കണ്ണൂർ: വിമാനത്തിലെ കാബിൻ ക്രൂമാരെ ഉപയോഗിച്ചുള്ള സ്വർണ്ണ കടത്തിന് പിന്നിൽ തില്ലങ്കേരി ഗ്യാങോ? ഈ സംശയത്തിലേക്കാണ് ഡിആർഐ അന്വേഷണം നീളുന്നു. ആയങ്കിയിലെ വില്ലന്മാരേയും സംശയമുണ്ട്. നിർണ്ണായക വിവരങ്ങൾ എയർ ഹോസ്റ്റസ് സുരഭി ഖത്തൂണിൽ നിന്നും ലഭിച്ചിട്ടുണ്ട്. കടത്തുന്ന സ്വർണം കണ്ണൂരിലെ ജൂവലറിയിലേക്കാണ് പോകുന്നതെന്നും സൂചനയുണ്ട്. മുമ്പും സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ആരോപണ നിഴലിൽ നിന്ന ഗ്യാങിലേക്ക് അന്വേഷണം കടക്കുകയാണ്. കണ്ണൂരിലെ സ്വർണ്ണ കടത്ത് സംഘങ്ങളിലെ ഭിന്നതയാണ് കടത്ത് പുറത്തെത്തിച്ചതെന്നും സൂചനകളുണ്ട്. കണ്ണൂരിലെ ഗ്യാങ് വാറിനും ഇതിന് കൈയുണ്ടെന്നാണ് വിലയിരുത്തൽ.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ഒരു ക്യാബിൻ ക്രൂ കൂടി അറസ്റ്റിലായിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരനായ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ് സുഹൈൽ. കൊൽക്കത്ത സ്വദേശിനിയായ എയർ ഹോസ്റ്റസ് സുരഭി ഖാത്തൂൺ കഴിഞ്ഞ ദിവസം സ്വർണക്കടത്തിന് പിടിയിലായിരുന്നു. സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചത് സുഹൈലെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. സുരഭി നിർണ്ണായക മൊഴി കേന്ദ്ര ഏജൻസിക്ക് നൽകിയിട്ടുണ്ട്. സുഹൈലിനെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് നീക്കം. എന്നാൽ സുഹൈൽ ശരിയായ വിവരങ്ങൾ കൈമാറുമോ എന്ന സംശയവും ഡി ആർഐയ്ക്കുണ്ട്.

ഇന്റലിജൻസ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ കൊൽക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന സുഹൈലിനായി ഡി.ആർ.ഐ. റിമാൻഡ് അപേക്ഷ നൽകും. വിശദ ചോദ്യം ചെയ്യൽ ആവശ്യമായ സാഹചര്യത്തിലാണ് ഇത്. ദുബായ് കേന്ദ്രീകരിച്ച് കള്ളകടത്തിന് വമ്പൻ സംഘമുണ്ടെന്നാണ് സൂചന.

മസ്‌കത്തിൽനിന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തിൽ കണ്ണൂരിലെത്തിയ സുരഭി ഖത്തൂണിൽനിന്ന് 960 ഗ്രാം സ്വർണം കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ചെടുത്തിരുന്നു. 65 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തതത്. 14 ദിവസത്തെ റിമാൻഡിലുള്ള സുരഭി നിലവിൽ കണ്ണൂർ വനിതാ ജയിലിലാണ്. മുമ്പ് പലതവണ സുരഭി സ്വർണം കടത്തിയതായി ഡി.ആർ.ഐക്ക് തെളിവുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇനി വിമാനത്തിലെ കാബിൻ ക്രൂമാരേയും വിശദ പരിശോധനയ്ക്ക് വിധേയമാക്കും.

സ്വർണം കടത്താൻ സുരഭിക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് അധികൃതർ. പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. എന്നാൽ രഹസ്യ വിവരം കണക്കിലെടുത്ത് അന്വേഷണത്തിലേക്ക് ഡി ആർ ഐ പോയി. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതികളുൾപ്പടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങൾ വിദേശത്തുണ്ട്. ഗർഭനിരോധന ഉറയ്ക്കുള്ളിലും മറ്റും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്.

അന്യവസ്തുക്കളെ പുറം തള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്. എങ്ങിൽ മാത്രമേ വിമാനത്തിൽ ഇത്തരത്തിൽ കടത്ത് സാധ്യമാകൂ. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്‌പ്രസിലെ എയർ ഹോസ്റ്റസായിരുന്നു സുരഭി. നേരത്തേയും സ്വർണക്കടത്തിന് എയർഹോസ്റ്റസുമാർ പിടിയിലായിട്ടുണ്ടെങ്കിലും മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ എയർഹോസ്റ്റസ് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.

എയർഇന്ത്യ എക്സ്‌പ്രസിന്റെ ഐ.എക്സ്. 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. 4 കാപ്‌സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് ഒളിപ്പിച്ചതെന്നു ഡിആർഐ അറിയിച്ചു. മുമ്പ് പലതവണ ഇവർ സ്വർണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്.