിലയിരുത്തലുകൾ. തിരുവനന്തപുരത്തും കൊല്ലത്തും വയനാടും കണ്ണൂരിലും കോഴിക്കോടുമെല്ലാം പൊലീസ് വ്യാപക റെയ്ഡുകൾ നടത്തി. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകൾ തുടരും.
മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്. സുപ്രീംകോടതിയിലെ അതിപ്രഗത്ഭന്മാരിൽ ഒരാളാണ് സിദ്ധാർത്ഥ് ലൂത്ര.
മുൻ അഡീഷണൽ സോളിസിറ്റർ ജനറയാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അംഗീകരിക്കപ്പെട്ട നിയമ വിദഗ്ധനാണ് ലൂത്ര. ലൂത്രയുടെ അച്ഛൻ കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സർക്കാരുകൾക്കുമായും നിരവധി കേസുകളിൽ ലൂത്ര ഹാജരായിട്ടുണ്ട്.
ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ നിരാകരിച്ചത്. കുന്നത്തുനാട് എംഎൽഎ വി ശ്രീനിജിൻ എംഎൽഎ നൽകിയ കേസിലാണ് ഷാജൻ സ്കറിയ മുൻകൂർ ജാമ്യം തേടിയത്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. പിവി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചാണ് എളമക്കര പൊലീസാണ് ഷാജൻ സ്കറിയക്കെതിരെ കേസെടുത്തത്.
ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് മറുനാടൻ നിയമ പോരാട്ടവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഷാജൻ സ്കറിക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