- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉറ്റ സുഹൃത്ത്' രാഷ്ട്രീയക്കാരന്റെ മകൻ; ഇയാളും പ്രതിയല്ല; പൂക്കോട്ട് അന്വേഷണം പ്രതിസന്ധിയിൽ
തൃശൂർ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ ജെ.എസ്.സിദ്ധാർഥൻ മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ഇടപെടുന്നത് കേരളത്തിലെ ഒരു പൊലീസ് കമ്മീഷണർ ഓഫീസോ? സിദ്ധാർത്ഥിനെതിരെ പരാതി കൊടുത്ത പെൺകുട്ടിയെ ഇനിയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. തൃശൂർ ജില്ലയിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ അമ്മ പൊലീസിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരിയാണ്. ഒരു കമ്മീഷണർ ഓഫീസിലാണ് ജോലി. ഗുരുവായൂരിന് അടുത്താണ് ഈ പെൺകുട്ടിയുടെ വീട്. നിലവിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നാണ് സൂചന. അറസ്റ്റിലായവരിലേക്ക് അന്വേഷണം ചുരുക്കാനാണ് സമ്മർദ്ദം.
അതിനിടെ കോളേജ് ഡീൻ എം.കെ.നാരായണൻ, അസി. വാർഡൻ ആർ.കാന്തനാഥൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് ആവശ്യപ്പെട്ടു ഇരുവരുടെയും സസ്‌പെൻഷൻ നല്ലതു തന്നെ. മരണത്തിൽ ഇരുവർക്കും മുഖ്യ പങ്കുണ്ട്. ഇരുവരെയും കേസിൽ പ്രതിയാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. പെൺകുട്ടിയേയും അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ തെളിവുകൾ പുറത്തു വരുമ്പോൾ അന്വേഷണം എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയ സ്വാധീനമുള്ളവരെ എല്ലാം പൊലീസ് വെറുതെ വിട്ടുവെന്നാണ് ആരോപണം. ഗൂഢാലോചനയിൽ പെൺകുട്ടിക്ക് വ്യക്തമായ പങ്കുണ്ട്. എന്നിട്ടും അന്വേഷണത്തിന്റെ ഭാഗമാക്കാത്തത് ദുരൂഹതയായി തുടരുന്നു.
ഉറ്റ സുഹൃത്താണ് മരണത്തിൽ മുഖ്യ സൂത്രധാരനെന്നും ഇയാളെയും കേസിൽ പ്രതിയാക്കണമെന്നും സിദ്ധാർഥന്റെ അമ്മാവൻ ഷിബു ആവശ്യപ്പെട്ടു. ' സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായ മൂന്നു ദിവസവും ഇയാൾ ഒപ്പം ഉണ്ടായിരുന്നു. സിദ്ധാർഥനെ ഫോണിൽ കിട്ടാത്തപ്പോഴൊക്കെ ഇയാളെയാണു വിളിക്കുക. പലപ്പോഴും നെടുമങ്ങാട്ടെ വീട്ടിൽ വന്നിട്ടുണ്ട്. മർദന വിവരം ഈ വിദ്യാർത്ഥിക്ക് നന്നായി അറിയാം. കോളജിൽ ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ഇയാൾ തങ്ങളെ അറിയിച്ചില്ലെന്നതിൽ ദുരൂഹതയുണ്ട്. ഇയാളാണ് അവസാന നിമിഷം വരെ സിദ്ധാർഥന്റെ ഫോൺ കൈകാര്യം ചെയ്തത് ഇതു വരെ പേരു പുറത്തു വന്നിട്ടില്ലാത്ത ഈ വിദ്യാർത്ഥിയുടെ അച്ഛൻ രാഷ്ട്രീയ നേതാവാണെന്ന് സിദ്ധാർഥൻ പറഞ്ഞിട്ടുണ്ട് '. ജയപ്രകാശ് പറഞ്ഞു.
സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകരെ പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവർ നയിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും കയറിയ മരപ്പട്ടിയെ സംസ്ഥാന ആഭ്യന്തരവകുപ്പ് ഏൽപിച്ചാൽ ആ മരപ്പട്ടി, പിണറായി വിജയനേക്കാൾ അന്തസ്സോടെ കൈകാര്യം ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കളിയാക്കി.
സിദ്ധാർത്ഥിനെ കൈകാര്യം ചെയ്യാനുള്ള ക്വട്ടേഷൻ അഖിലിനാണ് പെൺകുട്ടി നൽകിയെന്ന സൂചനകളാണ് പുറത്തു വരുന്നത്. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചത്. ഈ മാസം അഞ്ചു മുതൽ പത്ത് വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടർ അറിയിച്ചു. പരീക്ഷകളും മാറ്റി വച്ചു. ഇതിനിടെ സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തിരുന്നു. എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണക്ക് ഇരയായി സിദ്ധാർത്ഥിന് മർദ്ദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. അധികൃതരെ വിവരം അറിയിക്കാത്തതിനാണ് സസ്‌പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥികൾക്കുൾപ്പെടെയാണ് സസ്‌പെൻഷൻ. ആകെ 130 വിദ്യാർത്ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഇതെല്ലാം വിദ്യാർത്ഥികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് വകവച്ചിട്ടുണ്ട്.
എസ്എഫ്ഐ നേതാക്കളായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ തന്നെ പറയുന്നതനുസരിച്ച് വിവസ്ത്രനാക്കി മർദ്ദിച്ചുവെന്ന് വ്യക്തമാണ്. അതേ രീതിയിൽ വിവസത്രനായി തന്നെയാണ് സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇവിടെ മൃതദേഹം കണ്ട ടോയ്‌ലറ്റും സിദ്ധാർത്ഥന്റെ മുറിയും തമ്മിൽ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാർത്ഥൻ നടന്നുവന്ന് ആത്മഹത്യ ചെയ്തു എന്നതും വിശ്വസനീയമല്ല. പ്രത്യേകിച്ചും രണ്ട് ദിവസങ്ങളായി നിരന്തരം മർദ്ദനങ്ങൾ ഏറ്റ് അവശ നിലയിലുള്ള ഒരാൾ. പൊലീസ് രേഖകൾ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളിൽ മൃതദേഹം വൈത്തിരി ആശുപത്രിയിൽ നിന്നും ബത്തേരിയിലേക്ക് മാറ്റിയിട്ടുമുണ്ട്.
ഇതിനിടയിൽ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ ഉദ്ദേശം 3.30 ന് ക്യാമ്പസ് ഡീനിനേയും മറ്റു വിദ്യാർത്ഥികളെയും വൈത്തിരി പൊലീസ് സ്റ്റേഷനിൽ വച്ച് കാണുകയും ചെയ്തിട്ടുണ്ട്. ആ സമയത്താണ് സംഭവം സിദ്ധാർത്ഥന്റെ വീട്ടിൽ അറിഞ്ഞു എന്ന് ആംബുലൻസ് ഡ്രൈവറിൽ നിന്നും ഡീനിന് മനസ്സിലാവുന്നത്. അത് പോലെ തന്നെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫെബ്രുവരി 22ന് അനുശോചന യോഗം എന്ന പേരിൽ നടന്ന മുൻകരുതൽ യോഗത്തിലെ ഡീനിന്റെ പ്രസംഗവും ഞെട്ടിക്കുന്നതും ദുരൂഹതകൾ നിറഞ്ഞതും സംഭവത്തിൽ ഡീൻ ഉൾപ്പടെയുള്ളവരുടെ പങ്ക് വെളിവാക്കുന്നതുമാണെന്നും ആരോപണമുണ്ട്.