- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രീഷ്മയുടെ വീട്ടിൽ ആദ്യം പൊലീസ് പോയത് ഉല്ലാസ യാത്ര പോലെ; കഷായ കുപ്പിയെല്ലാം തിരക്കിയത് വാട്സാപ്പ് ചാറ്റുകളും വീഡിയോയും പുറത്തു വന്ന ശേഷം; നിർണ്ണായകമായത് റൂറൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കുന്നത്തുകാലിലെ ന്യായീകരണ ഓഡിയോയും പ്രതിക്ക് തുണയാകും; പാറശ്ശാലയിലേത് താളം തെറ്റിയ പൊലീസിങ്
തിരുവനന്തപുരം: പാറശാലയിൽ വിഷം നൽകി കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ആദ്യം മുതൽ സംരക്ഷിക്കുന്ന നിലപാടാണ് പാറശാല പൊലീസ് സ്വീകരിച്ചത്. ഷാരോൺ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതു മുതൽ പാറശ്ശാല പൊലീസിന്റെ നിസഹകരണവും താൽപര്യമില്ലായ്മയും പ്രകടമാണെന്ന പരാതി ബന്ധുക്കൾ ഉയർത്തുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പരാതി പ്രകാരം മൊഴിയെടുക്കാൻ കാരക്കോണത്തിനടുത്ത രാമവർമ്മൻചിറയിലെ ശ്രീനിലയത്തിൽ എത്തിയത് തന്നെ ഉല്ലാസ യാത്ര പോകുന്ന ഫീലിംഗിലായിരുന്നുവെന്ന് കണ്ടവർ പറയുന്നു. മജിസ്ട്രേട്ടിന് നൽകിയ മൊഴിയും ഗ്രീഷ്മയ്ക്ക് പകർന്നു നൽകി.
തുടക്കത്തിൽ അന്വേഷണത്തിന് വീട്ടിൽ എത്തിയ പൊലീസുകാരെ സ്വീകരിച്ചിരുത്തിയ ഗ്രീഷ്മയും വീട്ടുകാരും പറഞ്ഞത് അപ്പാടെ വിഴുങ്ങിയ പൊലീസ് സംഘം കൂടുതൽ പരിശോധനയോ ചോദ്യം ചെയ്യലോ നടത്തിയില്ല. ഗ്രീഷ്മയുടെ വീട്ടിലെത്തിയപ്പോൾ കഷായ കുപ്പി പരിശോധിക്കാനോ കുടിച്ച ജ്യൂസ് ഏതെന്ന് തിരക്കാനോ പോലും തുടക്കത്തിൽ പൊലീസ് മുതിർന്നില്ല. ഇതിനൊക്കെ പൊലീസ് പറഞ്ഞ ന്യായം ഷാരോൺ രാജിന്റെ മരണമൊഴിയായിരുന്നു. മരണമൊഴിയിൽ ഒരിടത്തും ഗ്രീഷ്മയെ കുറ്റപ്പെടുത്താത്തതിനാൽ ആ വഴിക്ക് അന്വേഷണം വേണ്ടന്ന് തന്നെ സി ഐ തീരുമാനിക്കുകയായിരുന്നു. '
അന്വേഷണം ശരിയായ ദിശയിലല്ലന്ന് സ്പെഷ്യൽ ബ്രാഞ്ച് കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് റൂറൽ എസ്പി കേസിൽ നേരിട്ട് ഇടപെട്ടതും ജില്ലാ ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചതും. ഷാരോണിന്റെ ബന്ധുക്കളും ചില സമുദായ നേതാക്കളും റൂറൽ എസ്പിയെ കണ്ട് ആശങ്ക അറിയിച്ചിരുന്നു. ഷാരോണിന്റെ ബന്ധുക്കൾ തുടർച്ചയായി പരാതിപ്പെട്ടിട്ടും പാറശ്ശാല പൊലീസ് അന്വേഷണത്തിൽ കാണിച്ചത് വലിയ വീഴ്ചയാണെന്ന ആരോപണം ശക്തമാകുകയാണ്.
