- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർഹോസ്റ്റസ് സുരഭി വന്മലയുടെ അറ്റം മാത്രം
കോഴിക്കോട്: കണ്ണൂർ വിമാനത്താവളത്തിൽ, 60 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന്, എയർഇന്ത്യ എക്സ്പ്രസ് എയർഹോസ്റ്റസ് കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂൺ പിടിയിലായത് കേരളത്തെ ഞെട്ടിച്ചിരുന്നു. കേസിൽ കൂടുതൽ പേർ കുടുങ്ങുന്നമെന്നാണ് അറിയുന്നത്. എയർഇന്ത്യ എക്സപ്രസിലെ സീനിയർ കാബിൻ ക്രൂ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയും പിടികൂടിയിട്ടുണ്ട്. സുഹൈലാണ് ഈ കണ്ണിയുടെ സൂത്രധാരൻ എന്ന് സംശയിക്കുന്നുണ്ട്.
സംഭവത്തിൽ ഡിആർഐ വിശദമായ അന്വേഷണം തുടങ്ങി. ഇതുവരെ ശേഖരിച്ച തെളിവ് പ്രകാരം സുരഭി ഖാത്തുൺ ഇതിനുമുമ്പും പലവതവണയായി 20 കിലോ സ്വർണം കടത്തിയിട്ടുണ്ട എന്നാണ് വിവരം. മലദ്വാരത്തിൽ 960 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. ഇതിനായി സുരഭി ഖാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് ഡിആർഐ അധികൃതർ. പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.സംഭവത്തിന് പിന്നിൽ മലബാർ മാഫിയയാണെന്നാണ് സംശയം. കാരണം ഇത് ഒരു പുതിയ സംഭവമേയല്ല. വീട്ടമ്മമാർ മുതൽ എയർഹോസ്റ്റസുമാരും ചലച്ചിത്ര നടന്മാർ വരെ ഉൾപ്പെടുന്ന വൻ റാക്കറ്റായി ഇത് മാറിക്കഴിഞ്ഞു.
എയർഹോസ്റ്റസുമാർ വലയിൽ
2017-ൽകരിപ്പൂരിൽ ഫിറമോസ സെബാസ്ററ്യൻ എന്ന എയർഹോസ്റ്റസ് ഗുഹ്യഭാഗങ്ങളിൽ ഒളിപ്പിച്ചുവെച്ച് സ്വർണം കടത്തിയതിന് പിടിയിലായതും തുടർന്നുള്ള വിവാദവും ഓർത്തുനോക്കുക. കള്ളക്കടത്തുസംഘവുമായി ചേർന്ന് വിമാനത്താവളങ്ങൾ വഴി ഫിറമോസ കടത്തിയത് കോടികൾ വിലമതിക്കുന്ന സ്വർണമാണ്. ഫിറമോസക്ക് ഒപ്പം സന്തതസഹചാരിയായ റാഹിലയും പിടിയിലായി. ഇരുവർക്കുമെതിരേ കോഫേപോസ നിയമം ചുമത്തിയിരുന്നു.അന്ന് ഇവരുടെ മലബാർ മാഫിയയുമായുള്ള ബന്ധം പുറത്തുവന്നെങ്കിലും, അന്നും ശക്തമായ അന്വേഷണം ഉണ്ടായില്ല.
ഹിറമോസ സെബാസ്റ്റ്യൻ ഡിആർഐക്ക് നൽകിയ മൊഴിയിൽ, കോഴിക്കോട് കൊടുവള്ളിയിലെ രാഷ്ട്രീയ നേതാവായ കാരാട്ട് ഫൈസലിനെക്കുറിച്ച് പറയുന്നുണ്ട്. ഇതേതുടർന്ന് ഫൈസലിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. നാലുവർഷംമുമ്പ് സിപിഎം നടത്തുന്ന ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോൾ ഫൈസലിന്റെ ഉടമസ്തതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു ജാഥ നയിക്കുന്ന അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലെ ഈ യാത്ര വൻ വിവാദമായിരുന്നു. ഇതുപോലെ ശക്തമായ രാഷ്ട്രീയ ബന്ധമുള്ള മാഫിയയാണ് ഇത്.
കോഴിക്കോട്ടെ സ്വർണ്ണക്കള്ളക്കടത്ത് രാജാവ് ഫായിസുമായി മലയാളത്തിലെ പ്രമുഖ നടികൾക്ക് ബന്ധമുണ്ടെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. ഫയാസ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചുവെന്ന് പ്രമുഖ് തെന്നിന്ത്യൻ മോഡൽ ശ്രവ്യ സുധാകർ പറഞ്ഞിരുന്ന്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിനിടെയായിരുന്നു ശ്രവ്യയുടെ വെളിപ്പെടുത്തൽ. എന്നാൽ ഇതൊന്നു പിന്നീട് മുന്നോട്ട് പോയില്ല.
