- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഒരു പോലെ പാട്ടുപാടുന്ന അമൽ സിബി
കോട്ടയം: സോഷ്യൽ മീഡിയായിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഒരു പോലെ ഗാനം ആലപിക്കുന്ന യുവാവിന്റെ വീഡിയോയാണ്. പേര് അമൽ സിബി. പൂവരണി സ്വദേശിയാണ്. സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ അമൽ ഹാപ്പിയാണ്. വ്യത്യസ്ത ശബ്ദങ്ങളിൽ പാടാൻ ഇടയായ സാഹചര്യം അമൽ മറുനാടൻ മലയാളിയുമായി പങ്കുവച്ചു.
എങ്ങനെ സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഒരു പോലെ പാട്ടുപാടാൻ കഴിയുന്നു എന്നുചോദിച്ചാൽ, എങ്ങനെയൊക്കെയോ കഴിയുന്നു എന്നാണ് അമൽ പറയുന്നത്. ചെറുപ്പം തൊട്ടേ ഇതിനു വേണ്ടി പരിശ്രമിക്കുന്നു. മിമിക്രിക്ക് വേണ്ടി നോക്കിയിട്ടില്ല, വെറുതെ ഇമിറ്റേറ്റ് ചെയ്യുന്നു എന്നാണ് ഈ യുവാവ് പറയുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടിട്ട് ഒരാഴ്ച ആകുന്നേയുള്ളു. ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഒരു ഗാനമേള പ്രാക്ടീസിന് പോയപ്പോഴാണ് പരീക്ഷണത്തിന് പ്രചോദനം കിട്ടിയത്. സുഹൃത്തുക്കൾ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ പാടാമോ ചോദിച്ചപ്പോൾ പാടിയതാണ്. അത് ഒരാൾ വീഡിയോ എടുത്തിട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടു. അപ്പോൾ അത് വൈറലായി. അതോടെ, ഒരു കൈ നോക്കാമെന്നായി. ജീവാംശമായി എന്ന പാട്ടാണ് അന്ന് പാടിയത്. പുതുമഴയായി വന്നു എന്ന പാട്ടാണ് സ്വന്തം അക്കൗണ്ടിൽ ആദ്യം വൈറലായത്. പിന്നീട് ഇട്ടത് മീശ മാധവൻ സിനിമയിലെ കരിമിഴി കുരുവിയെ കണ്ടീലാ.. എന്ന ഗാനമാണ്.
7 വർഷത്തോളം കർണാട്ടിക് സംഗീതം പഠിച്ചിട്ടുണ്ട്. ഇപ്പോഴും പ്രാക്ടീസ് ഉണ്ട്. അമൽ ഗാനമേള ട്രൂപ്പിന്റെ കൂടെ പോകാറുണ്ട്. ചിലപ്പോൾ സുഹൃത്തുക്കളെ പറ്റിക്കാൻ സ്ത്രീശബ്ദത്തിൽ പ്രാങ്ക് നടത്തുന്ന കുസൃതിക്കാരനുമാണ് അമൽ.
അച്ഛൻ, അമ്മ, സഹോദരി ഇവരടങ്ങിയതാണ് അമലിന്റെ കുടംബം. അച്ഛൻ ഫുഡ് കമ്പനിയിലാണ്. അമ്മയ്ക്ക് ബോട്ടിക്കിലാണ് ജോലി. ചേച്ചി സിഎ പരിശീലനം നടത്തുന്നു. പ്ലസ്ടു കഴിഞ്ഞ് ജർമ്മൻ പഠിക്കുകയാണ് അമൽ. അഫ്ല എന്ന ഇൻസ്റ്റിറ്റ്യൂട്ടിലാണ് പഠനം. ജർമ്മനിയിൽ ജോലി തേടി പോകുകയാണ് ലക്ഷ്യം. വലിയ ഒരു പാട്ടുകാരനാകാനാണ് അമലിന്റെ ആഗ്രഹം എന്നത് പറയേണ്ടതില്ലല്ലോ.