കൽപ്പറ്റ: സിദ്ധാർത്ഥിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ അടുത്ത ബന്ധു പൊലീസുകാരി. ഇതു കൊണ്ടാണ് ഈ പെൺകുട്ടിയെ കേസിൽ പ്രതിയാക്കാത്തെന്ന സംശയം ശക്തമാകുന്നു. മധ്യ കേരളത്തിലെ ജില്ലക്കാരിയായ ഈ പെൺകുട്ടി നിലവിൽ സുരക്ഷിത കേന്ദ്രത്തിലാണ് ഉള്ളത്. കേസിന്റെ തുടക്കം മുതലുള്ള കള്ളക്കളിക്ക് കാരണം ഈ കുട്ടിയെ രക്ഷിക്കാനുള്ള നീക്കമാണെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ അഖിലുമായി ബന്ധമുള്ള കുട്ടിയാണ് പരാതി നൽകിയതെന്നതും അഭ്യൂഹമായുണ്ട്. അഖിലിന്റെ അച്ഛൻ പ്രാദേശിക സിഎം നേതാവാണ്. ഈ സാഹചര്യത്തിൽ ആദ്യം മുതൽ തന്നെ സിപിഎം ഇടപെടലുണ്ടായി എന്ന് വിലയിരുത്തുന്നവർ ഏറെയാണ്. കേസിൽ തുടക്കം മുതലുള്ള പൊലീസ് ഇടപെടൽ എല്ലാം ദുരൂഹമാണ്.

സാധാരണ തൂങ്ങി മരണങ്ങളുണ്ടായാൽ അത് സ്വയം തൂങ്ങിമരിച്ചതാണെന്ന് പൊലീസ് എഫ് ഐ ആറിൽ എഴുതാറില്ല. എന്നാൽ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇട്ട ആദ്യ എഫ് ഐ ആറിൽ സ്വയം തൂങ്ങിമരിക്കുകയായിരുന്നു സിദ്ധാർത്ഥ് എന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ആത്മഹത്യയായി പരിഗണിച്ചാൽ മതിയെന്ന സന്ദേശം പൊലീസിന് അപ്പോഴേ കിട്ടിയിരൂന്നു. സിദ്ധാർത്ഥിന്റെ ദേഹത്ത് ക്രൂര മർദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നു. അതിൽ നിന്ന് തന്നെ എഫ് ഐ ആറിൽ സ്വയം തൂങ്ങിമരണമെന്ന് എഴുതുക അസാധ്യമാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ അതുറപ്പിക്കാൻ പറ്റൂ. പക്ഷേ പൂക്കോട് ക്യാമ്പസിൽ അന്വേഷണത്തിന് എത്തിയവർ ആദ്യമേ തൂങ്ങി മരണമാക്കി എല്ലാം അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നിൽ കോളേജിലെ ഇടത് അദ്ധ്യാപക സംഘടനാ നേതാക്കളുടെ ഇടപെടലുമുണ്ടായിരുന്നു.

ആരാണ് സിദ്ധാർത്ഥിനെതിരെ പരാതി കൊടുത്തതെന്ന് അറിയാനുള്ള അവകാശം സിദ്ധാർത്ഥിന്റെ മാതാപിതാക്കൾക്കുണ്ട്. ആ പരാതിയിലെ വിശദാംശങ്ങളും. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും പെൺകുട്ടിയുടെ പരാതി പരാമർശ വിധേയമാണ്. ഈ സാഹചര്യത്തിൽ എന്തായിരുന്നു ആ പരാതിയെന്നും പരാതിക്കാരിയാരെന്നും സിദ്ധാർത്ഥന്റെ കുടുംബം ചോദിക്കുന്നുണ്ട്. എന്നാൽ ഈ പെൺകുട്ടിയെ കുറിച്ചുള്ള ഒരു സൂചനയും പൊലീസ് ബന്ധുക്കൾക്ക് നൽകുന്നില്ല. പൊലീസുകാരിയുടെ മകളാണ് ഈ കുട്ടിയെന്ന് കുടുംബം പല വിധ അന്വേഷണത്തിലൂടെ മനസ്സിലാക്കിയതാണ്.

