- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷ്യം നേടാൻ ഏത് മാർഗവും സ്വീകരിക്കുന്ന തന്ത്രശാലി! ദിവ്യയുടെ ചാറ്റുകൾ കണ്ട് പൊലീസ് ഞെട്ടി; ഒരേ സമയം വലയിലാക്കിയത് നിരവധി പേരെ; സംഭാഷണങ്ങളിൽ തലസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങളും; തട്ടിപ്പിന ഇരയായവരിൽ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥന്റെ കുടുംബവും; ടൈറ്റാനിയത്ത് വമ്പൻ സ്രാവ് വലപൊട്ടിക്കുമോ?
തിരുവനന്തപുരം : ഒന്നിനു പുറകെ മറ്റൊന്നായി പുറത്തുവരുന്ന ടൈറ്റാനിയം തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ദിവ്യ നായരുടെ ഫേസ്ബുക്ക്, വാട്സാപ്പ് ചാറ്റുകൾ കണ്ട് പൊലീസ് ഞെട്ടി. ലക്ഷ്യം നേടാൻ ഏത് മാർഗവും സ്വീകരിക്കുന്ന തന്ത്രശാലിയാണ് ദിവ്യയെന്ന ചാറ്റുകളിൽ നിന്ന് വ്യക്തമായി. അതേസമയം സംഭാഷണങ്ങളിൽ തലസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരും മറ്റു വിവരങ്ങളുമുണ്ട്. താനുമായി അവർ അടുത്ത സൗഹൃദത്തിലാണെന്ന് ദിവ്യ വിശദീകരിക്കുന്നുമുണ്ട്.
എന്നാൽ ടൈറ്റാനിയത്തിലെ ശശികുമാരൻ തമ്പിയും ഒപ്പം പഠിച്ച ശ്യാംലാലും ഇയാളുടെ സഹൃത്ത് പ്രേംകുമാറും മറ്റു പലരെയും ഇടനിലക്കാരാക്കികൊണ്ടും തട്ടിപ്പ് നടത്തിയിട്ടുണ്ട്. അതിൽ പൊലീസ് ആസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവും പെട്ടു. അമരവിള എൽ പി സ്്ക്കൂളിലെ അറബി അദ്ധ്യാപകൻ ഷംനാദിന്റെ ഇടനിലയിൽ 12 ലക്ഷം രൂപ നൽകി കബളിപ്പിക്കപ്പെട്ട കുടുംബമാണിത്.
തിരുവനന്തപുരം കാരോട് അയിര താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിയുടെ മകന് ജോലി വാഗ്ദാനം ചെയ്താണ് 12 ലക്ഷം രൂപ തട്ടിയെത്തത്. സംഭവത്തിൽ ഇക്കഴിഞ്ഞ നവംബറിൽ പൂജപ്പുര പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ ദിവ്യയ്ക്കും രാജേഷിനും പകരം ഇടനില നിന്നതും പണം വാങ്ങിയതും പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിക്കൊപ്പം ജോലിനോക്കുന്ന ഷംനാദാണ്. ഷംനാദ്,പ്രേംകുമാർ,ശ്യാംലാൽ എന്നിവർക്കെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്.
ഷംനാദിന്റെ അക്കൗണ്ടിലേക്ക് നാലുലക്ഷം പ്രേംകുമാറിന്റെ അക്കൗണ്ടിലേക്ക് നാലുലക്ഷം കൂടാതെ ഇരുവരും നേരിട്ടെത്തി നാലുലക്ഷം എന്നിങ്ങനെയാണ് കൈപ്പറ്റിയത്. ഈ കേസിലും ശശികുമാരൻ തമ്പി ഇന്റർവ്യൂ നടത്തി. ഇന്റർവ്യൂവിന് ശേഷമാണ് നാലുലക്ഷം രൂപ നേരിട്ട് നൽകിയത്. കേസ് അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം നഗരത്തിലാണ് കേസുകൾ കൂടുതലുള്ളത്. അതിനാൽ സിറ്റി പൊലീസ് കമ്മീഷണറാണ് സംഘത്തെ നിയോഗിക്കുക. അതിനിടെ ഇത് അട്ടിമറിക്കാൻ സിപിഎമ്മിലെ ഉന്നതനും സജീവമായി രംഗത്തുണ്ട്.
അതിനിടെ ടൈറ്റാനിയം ചെയർമാൻ മുഹമ്മദ് ഹനീഷ് ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും ശശികുമാരൻ തമ്പിക്ക് എതിരായ തുടർനടപടികളും യോഗം ചർച്ചചെയ്യും. 58വയസ് പൂർത്തിയായ ശശികുമാരൻ തമ്പി രണ്ടു വർഷം കൂടി സർവീസിൽ തുടരനുള്ള തയ്യാറെടുപ്പിലായിരുന്നു. പുതിയ സാഹചര്യത്തിൽ അത് ഉണ്ടാകില്ല. വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ദിവ്യയെ വിട്ടുകിട്ടാൻ സിറ്റി പൊലീസും അപേക്ഷ നൽകും.