ദുബായിൽ പ്രത്യേക പരിശീലനം
ഇന്ന് വീട്ടമ്മമാർ മുതൽ സിനിമാ നടിമാർവരെ സ്വർണ്ണക്കടത്തിന്റെ കാരിയർമാരാവുന്ന അവസ്ഥയാണ്. പുരുഷന്മാർ പലരും സ്വർണ്ണവുമായി മുങ്ങുന്ന അവസ്ഥയൊക്കെ ഉണ്ടായതോടെയാണ് ഇപ്പോൾ സ്ത്രീകളെയാണ് ഇവർ കൂടുതലും ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യക പരിശീലനം നൽകുന്ന സംഘങ്ങളുമുണ്ട്. ഒരു സ്റ്റേജ് ഷോയുടെയും മറ്റും മറവിലെത്തുന്ന നടിമാർക്കും ഡാൻസേഴ്സിനുമെല്ലാം എങ്ങനെ സ്വർണം കടത്തണമെന്ന് ഗൾഫിൽവെച്ചുതന്നെ പ്രത്യേക പരിശീലനം കൊടുക്കും. യോനിയിലും മലദ്വാരത്തിലുമെല്ലാം ഒളിപ്പിച്ച് കാപ്സ്യൂൾ പരുവത്തിൽ എങ്ങനെ സ്വർണം കടത്താമെന്ന് പഠിപ്പിക്കുന്നത് അവിടെയുള്ള അറബി സ്ത്രീകൾ തന്നെ. ഇതിനു കഴിയാത്തവർക്കാണ് അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിക്കുന്ന രീതി പഠിപ്പിക്കുന്നത്.
ഇപ്പോൾ പിടിയിലായ എയർഹോസ്റ്റസ് സുരഭിക്കും പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാണ്. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഗർഭനിരോധന ഉറയ്ക്കുള്ളിൽ സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്.
അടിവസ്ത്രത്തിലെ പ്രത്യേക അറക്കുള്ളിലാക്കി തരിയാക്കിയതോ മിശ്രിത രൂപത്തിലുള്ളതോ ആയ സ്വർണം കള്ളക്കടത്ത് സംഘങ്ങൾ കൈമാറുന്ന രീതിയുമുണ്ട്. കസ്റ്റംസ് ദേഹപരിശോധനയിൽ അത്രവേഗത്തിൽ പിടിവീഴില്ല. ചുരിദാർ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കാൻ സ്വർണക്കടത്തു സംഘം പ്രോൽസാഹിപ്പിക്കാറില്ല. ഗൾഫിൽ നിന്നുള്ള യാത്രയിൽ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വർണമാഫിയ തീരുമാനിക്കും. കുഴമ്പു രൂപത്തിലാക്കിയ സ്വർണക്കടത്താണ് സുരക്ഷിതം. രൂപമാറ്റം വരുത്തിയ സ്വർണം സ്ത്രീകളുടെ ദേഹത്തോട് ചേർത്ത് ഉറപ്പിച്ചു വക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ മെറ്റൽ ഡിറ്റക്ടറടക്കമുള്ള സുരക്ഷാ പരിശോധന സംവിധാനങ്ങൾക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വർണക്കടത്ത് സംഘങ്ങളുടെ ഗൾഫിലെ കേന്ദ്രങ്ങളിലുണ്ട്. ഇതിൽ ട്രയൽ എടുത്ത് വിജയിക്കുന്നവരെയാണ് നാട്ടിലേക്ക് അയക്കുക. സ്വർണം വിഴുങ്ങലും മറ്റൊരു രീതിയാണ്. പക്ഷേ ഇത് റിസ്ക്കുള്ളതിനാൽ ഇപ്പോൾ അങ്ങനെ പ്രോൽസാഹിപ്പിക്കാറില്ല.
ചോക്ലേറ്റിൽ ഒളിപ്പിച്ച സ്വർണം, ഗർഭനിരോധന ഉറയിലാക്കി വിഴുങ്ങിയത്, ഇലട്രോണിക്ക് സാധനങ്ങൾക്കുള്ളിൽ വിളക്കിച്ചേർത്തത്... അങ്ങനെ പോകുന്നു. എയർപോർട്ടുകളിൽ പിടിക്കുന്നതിൽ ഇപ്പോൾ തൂണിലും തുരുമ്പിലും സ്വർണ്ണമാണ്. ഇപ്പോൾ സ്വർണം ഉരുക്കി കടത്തുന്ന രീതിയും വ്യാപകമാണ്. സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായിട്ടുണ്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ് രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രായ്ക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്.