കൊച്ചി: തിരുവനന്തപുരത്തെ സ്പോർട്സ് സമ്മിറ്റിന് പിന്നിൽ കൊച്ചിയിലെ ഭൂമി തരംമാറ്റൽ തന്ത്രമോ? നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിൽ ദേശീയപാത 544-നോട് ചേർന്നുള്ള അറുപത് ഏക്കർ വസ്തുവിന്റെ ഭൂമി തരംമാറ്റിയെടുക്കുകയും ഇതിലൂടെ ചിലർ ലക്ഷ്യമിടുന്നുവെന്നതാണ് മറുനാടൻ അന്വേഷണം വ്യക്തമാക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) കൊച്ചിയിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടിലെ അന്വേഷണമാണ് പാടം നികത്തിലിലേക്ക് എത്തുന്നത്.

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണിയാനുള്ള നീക്കങ്ങൾ സജീവമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ വർഷം ജനുവരിയിൽ നടപടികൾ തുടങ്ങിയിരുന്നു. എറണാകുളം ജില്ലയിൽ സ്റ്റേഡിയം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ താത്പര്യമറിയിച്ച് കെസിഎ പത്രപരസ്യം നൽകുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കളം ഒരുക്കുന്നതിന് 20 മുതൽ 30 ഏക്കർ സ്ഥലമാണ് ആവശ്യമായിട്ടുള്ളത്. ഭൂമി നൽകാൻ താത്പര്യമുള്ളവർക്ക് കെസിഎ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നാണ് അന്ന് പരസ്യം പറഞ്ഞത്. ഇതിൽ നിന്ന് തന്നെ 30 ഏക്കർ മതിയാകും ക്രിക്കറ്റിന് എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് അറുപത് ഏക്കറിലെ ബാക്കിയുള്ള 30 ഏക്കർ കൂടി നികത്താനുള്ള ശ്രമം ദുരൂഹമാകുന്നത്.

നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിൽ ദേശീയപാത 544-നോട് ചേർന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാർ (എം.ഒ.യു) ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ഈ ഭൂമി വില കൊടുത്ത് വാങ്ങിയിട്ടില്ല. സർക്കാരിനെ കൂടി പങ്കാളിയാക്കി പൊതു വികസന പദ്ധതിയാക്കി ക്രിക്കറ്റ് സ്റ്റേഡിയത്തെ മാറ്റാനാണ് നീക്കം. നേരത്തെ കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി പലവിധ വിവാദങ്ങളുണ്ടായിരുന്നു. അന്നെല്ലാം ഇതിൽ പൊതുതാൽപ്പര്യമില്ലെന്ന് പറഞ്ഞവരാണ് കെസിഎക്കാർ. എന്നാൽ പൊതു ആവശ്യത്തിനായി അത്താണിയിലെ ഭൂമി തരം മാറ്റാനാണ് നീക്കം. പൊതു ആവശ്യത്തിനായി ഭൂമി തരംമാറ്റാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കായിക വികസനത്തിന്റെ പേരിൽ ഇത് അംഗീകരിക്കപ്പെടും.

സ്പോർട്സ് സിറ്റി പദ്ധതി എന്ന നിലയിൽ സ്പോർട്സ് സമ്മിറ്റിനോട് അനുബന്ധിച്ച് സംസ്ഥാനസർക്കാരാണ് സ്റ്റേഡിയത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുക. കെ.സി.എ. ഭാരവാഹികളും കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അറുപത് ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിൽ 30 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുക. ബാക്കിസ്ഥലം പരിശീലനസൗകര്യം ഉൾപ്പെടെയുള്ള അനുബന്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ഇവിടെ ആശുപത്രികൾ അടക്കം ഉയരാൻ സാധ്യതയുണ്ട്. ഭൂമി തരം മാറ്റി കിട്ടിയാൽ അറുപത് ഏക്കറിൽ മുപ്പത് ഏക്കർ മാത്രമേ കെ സി എ ഏറ്റെടുക്കൂ. ബാക്കിയുള്ള ഭൂമി നിലവിലെ ഉടമസ്ഥർ തന്നെ കൈവശം വയ്ക്കാനും സാധ്യത ഏറയാണ്.

