- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരന്തരം ഡ്രഗ് ഉപയോഗിക്കുന്ന ഒരാളുടെ രക്തത്തിൽ ചുവന്ന രക്താണക്കൾക്കു രൂപ മാറ്റവും വലിപ്പ വ്യത്യാസവുമുണ്ടാകും; ഡെഡ് ടിഷ്യൂവായ മുടിയും നഖവും പരിശോധിച്ചാൽ ഒന്നര മാസത്തിനിടെയുള്ള മയക്ക് മരുന്ന് ഉപയോഗം ഉറപ്പാക്കാം; പരിശോധനാ ഫലം പോസ്റ്റീവ് ആയാൽ നടൻ കുടുങ്ങും; ശ്രീനാഥ് ഭാസിക്ക് ഇനി നിർണായക ദിനങ്ങൾ
കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽവിട്ടുവെങ്കിലും നടനെതിരെ പൊലീസ് നടത്തിയ നിർണ്ണായക നീക്കം വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിൽ തന്നെ. ലഹരി മരുന്ന് ശ്രീനാഥ് ഭാസി ഉപയോഗിച്ചോ എന്നും പരിശോധിക്കാനാണ് നഖവും വേരോട് കൂടിയ മുടിയും രക്തവും പൊലീസ് ശേഖരിച്ചത്. തന്ത്രപരമായിട്ടാണ് ഇതു ചെയ്തത്. ഈ സാമ്പിൾ പരിശോധനയ്ക്ക് അയച്ചുവെന്നാണ് അറിയുന്നത്.
ഫോറിൻസിക് ലാബോറട്ടറിയിലോ ചീഫ് കെമിക്കൽ എക്സാമിനറുടെ ഓഫീസിലോ പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. നിരന്തര ഡ്രഗ് ഉപയോഗിക്കുന്ന ഒരാളുടെ രക്തത്തിൽ ചുവന്ന രക്താണക്കൾക്കു രൂപ മാറ്റവും വലിപ്പ വ്യത്യാസവുമുണ്ടാകും. 90 ദിവസമാണ് ചുവന്ന രക്താണക്കളുടെ ആയുസ്. അതനുസരിച്ചാണ് രക്ത പരിശോധനയിൽ മൂന്നു മാസത്തെ സാധ്യത കാണുന്നത്. കൂടാതെ ശരീരത്തിലെ ഡെഡ് ടിശ്യൂസ് ആയ തലമുടി, നഖം എന്നിവ പരിശോധിച്ചാലും മയക്കു മരുന്ന് ഉപയോഗം സംബന്ധിച്ച വ്യക്തമായ വിവരം കിട്ടും. പരിശോധനയിൽ ഒരാൾ നിരന്തരം മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളണോ ഒരു പ്രത്യേക സമയത്തു മാത്രമേ ഉപയോഗിച്ചുള്ളോ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനാകും. എന്നാൽ ഒന്നര മാസത്തിനുള്ളിലെ വിവരങ്ങളെ ലഭിക്കു.
പരമാവധി ആറു മാസം വരെയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൃത്യത ഉറപ്പാക്കാൻ വീണ്ടും സൂഷ്മ പരിശോധന നടത്തണ്ടതായി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീനാഥ് ഭാസി ഡ്രഗ് അഡിക്ട് ആണെന്ന് തെളിഞ്ഞാൽ മറ്റൊരു കേസു കൂടി എടുക്കാനാണ് പൊലീസിന്റെ നീക്കം. ഇത് ജാമ്യം കിട്ടുന്ന വകുപ്പായിരിക്കില്ല. മാത്രമല്ല ഡ്രഗ് എവിടന്ന് കിട്ടിയെന്ന കാര്യവും ശ്രീനാഥ് ഭാസിക്ക് പൊലീസിനോടു തുറന്ന പറയേണ്ടി വരും. അതു കൊണ്ട് തന്നെ പല വമ്പൻ സ്രാവുകളും കുടുങ്ങാനും സാധ്യതയുണ്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരകയുടെ പരാതി. എന്നാൽ ലഹരി ഉപയോഗത്തിൽ പരാതി നൽകിയില്ല.
പക്ഷേ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളെത്തി. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നിർണ്ണായക നീക്കമുണ്ടായത്. ജാമ്യം നൽകാവുന്ന വകുപ്പുകളിലാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പൊലീസ നടത്തിയ അസാധാരണ നീക്കം ശ്രീനാഥ് ഭാസിയേയും ഞെട്ടിച്ചു. ജാമ്യം കൊടുക്കുന്ന കേസുകളിൽ സാധാരണ ഇങ്ങനെ ചെയ്യാറില്ല. മെഡിക്കൽ പരിശോധനയ്ക്കായി ശ്രീനാഥ് ഭാസിയെ ആശുപത്രിയിൽ എത്തിച്ചു. ഇതിനെ എതിർക്കാൻ നടനുമായില്ല. തൃപ്പുണ്ണിത്തുറ ആശുപത്രിയിൽ എത്തിച്ച് മുടിയും നഖവും രക്തവും ശേഖരിച്ചു. അവതാരകയെ ചീത്ത പറഞ്ഞതിൽ വേണമെങ്കിൽ ജാമ്യമില്ലാ കുറ്റം പൊലീസിന് ചുമത്താമായിരുന്നു.
