കണ്ണൂർ: പാർട്ടി ഗ്രാമമെന്ന് വിളിക്കാവുന്ന സ്ഥലമാണ് മാനന്തേരി. കൂത്തുപറമ്പ് പോലൊരു പാർട്ടി ഗ്രാമത്തിനടുത്തുള്ള മാനന്തേരി പോലൊരു സ്ഥലത്ത് ജനിച്ചു വളർന്നിട്ടും ശ്യാംജിത്ത് ഒരു പൂർണ്ണ കമ്മ്യൂണിസ്റ്റുകാരൻ ഒന്നുമായിരുന്നില്ല. കൃത്യമായ പാർട്ടി ചിന്തകളും മറ്റു പാർട്ടി പ്രവർത്തനങ്ങളോ ഒന്നും തന്നെ ശ്യാംജിത്തിന് ഉണ്ടായിരുന്നുമില്ല. വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന സോഷ്യൽ മീഡയയിൽ ആനന്ദം കണ്ടെത്തിയ യുവാവ്.

സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിലും പുറംലോകവുമായി കാര്യമായ ബന്ധമില്ലാത്ത വ്യക്തിയായിരുന്നു ശ്യാംജിത്ത്. ഗെയിമുകളും അന്യഭാഷ സിനിമകളും ധാരാളമായി കാണുകയും ചെയ്യുമായിരുന്നു. ടെക്‌നോളജിയുടെ കാര്യത്തിൽ കൃത്യമായി അപ്‌ഡേറ്റഡും ആയിരുന്നു ശ്യാംജിത്ത്. കൊറിയൻ സിനിമകളും അഞ്ചാം പാതിര എന്ന സിനിമയും കൊലപാതകത്തിന് പ്രേരണ നൽകിയെന്നാണ് റിപ്പോർട്ട്. പല സിനിമകളിൽ നിന്നു കണ്ടതും യൂട്യൂബിലും ഗൂഗിളിൽ നിന്നും ലഭിച്ചതും ആയുള്ള വിവരങ്ങൾ ഒന്നിച്ച് ശേഖരിച്ചു വച്ചായിരുന്നു കൃത്യം നിർവഹിച്ചത്.

അഞ്ചാംപാതിര എന്ന സിനിമയിൽ ഇന്ദ്രൻസ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ' ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുമ്പോൾ തലയോട്ടി പിളരുന്ന ഒരു ഒച്ചയുണ്ട്, അതിന്റെ കൂടെ നിലവിളി കൂടിയാകുമ്പോൾ...' ഈ ഡയലോഗിനെ അന്വർത്ഥം ആക്കുന്ന രീതിയിലായിരുന്നു ശ്യാംജിത് വിഷ്ണുപ്രിയയുടെ കൊലപാതകം നടപ്പിലാക്കിയത്. വീട്ടിൽ കയറി ആദ്യം തന്നെ കയറിയിട്ട് വിഷ്ണുപ്രിയയുടെ കഴുത്തിന് കയറിയിട്ട് ഞെരുക്കി. ശേഷം കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഒന്നിൽ കൂടുതൽ അടി തലയ്ക്ക് അടിച്ചു.

ആ അടിയിൽ തന്നെ വിഷ്ണുപ്രിയ അബോധാവസ്ഥയിലായി. തൊട്ടടുത്ത വീട്ടിൽ പണിയെടുക്കാനായി തൊഴിലാളികൾ ഉണ്ടായിരുന്നു എങ്കിലും ആരും ശബ്ദം പോലും പുറത്തു കേട്ടില്ല. കൃത്യമായി ഗൂഗിളും യൂട്യൂബും നോക്കി എങ്ങനെ കൊലപാതകം നടത്തണമെന്ന് പഠിച്ചായിരുന്നു ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയ കൊല്ലാൻ ആയുള്ള ശ്യാംജിത്തിന്റെ ആദ്യത്തെ ശ്രമമായിരുന്നു ഇത്, ഒരുതരത്തിലും ശ്രമം പാളിപ്പോകരുത് എന്ന് ശ്യാംജിത്ത് മനസ്സിൽ കരുതിയിരുന്നു. കൂടിപ്പോയാൽ 14 വർഷത്തെ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ എന്നുള്ള കാര്യവും ഇയാൾ ഇന്റർനെറ്റ് നോക്കി മനസ്സിലാക്കിയിരുന്നു.

തങ്ങൾക്ക് കണ്ടുപരിചിതമുള്ള ശ്യാംജിത്ത് ഇങ്ങനെയൊരു കൊലപാതകം ചെയ്തു എന്നു പറയുന്നത് നാട്ടുകാർക്ക് തന്നെ അത്ഭുതമാണ്. എല്ലാവരോടും സൗമ്യമായുള്ള വർത്താനമായിരുന്നു ഇയാളുടേത്.എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രം ഇടപഴകുന്ന രീതി. ഒരിക്കലും ശ്യാംജിത് ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് നാട്ടുകാർക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല. ഈ ആഘാതത്തിലാണ് വീട്ടുകാരും നാട്ടുകാരും ഇപ്പോഴും ഉള്ളത്.

