കൊച്ചി: അതിവേഗത്തിലായിരുന്നു ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള രണ്ടാം വരവ് പദ്ധതി ഇട്ടത്. അതുകൊണ്ട് തന്നെ സുരക്ഷാ സേനകൾക്ക് മുന്നൊരുക്കങ്ങൾക്ക് വലിയ സമയം കിട്ടിയില്ല. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനൊപ്പം തൃപ്രയാർ സന്ദർശനവും കൂട്ടിച്ചേർത്തു. ഒരാഴ്ച മുമ്പാണ് ഇതിൽ വ്യക്തത വന്നത്. ഇതോടെ എസ് പി ജി അടക്കമുള്ള സുരക്ഷാ ഏജൻസിക്ക് വെല്ലുവിളി കൂടി. ഈ വെല്ലുവിളികളെ മുന്നിൽ നിന്ന് ഏറ്റെടുത്തത് ഒരു ഐപിഎസ് ഓഫീസറാണ്. എസ് പി ജി എഡിജിപി സുരേഷ് രാജ് പുരോഹിത്. കേരളാ കേഡറിലെ ഐപിഎസുകാരൻ. തൃശൂരിനെ ശരിക്കും അറിയാവുന്ന ഉദ്യോഗസ്ഥൻ. വിവാദങ്ങളുടെ വഴിയേ സഞ്ചരിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട് ഡൽഹിയിലേക്ക് ഡെപ്യൂട്ടേഷനിലേക്ക് കൂടുമാറിയ സുരേഷ് രാജ് പുരോഹിത്. ഒടുവിൽ ആ പൊലീസ് ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയുടെ സുരക്ഷാ ടീമിലെ പ്രധാനിയാകുന്നു. മോദിയുടെ അതിവിശ്വസ്തനാകുന്നു.

ഒരു രാഷ്ട്രീയക്കാരന്റെ പിന്നാലെയും കാര്യസാധ്യത്തിനായി പോവാത്ത... നട്ടെല്ലുയർത്തി മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന, ഉദ്യോഗസ്ഥർ കേരള പൊലീസിൽ വിരളമാണ്. അത്തരം സത്യസന്ധരായ... കർക്കശക്കാരായ... ഉദ്യോഗസ്ഥരുടെ ഒരു ലിസ്റ്റ് പരിശോധിച്ചാൽ അതിലുണ്ടായിരുന്ന വ്യക്തിയായിരുന്നു സുരേഷ് രാജ് പുരോഹിത്. എന്നിട്ടും കേരളത്തിൽ വിവാദങ്ങൾ ഈ ഐജിയെ തേടിയെത്തി. തൃശൂരിൽ പൊലീസ് അക്കാദമി ഐ.ജി യായിരുന്ന സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂർത്തിയാവാത്ത മകൻ ഐ.ജി യുടെ ഔദ്യോഗിക വാഹനം ഓടിച്ചത് ന്യായീകരിക്കുന്നില്ല. പക്ഷേ ആ ഒരു കാര്യം വ്യക്തിപരമായ വിദ്വേഷം തീർക്കുന്നതിനായി ക്യാമറയിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകിയവർ ലക്ഷ്യമിട്ടതെല്ലാം നേടി. അതുകൊണ്ട് തന്നെ കേരളത്തിൽ ഏതെല്ലാം തരത്തിൽ വിവാദമുണ്ടാകുമെന്ന് പുരോഹിതന് അറിയാം. അതു മനസ്സിലാക്കിയായിരുന്നു എസ് പി ജിയുടെ നീക്കങ്ങൾ.

ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങൾ മോദിക്ക് വേണ്ടി മാറ്റി വച്ചുവെന്ന പഴി പ്രധാനമന്ത്രിക്ക് മേൽ ചാർത്താനുള്ള ശ്രമവും പുരോഹിത് വേഗത്തിൽ തിരിച്ചറിഞ്ഞു. ഒരു കല്യാണവും മറ്റേണ്ടതില്ലെന്ന് എല്ലാ നൂലാമാലകളും മാറ്റി വച്ച് പുരോഹിത് തീരുമാനിച്ചു. വിവാഹങ്ങൾ മാറ്റാതെ തന്നെ പ്രധാനമന്ത്രിക്ക് ഗുരുവായൂരിൽ പഴുതടച്ച സുരക്ഷയൊരുക്കി. ഇതിനൊപ്പം നവദമ്പതികൾക്ക് മോദി ആശിർവാദവും നൽകി. ഒരു വിവാഹം പോലും മാറ്റി വയ്ക്കാതെ കല്യാണ കുടുംബങ്ങളെ എല്ലാം മോദിക്ക് പിന്നിൽ അണിനിരത്തി. സാധാരണ ഇത്തരം പരീക്ഷണങ്ങൾക്ക് എസ് പി ജി തയ്യാറാകില്ല. ഇത് മനസ്സിലാക്കിയാണ് വിവാഹത്തിലെ ചർച്ച സൈബർ സഖാക്കൾ തുടങ്ങിയത്. അത് എല്ലാ അർത്ഥത്തിലും എസ് പി ജി പരാജയപ്പെടുത്തി. അതിന് കാരണം തൃശൂരിനേയും കേരളത്തിലെ വിവാദ രീതികളേയും അടത്തറിയാവുന്ന പുരോഹിതിന്റെ നിലപാടുകളാണ്. ഏതായാലും മോദിക്ക് പഴുതടച്ച സുരക്ഷയൊരുക്കിയതിനൊപ്പം വിവാദങ്ങളിൽ പ്രധാനമന്ത്രി ചെന്നു ചാടില്ലെന്നും സുരേഷ് രാജ് പുരോഹിത് ഉറപ്പിച്ചു.

