- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുപ്രസിദ്ധ വനിതാ ഗുണ്ടയ്ക്ക് ജയിലിൽ സുഖവാസം; ശോഭ ജോണിനെ ജയിലിലെ ഉന്നത ക്വട്ടേഷന് ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് ജയിൽ ഡിജിപിക്ക് രഹസ്യ വിവരം; ജീവനക്കാർ തമ്മിലെ പോരിന് തടവുകാരെ മുന്നിൽ നിർത്തി പുതിയ ഗെയിം; അട്ടക്കുളങ്ങര ജയിലിൽ മിന്നൽ ഇടപെടലുമായി ജയിൽ മേധാവി; താക്കീതിനൊപ്പം അന്വേഷണവുമായി ബൽറാം കുമാർ ഉപാദ്ധ്യയ
തിരുവനന്തപുരം. തിരുവനന്തപുരത്തെ അട്ടകുളങ്ങര വനിത ജയിലിലെ ജീവനക്കാർ തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങിയപ്പോൾ ജയിൽ മേധാവിയുടെ അപ്രതീക്ഷിത ഇടപെടൽ. കുപ്രസിദ്ധ വനിത ഗുണ്ട ശോഭ ജോണിനെ മുന്നിൽ നിർത്തി എതിർക്കുന്ന ജീവനക്കാരെ വിരട്ടാൻ ജയിലിലെ ഉന്നത ക്വട്ടേഷൻ നൽകാൻ ശ്രമിച്ചതാണ് വിവാദത്തിനും ആക്ഷേപത്തിനും വഴി വെച്ചിരിക്കുന്നത്.ജയിൽ വകുപ്പിലെ ഉന്നത ഒരു വശത്തും മറ്റൊരു പ്രധാന ഉദ്യോഗസ്ഥ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ മറുവശത്തും കേന്ദ്രീകരിച്ചാണ് തമ്മിലടി.
വിവരം ജയിൽ ആസ്ഥാനത്ത് എത്തിയതോടെ ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ അട്ടകുളങ്ങരയിൽ മിന്നൽ സന്ദർശനം നടത്തി. കഴിഞ്ഞ ആഴ്ച സന്ദർശനം നടത്തിയ ശേഷം ജയിൽ സൂപ്രണ്ടിനെ ഹെഡ്ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തു. ജീവനക്കാർ തമ്മിലെ തർക്കത്തിന് തടവുകാരെ മുന്നിൽ നിർത്തി ഗെയിം തുടങ്ങിയതാണ് ജയിൽ മേധാവിയെ പ്രകോപിപ്പിച്ചത്. ശോഭ ജോൺ ആണ് അട്ടകുളങ്ങര ജയിൽ ഭരിക്കുന്നതെന്നാണ് ജയിൽ ആസ്ഥാനത്ത് ലഭിച്ച വിവരം. ജയിൽ നിയമങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും തടവുകാരിക്ക് അനർഹമായി എന്തെങ്കിലും സഹായം ലഭിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും ജയിൽ ഡിജിപി താക്കീത് ചെയ്തു.
പഠന സംബന്ധിയായി ലീവിൽ പോയ ജയിൽ മേധാവി അട്ടകുളങ്ങര ജയിലിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവിശ്യമായ നടപടികൾ സ്വീകരിക്കാനും ദക്ഷിണ മേഖലാ ജയിൽ ഡി ഐ ജി നിർമ്മലാനന്ദനെ ചുമതലപ്പെടുത്തി. ജയിലെ മിന്നൽ സന്ദർശനത്തിൽ അസ്വഭാവികമായി ഒന്നും ജയിൽ ഡിജിപിയുടെ ശ്രദ്ധയിൽപ്പെട്ടില്ലങ്കിലും വിഷയം ഗൗരവമായി തന്നെയാണ് അദ്ദേഹം എടുത്തിരിക്കുന്നത്. അട്ടകുളങ്ങര വനിത ജയിലിലെ ഓഫീസർമാരായ വനിത ജീവനക്കാരിൽ ഓരോരുത്തരുടെയും മുൻകാല സർവ്വീസ്, സ്വഭാവം മറ്റ് കാര്യങ്ങൾ എന്നിവ രഹസ്യമായി പരിശോധിക്കാനാണ് ഡിജിപിയുടെ നീക്കം.