കൂത്തുപറമ്പ് ഉള്ള കൂത്തുപറമ്പ് ഹൈസ്‌കൂൾ എന്നുള്ള സാധാരണ വിദ്യാലയത്തിൽ ആയിരുന്നു പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. പിന്നീട് കൂത്തുപറമ്പിൽ അടുത്ത പ്രദേശമായ കോട്ടയം മലബാറിൽ നിന്നും കോമേഴ്‌സിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ വരുന്ന തലശ്ശേരിയുള്ള ക്രൈസ്റ്റ് കോളേജിൽ നിന്ന് ഡിഗ്രിയും ചെയ്തു.

ഡിഗ്രി കഴിഞ്ഞുവെങ്കിലും ശ്യാംജിത്തിന് കാര്യമായുള്ള ജോലി ഒന്നും ശരിയായില്ല. പിന്നീട് ബ്ലാക്ക് വൈബർ എന്നുള്ള പേര് യൂട്യൂബ് ചാനലും തുടങ്ങി. ശ്യാംജിത്തിന്റെ യൂട്യൂബ് വീഡിയോസും ഫേസ്‌ബുക്കിലുള്ള പോസ്റ്റുകളും കാണുന്ന ഒരാൾക്ക് അയാൾ ഇത്തരത്തിലുള്ള കൃത്യം ചെയ്യാൻ കെൽപ്പുള്ള ഒരു വ്യക്തിയാണ് എന്ന് ഒരിക്കലും തോന്നില്ല. റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്യുന്ന രീതിയും എങ്ങനെ ജോലി ലഭിക്കാമെന്നും പരീക്ഷയെ എങ്ങനെ നേരിടാം എന്നുള്ള വീഡിയോകളും ഒക്കെ ആയിരുന്നു ഇയാളുടെ യൂട്യൂബ് ചാനലിൽ പ്രധാനമായും പ്രത്യക്ഷപ്പെട്ടത്.

അച്ഛൻ 5 മാസങ്ങൾക്ക് മുമ്പ് കൂത്തുപറമ്പ് മാനന്തേരി സത്രത്തിനടുത്ത് തുടങ്ങിയ 'ശശിയേട്ടന്റെ കട' എന്നുള്ള കടയിൽ സഹായത്തിനായി കൂടി. ശ്യാം എന്നും ശ്യാംജി എന്നുമാണ് അടുത്ത ആളുകൾ ശ്യാംജിത്തിനെ വിളിച്ചിരുന്നത്. അപ്രതീക്ഷിതമായ ഒരു കൊലയ്ക്ക് ശാംജിത്ത് മുതിർന്നപ്പോൾ ഇല്ലാതായത് ഒരു കുടുംബത്തിന്റെ സന്തോഷമായിരുന്നു.

വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 27 മുറിവുകൾ ഉണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. കൈകാലുകൾക്കും വയറിനും ആഴത്തിലുള്ള മുറിവുണ്ട്. പ്രണയനൈരാശ്യം കൊണ്ടുള്ള പകയാണ് കൊലയ്ക്ക് കാരണമെന്ന് മൊഴിയിൽ പറയുന്നുണ്ട്. വിഷ്ണുപ്രിയയുടെ മലപ്പുറത്തെ സുഹൃത്തിനെ കൊലപ്പെടുത്താനുള്ള ശ്രമവും ശ്യാംജിത്ത് നടത്തിയതായി മൊഴിയിൽ പറയുന്നു. വളരെ ആസൂത്രിതമായി ആലോചിച്ചുറപ്പിച്ച കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പൊലീസ് പറയുന്നു.

ശ്യാംജിതുകൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയിരുന്നോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. വിഷ്ണുപ്രിയെ കൊലപ്പെടുത്തിയ ശ്യാംജിത്തിൽ നിന്ന് കൂടുതൽ അറിയാനുണ്ട്. പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നോ എന്ന് അന്വേഷിക്കും. പ്രണയം നിരസിച്ചതിന്റെ പകയിൽ ഇയാൾ ചെയ്തതെല്ലാം പൊലീസ് വിലയിരുത്തുന്നു. കൊലയ്ക്ക് മുമ്പ് ചില സിനിമകൾ കണ്ട് ആസൂത്രണം നടത്തി. ഒന്നരമാസത്തിനകം കുറ്റപത്രം സമർപ്പിച്ച് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്നും കമ്മീഷണർ വ്യക്തമാക്കി.

ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.