എന്നാൽ ചില സമ്മർദ്ദം കാരണം അതിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മയക്കു മരുന്ന് ഉപയോഗ പരിശോധന നടത്താനുള്ള നീക്കം ഉണ്ടായത്. ഇതും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ പരിശോധനയിൽ ശ്രീനാഥ് ഭാസി മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ അത് നടനും ആശ്വാസമാകും. സിനിമയിൽ ലഹരി മാഫിയ സജീവമാണെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് കൂടിയാണ് ഈ നടപടി. തിങ്കളാഴ്ച രാവിലെ 10-ന് സ്റ്റേഷനിൽ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് മരട് പൊലീസ് നിർദ്ദേശിച്ചത്. കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതോടെ ഒരുമണിയോടെ നടൻ സുഹൃത്തുക്കൾക്കൊപ്പം ഹാജരാവുകയായിരുന്നു. ചോദ്യംചെയ്തശേഷം അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. വൈകീട്ടോടെയാണ് നടനെ ജാമ്യത്തിൽവിട്ടത്.
അവതാരകയുടെ പരാതിയിൽ ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യും. അഭിമുഖം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെയാണ് പൊലീസ് ചോദ്യം ചെയ്യുക. ക്രൗൺ പ്ലാസ ഹോട്ടലിലായിരുന്നു സംഭവം. ചോദ്യം ചെയ്യലിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ ആരോപണങ്ങളെ നടൻ തള്ളിക്കളഞ്ഞു. അസഭ്യമായി താൻ അവതാരകയോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പൊലീസിന് നൽകിയ മറുപടി. അതേ സമയം ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, നടനും സിനിമയുടെ നിർമ്മാതാവിനും, സിനിമയുടെ പിആർഒക്കും കത്ത് അയക്കാൻ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നത്.
വനിതാകമ്മിഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മാധ്യമപ്രവർത്തക പരാതി നൽകിയിട്ടുണ്ട്. ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് നടപടികൾ. ശ്രീനാഥ് ഭാസിയുടെ അധിക്ഷേപത്തിൽ മരട് പൊലീസ് പരാതിക്കാരിയുടെ മൊഴി എടുത്തിരുന്നു. അതിരുവിട്ട തരത്തിലെ തെറിവിളിയാണ് നടൻ നടത്തിയത്. ഈ സാഹചര്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഗുരുതര ആരോപണമാണ് മാധ്യമ പ്രവർത്തക ഉയർത്തുന്നത്. കേട്ട ചീത്തകൾക്ക് മാപ്പു പറയണമെന്ന മാധ്യമ പ്രവർത്തകയുടെ ആവശ്യം പോലും ശ്രീനാഥ് ഭാസി കേട്ടില്ല. ഇതാണ് കേസിലേക്ക് എത്തിച്ചത്.
ചട്ടമ്പി സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് ചീത്തവിളി നടന്നത്. ഒരു ചോദ്യത്തിന് ശേഷം ഇംഗ്ലീഷിൽ പച്ച തെറി വിളിച്ചു കൊണ്ട് പൊട്ടിതെറിക്കുകയായിരുന്നു നടൻ. സ്ത്രീയുടെ മുഖത്ത് നോക്കി പറയാൻ പാടില്ലാത്തതാണ് വിളിച്ചത്. അതിന് ശേഷം ക്യാമറാമാനെ കൊണ്ട് നിർബന്ധിച്ച് ക്യാമറ ഓഫാക്കി. പിന്നെ വലിയ തെറി വിളിയും നടത്തി. മൂന്ന് ക്യാമറകളും ഓഫ് ചെയ്തുവെന്ന് ഉറപ്പാക്കിയായിരുന്നു ഇത്. എന്നാൽ പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നു തന്നെ അനാവശ്യ പ്രകോപനമാണ് നടൻ നടത്തിയതെന്ന് വ്യക്തമാണ്. അതിൽ നിന്ന് തന്നെ പിന്നീട് നടന്ന ചീത്ത വിളിയുടെ തീവ്രതയും വ്യക്തമാകും. വെറും മൂന്നാംകിട കുടിയന്മാർ വിളിക്കുന്നതിന് സമാനമായ പദപ്രയോഗമാണ് ശ്രീനാഥ് ഭാസിയിൽ നിന്നുണ്ടായത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്