തിരുവനന്തപുരം: സിദ്ധാർത്ഥൻ കൊലക്കേസ് അന്വേഷണം എല്ലാ അർത്ഥത്തിലും അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുന്നു. സിബിഐ അന്വേഷണത്തിന് എത്താൻ വൈകുന്നതാണ് ഇതിന് കാരണം. അതിനിടെ പൂക്കോട് വെറ്റിനറി കോളേജിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പൂക്കോട് കോളേജിൽ റാഗിങ് നടത്തി സിദ്ധാർത്ഥനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന വിവരം പുറലോകത്ത് എത്തിച്ച രണ്ട് വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്‌പെന്റു ചെയ്തുവെന്നാണ് സിദ്ധാർത്ഥിന്റെ കുടുംബം ആരോപിക്കുന്നത്. ജമ്മുകാശ്മീരുകാരനും ഇടുക്കിക്കാരനുമാണ് കോളേജിൽ നിന്നും പുറത്തായത്. എന്തിനാണ് പുറത്താക്കിയതെന്ന് വ്യക്തമല്ല.

സിദ്ധാർത്ഥന്റെ മരണത്തിൽ അതിവേഗ അന്വേഷണത്തിന് സിബിഐയ്ക്ക് കേസ് കൈമാറിയ ഉത്തരവ് സർക്കാർ ഇറക്കി. ഇത് കുടുംബത്തിനും നൽകി. എന്നാൽ സിബിഐയ്ക്ക് ഈ ഉത്തരവ് ഇതുവരെ കിട്ടിയില്ല. അതുകൊണ്ട് തന്നെ അവർക്ക് കേസ് അന്വേഷിക്കാനും കഴിയുന്നില്ല. ഇതോടെ തെളിവ് നശീകരണത്തിന് കോളേജിലുള്ളവർക്ക് കൂടുതൽ അവസരം കിട്ടുന്നു. അതിനിടെയാണ് രണ്ട് കുട്ടികളെ സസ്‌പെന്റ് ചെയ്തുവെന്ന ആക്ഷേപവും ചർച്ചകളിൽ എത്തുന്നത്.

പൂക്കോട്ടേക്ക് യുജിസിയുടെ റാഗിങ് സമിതിയെ കോളേജിൽ കൊണ്ടു വന്നത് ഇവരുടെ ഇടപെടലായിരുന്നു. ഈ കുട്ടികളെയാണ് സസ്‌പെന്റ് ചെയ്തത്. ഇതുകാരണമാണ് കോളേജിലെ ഡീനിനും മറ്റും സസ്‌പെൻഷൻ നേരിടേണ്ടി വന്നത്. സിദ്ധാർത്ഥന്റെ കൊലപാതകത്തെ ആത്മഹത്യയാക്കാൻ കൂട്ടു നിന്നവരായിരുന്നു ഇവർ. ഇതിന് പ്രതികാരമാണ് സസ്‌പെൻഷൻ എന്നാണ് സൂചന. ഇതിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം ഗവർണ്ണർക്ക് പരാതിയും നൽകി. സിബിഐ അന്വേഷണം വൈകിപ്പിക്കാനും ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം.

സിബിഐയ്ക്ക് കേസ് വിട്ടത് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ്. അതിവേഗം ഉത്തരവ് ഇറങ്ങി. ഇതോടെ പ്രതിഷേധവും തീർന്നു. ഇതിന് ശേഷം സിബിഐയിൽ നിന്നും കുടുംബത്തെ ആരും ബന്ധപ്പെട്ടില്ല. തുടർന്ന് അവർ അന്വേഷണം നടത്തി. അപ്പോഴാണ് ഉത്തരവ് സിബിഐ ഓഫീസിലൊന്നും കിട്ടിയിട്ടില്ലെന്ന് കുടുംബം മനസ്സിലാക്കിയത്. സിദ്ധാർത്ഥന്റെ അച്ഛൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.

സിദ്ധാർത്ഥിന്റെ കൊലപാതകം സിബിഐയ്ക്ക് കൈമാറിയതോടെ പൊലീസ് അന്വേഷണം പൂർണമായി അവസാനിപ്പിച്ച മട്ടിലാണ്. കേസ് സിബിഐ ഏറ്റെടുത്ത ദിവസം കേസിൽ ഉൾപ്പെട്ട രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ എല്ലാ പ്രതികളെയും പിടികൂടിയെന്ന നിലപാടിലാണ് പൊലീസ്. തുടർന്ന് അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

സിബിഐ എത്തുന്നതു വരെയും തെളിവുകൾ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന് സിദ്ധാർത്ഥിന്റെ ബന്ധുക്കൾ ആരോപിച്ചു. കേസിലെ എല്ലാ പ്രതികളെയും ഉൾപ്പെടുത്താൻ പൊലീസ് ശ്രമിച്ചിട്ടില്ല. തെളിവുകൾ ഇല്ലാതാക്കാനാണ് പൊലീസിന്റെ ശ്രമം. മർദ്ദന ദിവസം സിദ്ധാർത്ഥിനെ അമ്മ വിളിച്ചപ്പോൾ ഫോണെടുത്തയാളെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി.

ക്രൂരമായ പീഡനത്തിനാണ് സിദ്ധാർത്ഥ് ഇരയായതെന്ന് ആന്റി റാഗിങ് സ്‌കോഡ് നടത്തിയ അന്വേഷണത്തിൽ കോളേജിലെ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. പ്രധാന പ്രതി സിൻജോ സിദ്ധാർത്ഥിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. കൈവിരലുകളിൽ ചവിട്ടിയരക്കുകയും കുനിച്ചു നിർത്തി ഇടിക്കുകയും ചെയ്തു. മുറിയിൽ നിന്നും പലതവണ മുറവിളിയും അലർച്ചയും കേട്ടതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

വരാന്തയിലെ കട്ടിലിൽ അവശനിലയിൽ കിടന്നപ്പോഴും സിദ്ധാർത്ഥിനെ മർദ്ദിച്ചിരുന്നതായി വിദ്യാർത്ഥികൾ ആന്റി റാഗിങ് സ്‌ക്വാഡിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.