- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ആര്‍ എസ് എസും സിപിഎമ്മും ശ്രമിക്കുന്നു; താനൊരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് ശശി തരൂര്‍; വ്യാജ പ്രചരണത്തില്‍ നിയമ നടപടികളും ആലോചനയില്‍; തരൂര്‍ നിലപാട് പറയുമ്പോള്‍
2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ശശി തരൂര്‍ ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിച്ചു വരികയാണ്.
തിരുവനന്തപുരം: ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ എംപി രംഗത്ത്. തികച്ചു വാസ്തവ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നതെന്ന് ശശി തരൂരിനോട് അടുത്ത വൃത്തങ്ങള്‍ മറുനാടനോട് പ്രതികരിച്ചു. ഒരിക്കലും ബിജെപിയുമായി തരൂര്‍ സഹകരിക്കില്ലെന്നും അവര്‍ വിശദീകരിച്ചു. ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭ്യൂഹത്തിന് പിന്നില്‍ ഗൂഡാലോചനയും തരൂര്‍ കാണുന്നുണ്ട്. രാഷ്ട്രീയ വിവാദങ്ങളെ തിരിച്ചു വിടാനുള്ള നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. പിണറായിയും ആര്‍.എസ്.എസ്സും തമ്മിലുള്ള അന്തര്‍ധാര സംബന്ധിച്ച വാര്‍ത്തകളും പോലീസ് പൂരം കലക്കിയതുമൊക്കെ പുറത്തുവന്ന അവസരത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ ആര്‍.എസ്.എസ്സും സിപിഎമ്മും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ വ്യാജ പ്രചാരണമെന്നാണ് വിശദീകരണം.
കേരളത്തിന്റെ തെക്കു ഭാഗത്തുനിന്നുള്ള ഒരു എം.പി ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ഡല്‍ഹിയിലെ രണ്ടുദിവസം മുമ്പു വന്ന വാര്‍ത്ത വന്നിരുന്നു. അത് പിന്നീട് ചില മലയാളമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ ഡാലസിലാണ് തരൂര്‍ ഉള്ളത്. അദ്ദേഹം സ്ഥലത്തില്ലാത്ത തക്കം നോക്കി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് തരൂരിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. ഡല്‍ഹി പത്രത്തില്‍ വന്ന വാര്‍ത്ത ഒരുപക്ഷേ സൈബര്‍ സഖാക്കള്‍ പ്ലാന്റ് ചെയ്തതാകാം'- തരൂരിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 'ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത് ജീവിതകാലം മുഴുവന്‍ താന്‍ എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളതിന് വിരുദ്ധമാവുമെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു.
പാര്‍ട്ടി ഹൈക്കമാന്‍ഡ് അവഗണിക്കുന്നു, ഒരു രണ്ടാംനിര നേതാവിന്റെ പരിഗണന മാത്രമേ കൊടുക്കുന്നുള്ളൂ, രാഹുല്‍ ഗാന്ധി വളരെ അകല്‍ച്ച കാട്ടുന്നു, ലോക്സഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷസ്ഥാനം തന്നെ അവഗണിച്ച് കെ.സി.വേണുഗോപാലിന് കൊടുത്തു, തന്നെ പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു എന്നിങ്ങനെയുള്ള പരാതികള്‍ തരൂരിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപി സഹകരണത്തിന് തരൂര്‍ ഒരിക്കലും തയ്യാറാകില്ലെന്നാണ് എംപിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം തന്റെ പേര് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയും തരൂര്‍ എടുത്തേക്കും.
2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ശശി തരൂര്‍ ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിച്ചു വരികയാണ്. അതിനുശേഷം രാഹുല്‍ ഗാന്ധിയോട് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.പി.എന്‍.സിംഗ്, മിലിന്ദ് ദേവ്ര, റീത്താ ബഹുഗുണ, സുസ്മിതാ ഡേ തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയി. അന്നൊന്നും തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോയില്ല. എന്നിട്ടും ഇത്തരം ചര്‍ച്ചകള്‍ വേദനിപ്പിക്കുന്നുവെന്ന സന്ദേശമാണ് തരൂര്‍ അടുപ്പക്കാര്‍ക്കും നല്‍കിയത്. തന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നത് ആരെന്ന് കണ്ടെത്താനും തരൂര്‍ ശ്രമിച്ചേക്കും.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമാകുമ്പോള്‍ കേന്ദ്ര ബിന്ദുവാകുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എന്നതായിരുന്നു വസ്തുത. ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളാണ് ശക്തമാകുന്നത് എന്ന് കേരള കൗമുദിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നത്. തരൂരിന്റെ ബിജെപിയിലേക്കുള്ള ചുവട് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും ഒപ്പം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാരുടേയും യോഗം നടന്നിരുന്നു. ഈ യോഗത്തിന്റെ അജണ്ട എന്താണെന്ന് ആരാഞ്ഞ് ഡല്‍ഹിയിലെ എംപിയുടെ ഓഫീസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. എന്നാല്‍ യോഗത്തിലെ അജണ്ട സംബന്ധിച്ച വിവരങ്ങള്‍ എംപി ഓഫീസിന് ലഭിച്ചില്ല.- കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു.
രാഹുല്‍ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം കാലങ്ങളായി മോശം അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി തരൂര്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ക്കാണാനായി അപ്പോയിന്‍മെന്റിന് ശ്രമിക്കുന്നുവെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇത് ശശി തരൂരിനെ മാനസികമായി പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നാണ് സൂചന. ഡല്‍ഹിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എംപിമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ തരൂര്‍ വിദേശയാത്രയ്ക്ക് പോയതും രാഹുലിനെ ചൊടിപ്പിച്ചിരുന്നു-വാര്‍ത്ത ഇങ്ങനെ വിശദീകരിച്ചിരുന്നു.