അതിനിടെ അട്ടകുളങ്ങര ജയിലിൽ നിന്നും തടവുകാർക്കുള്ള മട്ടനും ഫിഷും അടക്കം ജയിലെ ഒരു ഉന്നത വീട്ടിലേയ്ക്ക് കടത്തുന്നതായും ജയിൽ ആസ്ഥാനത്ത് വിവരം ലഭിച്ചിട്ടുണ്ട്. ആരും എതിർക്കാതിരിക്കാൻ ശോഭ ജോണിനെ മുന്നിൽ നിർത്തിയാണ് ഈ ഉദ്യോഗസ്ഥ കാര്യങ്ങൾ നടത്തുന്നത്. ശോഭ ജോൺ ഇറങ്ങി കഴിഞ്ഞാൽ തടവുകാർ മാത്രമല്ല ജീവനക്കാരും ഒന്നും മിണ്ടില്ല. എല്ലാവർക്കും അവരെ പേടിയാണ്. ജയിലിൽ കിടന്നും ഇപ്പോഴും പുറത്തെ ഗുണ്ടാ സംവിധാനങ്ങളെ ശോഭ നിയന്ത്രിക്കുന്നുവെന്നാണ് വിവരം. അതിന് ജയിൽ ജീവനക്കാരുടെ ഒത്താശ ഇവർക്ക് ലഭിക്കുന്നുവെന്നാണ് ആക്ഷേപം. ശോഭ ജോണിന് ജയിലിൽ പണിയൊന്നും ചെയ്യണ്ടതില്ല. ഉന്നത ബന്ധങ്ങൾ ഉള്ളതു കൊണ്ട് തന്നെ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചാണ് കാര്യങ്ങളുടെ പോക്കെന്ന് വിമർശനം ഉണ്ട്.
വരാപ്പുഴ പീഡനക്കേസിൽ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിന് 2017 ലാണ് 18 വർഷം കഠിന തടവ് കോടതി വിധിച്ചത്. കേരളത്തിൽ ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീയാണ് ശോഭാ. സിനിമാകഥകളെ വെല്ലുന്ന കുറ്റകൃത്യങ്ങളാണ് ശോഭയുടേത്. ഗുണ്ടാസംഘങ്ങൾ വരെ ശോഭയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. മുപ്പതിലേറെ കേസുകളാണ് ശോഭയുടെ പേരിലുള്ളത്
തിരുവനന്തപുരം നെയ്യാറ്റിൻകര കഴിവൂർ സ്വദേശിയാണ് ശോഭ. കുറഞ്ഞ വർഷങ്ങൾകൊണ്ട് പെൺവാണിഭം, കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി അവർ. ബ്ലേഡുകാരിയായാണ് ആദ്യ രംഗപ്രവേശം. ബ്ലേഡ് ഇടപാടുകളിൽ ഗുണ്ടകളുമായി കൂട്ടുപിടിച്ച ശോഭ ഗുണ്ടാ സംഘത്തിന്റെ തന്നെ തലൈവി ആകുകയായിരുന്നു.
2006 ജൂലൈ 23 നാണ് കണ്ഠരര് മോഹനരെ കുടുക്കിയ ഫ്ളാറ്റ് ബ്ലാക്ക് മെയിലിങ് കേസ് അരങ്ങേറുന്നത്. കത്തിയും കളിത്തോക്കും കാണിച്ചാണ് അന്ന് ശോഭ ജോൺ തന്ത്രിയെ കുടുക്കിയത്. മോഹനരെയും സ്ത്രീയേയും നഗനരാക്കി ഫോട്ടോയെടുക്കുകയും അവ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഏഴ് വർഷം കഠിന തടവാണ് 2012 ൽ കോടതി ഈ കേസിൽ ശോഭയ്ക്കും കൂട്ടാളികൾക്കും വിധിച്ചത്. 2011 ജൂലൈ മൂന്നിന് ശോഭയുടെ പേരിൽ വാരാപ്പുഴയിൽ വാടകയ്ക്കെടുത്ത ഫ്ളാറ്റിൽ പെൺകുട്ടി പീഡനത്തിനിരയായതാണ് ശോഭയെ എന്നന്നേക്കുമായി പൂട്ടിയത്.
പൊലീസ് ആദ്യം അനാശാസ്യത്തിന് കേസെടുത്തെങ്കിലും പിന്നീട് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ശോഭയ്ക്കും കൂട്ടാളികൾക്കുമെതിരെ പെൺവാണിഭക്കുറ്റം കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പെൺകുട്ടിയെ വാങ്ങുകയും വിൽക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്