സിദ്ധാർത്ഥിനെ കൈകാര്യം ചെയ്യാനുള്ള ക്വട്ടേഷൻ അഖിലിനാണ് പെൺകുട്ടി നൽകിയെന്ന സൂചനകളാണ് പുറത്തു വരുന്നത്. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചത്. ഈ മാസം അഞ്ചു മുതൽ പത്ത് വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടർ അറിയിച്ചു. പരീക്ഷകളും മാറ്റി വച്ചു. ഇതിനിടെ സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തിരുന്നു. എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണക്ക് ഇരയായി സിദ്ധാർത്ഥിന് മർദ്ദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. അധികൃതരെ വിവരം അറിയിക്കാത്തതിനാണ് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥികൾക്കുൾപ്പെടെയാണ് സസ്പെൻഷൻ. ആകെ 130 വിദ്യാർത്ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഇതെല്ലാം വിദ്യാർത്ഥികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് വകവച്ചിട്ടുണ്ട്.

അതിനിടെ പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ നടപടികൾ തുടരുന്നു. കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാൻസലർ തള്ളിയിരുന്നു. ഇതോടെ ഡീനിനെ കേസിൽ പ്രതിയാക്കണമെന്ന ആവശ്യം ശക്തമാകും. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം വിസി തള്ളി. മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ സാധ്യമായതെല്ലാം ചെയ്‌തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്.

അതുപോലെതന്നെ ആത്മഹത്യയാണെന്ന മുൻവിധിയോട് കൂടിയുള്ള സമീപനമാണ് തുടക്കം മുതൽ ക്യാമ്പസ് ഡീൻ എം.കെ നാരായണൻ സ്വീകരിച്ചതും. കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിക്കൊണ്ട് ഫെബ്രുവരി 22 ന് ഡീൻ പുറത്തിറക്കിയ ഉത്തരവിലും ബോധപൂർവ്വം തന്നെ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതാണെന്ന് രേഖപ്പെടുത്തിയതും ദുരൂഹത വർധിപ്പിക്കുന്നു. ഫെബ്രുവരി 24ന് ശേഷമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും പുറത്ത് വന്നത് എന്നതും ഇവിടെ പ്രസക്തമാണ്. അത് പോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുള്ള സിദ്ധാർത്ഥന്റെ ചിത്രവും ചില സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവെക്കുന്നതാണ്.

എസ്എഫ്‌ഐ നേതാക്കളായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ തന്നെ പറയുന്നതനുസരിച്ച് വിവസ്ത്രനാക്കി മർദ്ദിച്ചുവെന്ന് വ്യക്തമാണ്. അതേ രീതിയിൽ വിവസത്രനായി തന്നെയാണ് സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇവിടെ മൃതദേഹം കണ്ട ടോയ്ലറ്റും സിദ്ധാർത്ഥന്റെ മുറിയും തമ്മിൽ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാർത്ഥൻ നടന്നുവന്ന് ആത്മഹത്യ ചെയ്തു എന്നതും വിശ്വസനീയമല്ല. പ്രത്യേകിച്ചും രണ്ട് ദിവസങ്ങളായി നിരന്തരം മർദ്ദനങ്ങൾ ഏറ്റ് അവശ നിലയിലുള്ള ഒരാൾ. പൊലീസ് രേഖകൾ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളിൽ മൃതദേഹം വൈത്തിരി ആശുപത്രിയിൽ നിന്നും ബത്തേരിയിലേക്ക് മാറ്റിയിട്ടുമുണ്ട്.

ഇതിനിടയിൽ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ ഉദ്ദേശം 3.30 ന് ക്യാമ്പസ് ഡീനിനേയും മറ്റു വിദ്യാർത്ഥികളെയും വൈത്തിരി പൊലീസ് സ്റ്റേഷനിൽ വച്ച് കാണുകയും ചെയ്തിട്ടുണ്ട്. ആ സമയത്താണ് സംഭവം സിദ്ധാർത്ഥന്റെ വീട്ടിൽ അറിഞ്ഞു എന്ന് ആംബുലൻസ് ഡ്രൈവറിൽ നിന്നും ഡീനിന് മനസ്സിലാവുന്നത്. അത് പോലെ തന്നെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫെബ്രുവരി 22ന് അനുശോചന യോഗം എന്ന പേരിൽ നടന്ന മുൻകരുതൽ യോഗത്തിലെ ഡീനിന്റെ പ്രസംഗവും ഞെട്ടിക്കുന്നതും ദുരൂഹതകൾ നിറഞ്ഞതും സംഭവത്തിൽ ഡീൻ ഉൾപ്പടെയുള്ളവരുടെ പങ്ക് വെളിവാക്കുന്നതുമാണെന്നും ആരോപണമുണ്ട്.