സാഹചര്യങ്ങളടക്കം ബന്ധുക്കൾ പൊലീസിനെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിക്കുമ്പോഴും അന്വേഷണത്തിന് നേതൃത്വം നൽകിയ സി ഐ സംഭവത്തെ നിസ്സാരവൽക്കരിച്ച് പെൺകുട്ടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ആശുപത്രിയിൽ കിടക്കയിൽ വച്ച് പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് കഷായത്തിന്റെ കുപ്പി കണ്ടെത്തുവാനോ കഷായം സംബന്ധിച്ചുള്ള കുറിപ്പടിയും മറ്റ് തെളിവുകളും കണ്ടെത്തുവാൻ പൊലീസ് ശ്രമിച്ചില്ല. യാതൊരു ജാഗ്രതയൊ ഉത്തരവാദിത്വമോ കാണിക്കാതെ പൊലീസ് തീർത്തും നിസ്സാരവൽക്കരിച്ചാണ് അന്വേഷണം നടത്തയതെന്ന് ഷാരോണിന്റെ സഹോദരൻ ഷിമോൻ പറഞ്ഞു. പെൺകുട്ടി കഷായം കൊടുത്തിരുന്നുവെന്ന് തെളിയിക്കുന്ന ഓഡിയോ പുറത്തു വന്ന ശേഷമാണ് കേസിന് അനക്കം വച്ചത്. വേണ്ടതു പോലെ തുടക്കത്തിൽ തന്നെ ചോദ്യം ചെയ്യലുകൾ ഉണ്ടായില്ലെന്നും വ്യക്തം.
അതിനിടെ കേസ് അന്വേഷണത്തെ ന്യായീകരിക്കുന്ന സിഐയുടെ ഓഡിയോയും പുറത്തു വന്നു. കേസിന്റെ വിശദാംശങ്ങളും നാൾ വഴിയും പറഞ്ഞ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓഡിയോ ഇടുന്നതും കേരളാ പൊലീസിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. തുടക്കത്തിൽ പെൺകുട്ടിയെ സംശയിച്ചിരുന്നില്ലെന്നും മരണ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ അറസ്റ്റു ചെയ്യാത്തതെന്നും സിഐ തന്നെ സമ്മതിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യങ്ങളെ സിഐ പരിഹസിക്കുന്നുമുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ ഓഡിയോ എന്നും സിഐ പറയുന്നു. അതിനിടെ അന്വേഷണത്തിന്റെ എല്ലാ വശങ്ങളും ഇങ്ങനെ സൂക്ഷ്മമായി വിശദീകരിക്കുന്ന ഓഡിയോ പ്രതിയെ ഭാവിയിൽ രക്ഷിച്ചെടുക്കുമെന്നും വിലയിരുത്തലുണ്ട്. നല്ല വക്കീൽ എത്തിയാൽ കേസ് തന്നെ അപ്രസക്തമാക്കുന്നതാണ് ഈ ഓഡിയോ.
പാറശ്ശാല പൊലീസ് കാണിച്ച അമാന്തത്തെ തുടർന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് പാറശ്ശാല പൊലീസിന്റെ വീഴ്ച വ്യക്തമാകുന്നത്. പാറശ്ശാല പൊലീസിന് ഇരുവരുടെ വാട്ട്സ് അപ്പ് ചാറ്റുകൾ സഹിതം പാറശ്ശാല സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയെങ്കിലും അത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാൻ പോലും പൊലീസ് തയ്യാറായില്ലായെന്നാണ് ഷാരോണിന്റെ അച്ഛൻ ജയരാജ് പറയുന്നത്. നിരവധി തവണ ഷാരോണിന്റെ ബന്ധുക്കളടക്കമുള്ളവർ നിരന്തരം പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ഫോൺ അറ്റന്റ് ചെയ്യുവാൻ പോലും പൊലീസ് തയ്യാറായില്ല.
കൊലപാതകമെന്ന് പരാതി ഉയർന്നതിനെ തുടർന്ന് മാധ്യമ പ്രവർത്തകർ സർക്കിൾ ഇൻസ്പെക്ടറെ പല തവണ ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഔദ്യോഗിക ഫോൺ എടുക്കുവാൻ പോലും സർക്കിൾ ഇൻസ്പെക്ടർ തയ്യാറായിരുന്നില്ല. യുവതിയെ ന്യായീകരിച്ച് എസ് ഐ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതും ആദ്യ സംഭവം. അതുകൊണ്ട് തന്നെ ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥന്റെ ഇടപെടലുകൾ സംശയാസ്പദമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കുവാൻ ഒരുങ്ങുകയാണ് ഷാരോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്