ഞായറാഴ്ച അറസ്റ്റിലായ ദിവ്യാ ജ്യോതി തനിക്ക് ടൈറ്റാനിയത്തിലെ ഡി.ജി.എം ലീഗൽ ശശികുമാരൻ തമ്പിയുമായി നേരിട്ട് ബന്ധമില്ലെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു.ഭർത്താവ് രാജേഷ് കുമാറും അദ്ദേഹത്തിന്റെ ജേഷ്ഠൻ പ്രേംകുമാറിനുമാണ് അവരുമായി ബന്ധമെന്നും വെളിപ്പെടുത്തി.ജോലിക്കായി താത്പര്യമുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തി വിശ്വസിപ്പിച്ച് പണം വാങ്ങുകയാണ് ദിവ്യയുടെ ദൗത്യം. തന്റെ അക്കൗണ്ടിലൂടെയാണ് ദിവ്യ പണം വാങ്ങിയതും.
ഉദ്യോഗാർത്ഥികളുടെ പേരുവിവരവും പണവും ഭർത്താവ് രാജേഷിന് കൈമാറിയാൽ അത് സഹോദരൻ പ്രേംകുമാറിന് നൽകും. അവിടെ നിന്നാണ് പ്രേംകുമാറിന്റെ സുഹൃത്ത് ശ്യാംലാലിന്റെ അടുത്തേക്ക് എത്തുന്നത്. ശ്യാംലാലിന് ഒപ്പം പഠിച്ച ടൈറ്റാനിയത്തിലെ എ.ജി.എം ശശികുമാരൻ തമ്പിയിലേക്ക് എല്ലാം എത്തി നിൽക്കും. എന്നാൽ ഉദ്യോർത്ഥികളെ ആദ്യം ബന്ധപ്പെട്ടതും അവർ പണം നൽകിയതും ദിവ്യയുടെ അക്കൗണ്ടിലേക്കാണ്. ജോലി സംബന്ധിച്ച കാര്യങ്ങൾ ഓരോ ഘട്ടത്തിലും പറഞ്ഞു നൽകിയതും. ജോലിയും പണവും കിട്ടാതെ വന്നപ്പോൾ അതിന് സാവകാശം പറഞ്ഞതും ദിവ്യയായിരുന്നു.
അതിനിടെ അഞ്ചംഗസംഘത്തിനെതിരെ നാലുപേർ കൂടി കഴിഞ്ഞ ദിവസങ്ങളിൽ പരാതിയുമായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി. 35.5 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് തട്ടിയെടുത്ത്. ഇവയുൾപ്പെടെ ഏഴ് പരാതികളിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതിനിടെ, കേസിൽ മറ്റൊരു ഇടനിലക്കാരന്റെ വിവരം കൂടി പുറത്തുവന്നു. പുതിയ നാലു പരാതികളും തിരുവനന്തപുരം സ്വദേശികളുടേതാണ്. മണക്കാട് ശ്രീവരാഹം സ്വദേശിയായ യുവാവിന് അസിസ്റ്റന്റ് തസ്തിക വാഗ്ദാനം ചെയ്ത് 10 ലക്ഷം, കല്ലിയൂർ സ്വദേശിക്ക് പബ്ലിങ് അസിസ്റ്റന്റ് തസ്തിക വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം, നെടുമങ്ങാട് ആനാട് സ്വദേശികളായ സഹോദരങ്ങളിൽ നിന്ന് ഏഴും ഒൻപതും ലക്ഷം, മണക്കാട് സ്വദേശിയായ യുവാവിൽ നിന്ന് 2.5 ലക്ഷം രൂപവീതമാണ് തട്ടിയെടുത്തത്.
ഇതോടെ സിറ്റിപൊലീസിൽ ഏഴും വെഞ്ഞാറമൂട് ഒന്നും ഉൾപ്പെടെ ആകെ എട്ട് എഫ് ഐ ആറുകളിലായി 70 ലക്ഷത്തിന്റെ പരാതിയാണ് പൊലീസിന് മുന്നിലുള്ളത്.അതേസമയം ജോലിക്കായി 10ലക്ഷം രൂപ വാങ്ങിയെന്ന കോട്ടയ്ക്കകം സ്വദേശിയുടെ പരാതി കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന പൂജപ്പുര എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെടൈറ്റാനിയത്തിലെത്തിച്ച് തെളിവുകൾ ശേഖരിക്കുന്നത് തുടരുകയാണ്. ഇന്നലെ പരിശോധനയ്ക്കെത്തിയ സംഘം ശശികുമാരൻ തമ്പിയുടെ ലാപ്ടോപ്പ് ഉൾപ്പെടെ പിടിച്ചെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്