അതായത് ഭൂമി മാഫിയയുടെ റിയൽ എസ്റ്റേറ്റ് മാഫിയയുടെയും തന്ത്രമാണ് ഈ നീക്കത്തിന് പിന്നിൽ. ഇതിന് നിയമ സാധുത നൽകാൻ വേണ്ടി കൂടിയാണ് സ്പോർട്സ് സമ്മിറ്റ് നടത്തുന്നത്. ഈ ഭൂമി കിൻഫ്രയ്ക്ക് കൈമാറാൻ നീക്കമുണ്ടായിരുന്നു. എന്നാൽ ഭൂമി തരംമാറ്റുകയെന്ന പ്രശ്‌നം മനസ്സിലാക്കി കിൻഫ്ര അതിൽ നിന്നും പിന്മാറി. ഇതിന് ശേഷമാണ് കെസിഎയെ സമീപിക്കുന്നത്. ഏഴ് സ്വകാര്യ വ്യക്തികളുടേയും മൂന്ന് സ്വകാര്യ കമ്പനികളുടേയും ഉടമസ്ഥതയിലാണ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ 60 ഏക്കറിലേറെ ഭൂമി. ക്രിക്കറ്റ് അസോസിയേഷന് 30 ഏക്കർ നൽകിയാലും ഭൂമി തരം മാറ്റി കിട്ടുന്ന ബാക്കിയുള്ള ഭൂമിയിൽ ഇവർക്ക് റിയൽ എസ്‌റ്റേറ്റ് അടക്കമുള്ള ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കാം.

ഈ ഭൂമി പൊതു ആവശ്യത്തിനായി കൈമാറാൻ ഭൂവുടമകൾ ചേർന്ന് കൺസോർഷ്യം രൂപവത്കരിച്ചിരുന്നു. തുടർന്നാണ് കെ.സി.എയുമായി ചർച്ചകൾ ആരംഭിച്ചത്. ഒരുഘട്ടത്തിൽ ജി.സി.ഡി.എ. ഉൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമായിരുന്നു. ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മാത്രം വേണ്ടി വരുന്ന ഭൂമിയെ പൊതു ആവശ്യത്തിന് തരം മാറ്റി നൽകാനും സർക്കാരിന് കഴിയും. എന്നാൽ വമ്പൻ ഗ്രൂപ്പുകൾ ഇടപെട്ട് നടത്തുന്ന ഈ ഇടപാടിൽ സർക്കാരിന് മുന്നിൽ സമ്മർദ്ദം ഏറെയാണ്. സംസ്ഥാനത്തിന്റെ കായികവിഭവശേഷി അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള) കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ക്രിക്കറ്റ് സ്‌റ്റേഡിയവും അജണ്ടയിലുണ്ട്.

ഇടക്കൊച്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയം എന്ന സ്വപ്നം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തം സ്റ്റേഡിയത്തിനായി കെ.സി.എ. പുതിയ സ്റ്റേഡിയത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. രണ്ട് വർഷം മുമ്പുതന്നെ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. ബി.സി.സിഐ. സെക്രട്ടറി ജെയ്ഷാ കൊച്ചിയിലെത്തിയപ്പോഴാണ് നെടുമ്പാശ്ശേരിയിലെ ഭൂമി കാണുന്നത്. അന്ന് തന്നെ അദ്ദേഹം ഇത് ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കെ.സി.എ. ഭാരവാഹികളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി മുമ്പോട്ട് പോകുന്നതെന്നാണ് കെസിഎ നൽകുന്ന വിശദീകരണം.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലം. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ സമീപത്തുണ്ട്. അതിനാൽത്തന്നെ താരങ്ങൾക്ക് ഇവിടേക്ക് എത്താൻ എളുപ്പമാണ്. മത്സരം കാണാനായി എത്തുന്നവർക്ക് വന്നുപോകാനുള്ള യാത്രാസൗകര്യവുമുണ്ട്. ഇക്കാരണങ്ങളാലാണ് കെ.സി.എ. നെടുമ്പാശ്ശേരിയിലെ ഭൂമിയിൽതന്നെ സ്റ്റേഡിയം നിർമ്മിക്കാൻ താൽപര്യപ്പെടുന്നത്. എന്നാൽ വിമാനത്താവളത്തിന് തൊട്ടടുത്ത് സ്‌റ്റേഡിയം പ്രായോഗികമാണോ എന്ന സംശയവും ഉണ്ട്.