തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎയ്ക്കും മൂന്നു അഭിഭാഷകർക്കും എതിരെ പരാതിക്കാരി നൽകിയ മൊഴി പുറത്ത്. വസ്ത്രം വലിച്ചു കീറി, വക്കീൽ ഓഫീസിൽ പൂട്ടിയിട്ട് മുദ്രപത്രത്തിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി, ദേഹോപദ്രവം ഏൽപ്പിച്ചു തുടങ്ങിയവയാണ് മൊഴിയിലെ പ്രസക്ത ഭാഗങ്ങൾ.

മൊഴി ഇങ്ങനെ:- ഒക്ടോബർ എട്ടിന് കുന്നപ്പള്ളിയുടെ സുഹൃത്ത് അരുൺ ആവശ്യപ്പെട്ടത് പ്രകാരം പരാതിക്കാരി അഡ്വ. അലക്‌സിനെ ഫോണിൽ വിളിക്കുകയും ഫോൺ കട്ട് ചെയ്ത ശേഷം തിരിച്ചുവിളിച്ച അഡ്വ അലക്‌സ്, എൽദോസ് കുന്നപ്പള്ളിക്കെതിരെ കോവളം സ്റ്റേഷനിൽ നലകിയ പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പരാതിക്കാരിയുടെ മകനെയും അമ്മയെയും അപായപെടുത്തുമെന്നും അതിനുള്ള ആൾക്കാരെ എംഎൽഎ റെഡിയാക്കി നിർത്തിയിട്ടുണ്ടെന്നും അല്ലെങ്കിൽ അടുത്ത ദിവസം എൽദോസ് വിളിക്കുമ്പോൾ പറയുന്നതുപോലെ ചെയ്യണമെന്നും ഭീഷണിപ്പെടുത്തി.

9ന് രാവിലെ 6.30ന് എൽദോസ് പരാതിക്കാരിയെ ഫോണിൽ വിളിച്ച് അഡ്വ. അലക്‌സ് വിളിച്ചത് താൻ പറഞ്ഞിട്ടാണെന്നും കോവളം സ്റ്റേഷനിൽതനിക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നും ഇക്കാര്യം സംസാരിക്കാനായി ജിഷ്ണു എന്നയാളെ കാറുമായി അയക്കുമെന്നും അതിൽ വരണമെന്നും അല്ലെങ്കിൽ അമ്മയും മകനെയും അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഈ വിവരം പരാതിക്കാരി സുഹൃത്തായ ആനന്ദിനെ അറിയിക്കുകയും തുടർന്ന് ജിഷ്ണുവിനൊപ്പം കാറിൽ കയറുകയും ചെയ്തു. പാളയത്തിനു സമീപം എത്തുമ്പോൾ എൽദോസ് കാറിൽ കയറുകയും ജിഷ്ണുവിനെ ഒഴിവാക്കി വാഹനം വിഴിഞ്ഞത്തേക്ക് ഓടിക്കുകയും ചെയ്തു.

അവിടെ എത്തിയ ശേഷം പിന്നീട് എംഎൽഎ വഞ്ചിയൂരിലെ ത്രിവേണി ഹോസ്പിറ്റലിന് എതിർവശത്തുള്ള അഡ്വ. സുധീറിന്റെ വക്കീൽ ഓഫീസിലേക്ക് തന്നെയും കൊണ്ട് വന്നു. അവിടെ അഡ്വ. സുധീറിനെ കൂടാതെ അഡ്വ. അലക്‌സ്, അഡ്വ. ജോസ് എന്നിവരും ഉണ്ടായിരുന്നു. ഓഫീസിനുള്ളിൽ കയറിയ ഉടൻ അഡ്വ. സുധീർ വാതിൽ കുറ്റിയിട്ടു. അവർ ആവശ്യപ്പെട്ട പ്രകാരം ഓഫീസിലെ ക്യാബിനുള്ളിലെ കസേരയിൽ ഞാൻ ഇരുന്നു. എന്റെ ഇടതു ഭാഗത്തായി എംഎൽഎയും അതിന് അടുത്തായി ജോസും എതിർവശത്തുള്ള മേശയ്ക്കപ്പുറത്തുള്ള കസേരയിൽ അഡ്വ. അലക്‌സും ഇരുന്നു.

അഡ്വ. സുധീർ പുറകിലായി നിന്നു. അഡ്വ. അലക്‌സ് സ്വയം പരിചയപ്പെടുത്തിയ ശേഷം കൂടെയുള്ള അഡ്വക്കേറ്റുമാരെയും പരിചയപ്പെടുത്തി. അതിനുശേഷം ഞാൻ എംഎൽഎയ്‌ക്കെതിരെ കോവളം സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ നിങ്ങളുടെ മകന്റെയും അമ്മയുടെയും കാര്യങ്ങൾ ബുദ്ധിമുട്ടാക്കുമെന്നും എംഎൽഎ വിചാരിച്ചാൽ നിങ്ങളെ ഹണി ട്രാപ്പിൽ പ്പെടുത്തി ജയിലിൽ അടയ്ക്കുമെന്നും അതുകൊണ്ട് ഞങ്ങൾ തയ്യാറാക്കിയ മുദ്രപത്രത്തിൽ ഒപ്പിട്ട് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പറഞ്ഞ് അഡ്വ. അലക്‌സ് എന്നെ ഭീഷണിപ്പെടുത്തി.