എസ് പി ജിയിൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്നത് സുരേഷ് രാജ് പുരോഹിതാണ്. മുമ്പ് മുത്തങ്ങയിലെ ഓപ്പറേഷനിലും സുരേഷ് രാജ് പുരോഹിത് പഴി കേട്ടു. ആ ഓപ്പേറഷന് മുന്നിൽ ഈ ഓഫീസറും ഉണ്ടായിരുന്നു. പിന്നീട് കരിപ്പൂർ എയർപോർട്ടിൽ സിഐ.എസ്.എഫും ഫയർഫോഴ്സും പരസ്പരം ഏറ്റുമുട്ടി ഒരു ഓഫീസർ കൊല്ലപ്പെട്ട ഭയാനകമായ അന്തരിക്ഷം ശാന്തമാക്കാനും നിയോഗിക്കപ്പെട്ടവരിൽ പ്രമുഖനും ഈ ഐ.പി.എസ് ഓഫീസർ ആയിരുന്നു. കണ്ണൂർ റേഞ്ച് ഐ.ജി ആയരിക്കെ ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനാണ് സുരേഷ് രാജ് പുരേഹിതിനെ പൊലീസ് അക്കാദമിയിലേക്ക് തെറിപ്പിച്ചത്. പിണറായിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് സുരേഷ് രാജ് പുരോഹിത് പൊലീസ് ആസ്ഥാനത്തെ താക്കോൽ സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ ചിലർക്ക് ആ നിയമനം പിടിച്ചില്ല. എങ്ങനേയും സുരേഷ് രാജ് പുരോഹിതനെ പുറത്താക്കാനായിരുന്നു അവരുടെ ശ്രമം.

പൊലീസ് ആസ്ഥാനത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കിൽ തടയൂവെന്നും പൊലീസ് ആസ്ഥാനം ഐ.ജിയായിരിക്കെ പുരോഹിത് വെല്ലുവിളി നടത്തിയെന്ന വിവാദമെത്തി. പൊലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾക്കെതിരെ പരസ്യനിലപാടെടുത്ത ഉദ്യോഗസ്ഥരെ ഓഫിസിൽ വിളിച്ചുവരുത്തിയാണ് ഐ.ജി സുരേഷ് രാജ് പുരോഹിത് വെല്ലുവിളിച്ചത് എന്നായിരുന്നു പരാതികൾ. തൃശൂർ പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധന വിവാദത്തെ തുടർന്ന് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനായ സുരേഷ് പുരോഹിതിനെ കുടുക്കാൻ പോന്ന വിവാദമായിരുന്നു ഇത്. എൻജിഒ യൂണിയൻ മുഖ്യമന്ത്രി പിണറായി വിജയനെ അന്ന് കണ്ട് പരാതി പറഞ്ഞു.

തൃശൂർ പൊലീസ് അക്കാദമി ഐജിയായിരിക്കെ അക്കാദമി കാന്റീനിലെ അപ്രഖ്യാപിത ബീഫ് നിരോധനം വിവാദമായിരുന്നു. രണ്ട് വർഷത്തോളം കാന്റീനിൽ ബീഫ് വിഭവങ്ങൾ വിളമ്പാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് ഇടതുപക്ഷ സർക്കാർ അധികാരമേറ്റ ശേഷം ഇദ്ദേഹത്തെ സ്ഥലംമാറ്റിയതോടെയാണ് അക്കാദമിയിലെ ബീഫ് നിരോധനം നീങ്ങിയത്.ഇതെല്ലാം മനസ്സിലാക്കിയാണ് 'ആർഎസ്എസ് അജണ്ട' ചർച്ചായാക്കിയത്. ഇതോടെ സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷനിൽ കേന്ദ്രത്തിലേക്ക് പോയി. അത് നിർണ്ണായക ഉത്തരവാദിത്തങ്ങൾ ഈ ഐപിഎസുകാരന് നൽകുകയും ചെയ്തു. പൊലീസ് അക്കാഡമിയിൽ അമൃതാനന്ദമയി എത്തിയതും സുരേഷ് രാജ് പുരോഹിത് വിവാദത്തിലായിരുന്നു.

2023ൽ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പൊലീസ് വിന്യാസം ചോർന്നതിൽ ഏറെ വിവാദമുണ്ടായിരുന്നു. അതീവ സുരക്ഷാ പ്രാധാന്യമുള്ള റിപ്പോർട്ട് സേനയിൽ നിന്നുതന്നെ ചോർന്നത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴേത്തട്ടിലേക്ക് വാട്‌സ്ആപ്പ് വഴി അയച്ചപ്പോഴാണ് ചോർന്നതെന്നാണ് നിഗമനം. അന്നും എസ് പി ജി എഡിജിപി സുരേഷ് രാജ് പുരോഹിത് അടക്കം കേരളത്തിൽ ക്യാമ്പ് ചെയ്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനിടെയാണ് പൊലിസിന്റെ ഭാഗത്തുള്ള വീഴ്ച ഉണ്ടായത്. അതുകൊണ്ടു തന്നെ ഇത്തരവണ കൊച്ചിയിലും ഗുരുവായൂരിലും തൃപ്രായാറിലും ഒരുക്കിയത്.