കൊച്ചി : സാധാരണക്കാരായ സ്ത്രീകൾക്ക് ആർത്തവകാല സുരക്ഷയ്ക്ക് ഏറെ സഹായകമായിരുന്ന ഒരു രൂപ വിലയുള്ള സുവിധ സാനിട്ടറി നാപ്കിൻ ജൻ ഔഷധി കേന്ദ്രങ്ങളിൽ കിട്ടാനില്ല. കടകളിൽ ആവശ്യപ്പെടുന്ന സ്റ്റോക്കിന്റെ പകുതി പോലും എത്തുന്നില്ലെന്നാണ് പരാതി. ഓർഡർ നൽകുന്ന മരുന്നിന് ആനുപാതികമായി നാപ്കിൻ നൽകാമെന്ന നിലപാടാണ് വിതരണക്കാർ സ്വീകരിക്കുന്നത്. താരതമ്യേന കുറഞ്ഞ കമ്മീഷനും, നാപ്കിൻ എത്തിക്കുന്നിതിലെ ചെലവും കണക്കിലെടുത്താണ് വിതരണക്കാരുടെ കള്ളക്കളി.

മരുന്നുകളുടെ ഓർഡർ കുറഞ്ഞാൽ ലഭിക്കുന്ന നാപ്കിനുകളുടെ എണ്ണവും കുറയും. സ്ത്രീകളുടെ ആർത്തവകാല സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സുവിധ സാനിട്ടറി പാഡുകൾ കേന്ദ്രസർക്കാർ വിപണിയിലെത്തിച്ചത്. ആദ്യ കാലങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ മാത്രമായിരുന്നു പ്രധാന ഉപഭോക്താക്കളെങ്കിൽ, പോക്കറ്റ് കാലിയാക്കില്ലെന്ന് വ്യക്തമായതോടെ എല്ലാ വിഭാഗം സ്ത്രീകളും സുവിധയുടെ ഉപഭോക്താക്കളായി മാറി. നാല് പാഡ് അടങ്ങിയ പാക്കറ്റിന് നാല് രൂപയും, പത്തെണ്ണത്തിന്റെ പാക്കറ്റിന് 10 രൂപയുമാണ് വില.

വൻ കിട കമ്പനികളുടെ പാഡ് ഒന്നിന് ആറ് മുതൽ പത്ത് രൂപവരെയുള്ളപ്പോഴാണ് സുവിധയുടെ നേട്ടം. ഇപ്പോൾ വിതരക്കാരുടെ പിന്മാറ്റത്തിന് പിന്നിൽ സ്വകാര്യ കമ്പനികളുടെ ഇടപെടലും സംശയിക്കുന്നുണ്ട്. കൊച്ചിയിലുള്ള ദീപക് ഡിസ്ട്രിബ്യൂഷൻ എന്ന ഏജൻസിയാണ് കേരളത്തിൽ ജൻഔഷധി മരുന്നുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നത്. എന്നാൽ ജൻ ഔഷധിക്കാർ ഇവരെ ബന്ധപ്പെടുമ്പോൾ സ്റ്റോക്കില്ലെന്ന മറുപടിയാണ് നൽകുന്നത്.

സ്ത്രീകളുടെ ആർത്തവകാല സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി 2018 മാർച്ചിലാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്. 2018 മെയ്‌ മുതൽ ജൻ ഔഷധി കേന്ദ്രങ്ങളിൽ സാനിട്ടറി നാപ്കിനുകൾ ലഭ്യമാക്കി. ആദ്യഘട്ടത്തിൽ നാല് പാഡുകളടങ്ങിയ ഒരു പാക്കറ്റിന് 10 രൂപയായിരുന്നു വില. ഉത്പാദന ചെലവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആദ്യം ഒരു പാക്കറ്റിന്റെ വില നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 60 ശതമാനം സബ്‌സിഡി നൽകിയാണ് കുറഞ്ഞ തുകയ്ക്ക് നാപ്കിനുകൾ ലഭ്യമാക്കുന്നത്.

ആർത്തവ സമയത്ത് സ്ത്രീകൾക്ക് വ്യക്തിപരമായ ശുചിത്വം നിലനിറുത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ആവശ്യത്തിന് സാനിട്ടറി നാപ്കിനുകൾ വാങ്ങി ശേഖരിക്കാൻ കഴിയാത്ത പാവപ്പെട്ട യുവതികൾക്കും വീട്ടമ്മമാർക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിനുകൾ നൽകുന്നത്.

ആദ്യഘട്ടത്തിൽ ഗ്രാമ പ്രദേശങ്ങളിലാണ് സുവിധ പാഡുകൾക്ക് ആവശ്യക്കാർ കൂടുതൽ. പപിന്നീട് നഗരങ്ങളിലുമായി. എന്നാൽ ജൻ ഔഷധി സ്റ്റോറുകാർക്ക് ഓർഡർ നൽകുന്നതിന്റെ പകുതി അളവ് നാപ്കിനുകൾ പോലും ലഭിക്കുന്നില്ല. ജൻ ഔഷധിയുമായി ബന്ധപ്പെട്ട് ലൈസൻസികൾക്ക് എന്ത് പരാതി ഉണ്ടെങ്കിലും അക്കാര്യം ഇ മെയിലായി ഡൽഹിയിലെ ഹെഡ് ക്വാർട്ടേഴ്‌സിലാണ് അറിയിക്കേണ്ടത്. അവിടെ നിന്ന് വേണം ഇതിന് പരിഹാരം കാണാൻ.

അടുത്തിടെ സ്റ്റോക്ക് എത്തിയപ്പോഴും ഒരു രൂപ പാഡ് അതിലുൾപ്പെടാത്തതിനെത്തുടർന്ന് ഇമെയിലിൽ പരാതി നൽകിയെങ്കിലും തക്കതായ മറുപടി കിട്ടിയില്ലെന്നാണ് ലൈസൻസികൾ പറയുന്നത്. കുറഞ്ഞ ചെലവിന് പുറമേ പ്രകൃതിസൗഹൃദമാണെന്നതാണ് സുവിധയുടെ പ്രത്യേകത. ഉപയോഗശേഷം നശിപ്പിക്കാവുന്ന ബയോഡീഗ്രേഡബിൾ നാപ്കിനാണ് ഇത്.

പാഡുകൾ ഉപയോഗിക്കുമ്പോഴും ഉപയോഗശേഷവും ഓക്‌സിഡേഷൻ നടക്കും. ഉപയോഗത്തിന് ശേഷം ഓക്‌സിജനുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്ന് വിഘടിച്ച് നശിക്കും. ആറ് മാസത്തിനുള്ളിൽ ഈ പാഡുകൾ മണ്ണിലും വെള്ളത്തിലും ലയിച്ച് ചേരും.