അവർ നൽകിയ മുദ്രപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ മുപ്പത് ലക്ഷം രൂപ നൽകാമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും എന്നോടാവശ്യപ്പെട്ടു. അതിനു ഞാൻ വഴങ്ങാത്തതുകൊണ്ട് എംഎൽഎ പെട്ടെന്ന് കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് എടീ --- മോളെ എന്ന് പറഞ്ഞ് അനുസരിക്കാൻ പറ്റില്ലേ എന്ന് അസഭ്യം പറഞ്ഞുകൊണ്ട് എന്റെ തല പിടിച്ച് മുന്നോട്ട് താഴ്‌ത്തിയ ശേഷം കൈമടക്കി എന്റെ കഴുത്തിന് താഴെയായി ശക്തിയായി ഇടിച്ചു, ഇടികൊണ്ട് ഞാൻ കമിഴ്ന്ന് വീഴാൻ പോയപ്പോൾ എം.എൽഎ എന്റെ ചുരിദാറിലും തലമുടിയിലും വലിച്ച് പിടിക്കുകയും അപ്പോൾ എനിക്ക് ശ്വാസം മുട്ടുകയും എന്റെ ചുരിദാറിന്റെ പുറക് വശം കീറുകയും ചെയ്തു.

അതിനു ശേഷം എംഎൽഎ എന്റെ തലമുടിയിലും ചുരിദാറിലും ബലമായി പിടിച്ച് മുദ്രപത്രത്തിൽ ഒപ്പിടാൻ ബലം പ്രയോഗിച്ചു. ആ സമയം മുദ്രപത്രത്തിൽ എഴുതിയിരുന്നത് കുറച്ച് എനിക്ക് വായിക്കുവാൻ കഴിഞ്ഞു. വായിച്ചു നോക്കിയപ്പോൾ എംഎൽഎയുടെ പിആർ വർക്കിനുവേണ്ടി വർക്ക് ചെയ്തിരുന്ന ആളാണെന്നും ശമ്പളം തരാത്തതുകൊണ്ടാണ് എംഎൽഎയ്‌ക്കെതിരെ കള്ള കേസ് കൊടുത്തത് എന്നും എഴുതിയത് കണ്ടു. അതുകൊണ്ട് ഞാൻ അതിൽ ഒപ്പിടാൻ വിസമ്മതിച്ചു. അപ്പോൾ എംഎൽഎ കൂടുതൽ ക്ഷുഭിതാനായി എന്റെ ഷോൾ അടക്കം കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും കൂടെയുണ്ടായിരുന്ന വക്കീലനമ്മർ വിടാൻ പറഞ്ഞപ്പോൾ അയാൾ എന്നെ ശക്തിയായി തറയിലേക്ക് തള്ളിയിട്ടു. ആ വീഴ്ചയിൽ എന്റെ കൈമുട്ടിന് പരിക്കുപറ്റി.

ഞാൻ ഭയന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അഡ്വ. സുധിറും, ജോസും എന്നെ തടയുകയും ഡോറിനോട് ചേർന്നുള്ള ഒരു കുഷ്യൻ സീറ്റിൽ പിടിച്ചിരുത്തുകയും ചെയ്തു. ഈ സമയം സുധീർ വക്കീൽ ഡോർ തുറന്ന് കൊടുത്തപ്പോൾ ഒരാൾ മൊബൈൽ ഫോണുമായി അകത്ത് കടന്ന് വരുകയും പ്രസ്സ് മലയാളം ചാനൽ റിപ്പോർട്ടർ രാഗം രാധാകൃഷ്ണനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുകയും അയാൾ മൊബൈൽ ഫോണിൽ എന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

എംഎ‍ൽഎ വലിച്ചു കീറിയ ചുരിദാറാണ് ഞാൻ അപ്പോൾ ധരിച്ചിരുന്നത്. എംഎ‍ൽഎ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ഈ വീഡിയോ ചാനലിലൂടെ കാണിച്ച് നിന്നെ ഹണിട്രാപ്പിൽ പ്പെടുത്തുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. പിന്നീട് അവർ സംസാരിച്ച് നിൽക്കുമ്പോൾ ഞാൻ പെട്ടെന്ന് ഓഫീസിന്റെ പുറത്തിറങ്ങി ഓട്ടോറിക്ഷ കൈകാട്ടി അതിൽ കയറി. ഈ സമയം വക്കീലന്മാർ താഴെ എത്തി ഓട്ടോറിക്ഷ തടഞ്ഞ് നിർത്തിയിട്ട് ഓട്ടോയിൽ നിന്നും ഇറക്കി എന്നെ ഭീഷണിപ്പെടുത്തി വേറെയൊരു കാറിന്റെ മുൻ സീറ്റിൽ കയറ്റി. അഡ്വ. ജോസാണ് ആ കാർ ഓടിച്ചത്. അഡ്വ. സുധീറും, അലക്‌സും ആ കാറിൽ കയറി. സുധീർ കാറിന്റെ പിന്നിലാണ് ഇരുന്നത്. കാർ വഞ്ചിയൂരിൽ നിന്നും പല വഴി പോയി ലോഡ്‌സ് ആശുപത്രിക്ക് സമീപം തന്നെ റോഡിൽ തള്ളിയിട്ടശേഷം അവർ കാർ ഓടിച്ചുപോയി.