- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള സർവ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമന അഴിമതി വിവാദം ഗവർണ്ണർ ആയുധമാക്കിയപ്പോൾ വിവരാവകാശത്തിലെ പണി പോയി; പകരം വിശ്വസ്തന് പിണറായി നൽകിയത് ടൈറ്റാനിയത്തിലെ താക്കോൽ സ്ഥാനം; ദിവ്യാ നായരുടെ നിയമന അഴിമതികൾക്ക് പിന്നിൽ ഗൂഡ മാഫിയയോ? എഎ റഷീദിൽ നിന്നും സിപിഎം സത്യം ചോദിച്ചറിയും; ടൈറ്റാനിയം തട്ടിപ്പിൽ പാർട്ടി അന്വേഷണവും?
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിലെ നിയമന തട്ടിപ്പിൽ മുൻ ചെയർമാൻ എഎ റഷീദിൽ നിന്നും സിപിഎം വിശദീകരണം തേടും. തൊഴിൽ തട്ടിപ്പിന് പിന്നിൽ പിൻവാതിൽ നിയമന മാഫിയയാണെന്ന വാദം ചർച്ചയിലുണ്ട്. ഈ സാഹചര്യത്തിലാണ് മുൻ ചെയർമാനോട് കാര്യങ്ങൾ പാർട്ടി തിരിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ തിരുവനന്തപുരത്തെ നേതാവാണ് എഎ റഷീദ്. കൈരളി ടിവിയുടെ മുൻ ഡയറക്ടറുമായിരുന്നു. ഈ സാഹചര്യത്തിൽ ടൈറ്റാനിയത്തിലെ നിയമന അഴിമതിയിൽ എന്തു വീഴ്ചയാണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനാണ് സിപിഎം നീക്കം. തിരുവനന്തപുരം ജില്ലാ നേതൃത്വം അനൗദ്യോഗികമായിട്ടാകും വിശദാംശങ്ങൾ തേടുക.
സംസ്ഥാന വിവരാവകാശ കമ്മിഷനിലേക്കുള്ള റഷീദിന്റെ നിയമനം ഗവർണർ തടഞ്ഞതിനെത്തുടർന്നാണ് റഷീദിന് ടൈറ്റാനിയത്തിലെ പദവി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അരുവിക്കരയിലെ സ്ഥാനാർത്ഥിയായിരുന്നു. സിപിഎമ്മിന്റെ പാളയം ഏര്യാകമ്മറ്റി സെക്രട്ടറിയുമായിരുന്നു റഷീദ്. റഷീദിനെ വിവരാവകശാ കമ്മീഷൻ അംഗമാക്കാനുള്ള സർക്കാർ ശ്രമം നേരത്തെ ഗവർണ്ണർ എതിർത്തത് വലിയ ചർച്ചയായിരുന്നു. കേരള സർവ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനതട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഗവർണ്ണർ റഷീദിന്റെ പേര് വെട്ടി മാറ്റിയതെന്നായിരുന്നു അന്നുയർന്ന വിലയിരുത്തലുകൾ.
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യഇടനിലക്കാരി ദിവ്യ നായരുടെ ശബ്ദസംഭാഷണം പുറത്തു വന്നിട്ടുണ്ട്. 31 പേരെയാണ് ടൈറ്റാനിയത്തിലേക്ക് കൊടുത്തതെന്ന് ദിവ്യാ നായർ പണം നഷ്ടപ്പെട്ടവരോട് പറയുന്ന ശബ്ദരേഖയാണ് ലഭിച്ചത്. അതിൽ 30 പേരെയും ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയാണ് ഇന്റർവ്യൂ നടത്തിയതെന്ന് ദിവ്യ പറയുന്നു. ഒരാളെ ടൈറ്റാനിയം എംഡി ജോർജി നൈനാൻ ഇന്റർവ്യൂ നടത്തിയെന്നും ഇതിൽ പറയുന്നുണ്ട്. എല്ലാവരെയും പ്രേംകുമാർ, ശ്യാംലാൽ വഴിയാണ് ടൈറ്റാനിയത്തിൽ എത്തിച്ചത്. എന്നാൽ താൻ ആരെയും ഇന്റർവ്യൂ ചെയ്തില്ലെന്ന് എംഡി ജോർജി നൈനാൻ പ്രതികരിച്ചു. ഇതിനൊപ്പം രാഷ്ട്രീയ ബന്ധങ്ങളും ചർച്ചയാകുന്നുണ്ട്. കേസ് അന്വേഷണം അട്ടിമറിക്കാനും സാധ്യത ഏറെയാണ്.
ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ കേസിൽ, കൂടുതൽപ്പേർ പരാതിയുമായി രംഗത്ത്. ബുധനാഴ്ച ആറു കേസുകൾകൂടി രജിസ്റ്റർ ചെയ്തു. തുടർന്ന് കേസന്വേഷണത്തിന് ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപംനൽകി. മ്യൂസിയം, കന്റോൺമെന്റ്, പൂജപ്പുര സിഐ.മാരും അന്വേഷണസംഘത്തിലുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന നിഗമനത്തിലാണ് പൊലീസ്. ടൈറ്റാനിയത്തിന്റെ ഭരണത്തിൽ സ്വാധീനമുള്ള ഉന്നത രാഷ്ട്രീയനേതാവിന് പ്രതികളുമായുള്ള ബന്ധമാണ് തട്ടിപ്പിനു കളമൊരുക്കിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ അടുപ്പക്കാരാണ് അറസ്റ്റിലായ ദിവ്യാ നായരും ഭർത്താവ് രാജേഷും. രാജേഷിന്റെ സഹോദരനാണ് മറ്റൊരു പ്രതിയായ പ്രേംകുമാർ. രാഷ്ട്രീയനേതാവിന്റെ പേരുപയോഗിച്ച് ഉദ്യോഗാർഥികളെ ജോലി ഉറപ്പാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാഷ്ട്രീയനേതൃത്വത്തിന്റെ പേര് കേസുമായി ബന്ധപ്പെട്ട് പരാതിക്കാർ ഉന്നയിച്ചതോടെ, പലർക്കും പണം തിരികെ നൽകി ഒത്തുതീർപ്പിനും ചില ഇടനിലക്കാർ ശ്രമിച്ചിട്ടുണ്ട്. പണം തിരികെ ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ പലരും പൊലീസിന് തെളിവുനൽകാനും മടിക്കുന്നുണ്ട്. സമീപകാലത്ത് ടൈറ്റാനിയത്തിൽ 120 പേരെ നിയമിച്ചിരുന്നു. ഇതിൽ 90 പേരെ ഓപ്പറേറ്റർ തസ്തികയിലാണ് നിയമിച്ചത്. ഈ നിയമനങ്ങളിൽ ഈ സംഘത്തിന്റെ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ടൈറ്റാനിയത്തിലെ ചില ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമന തട്ടിപ്പ് നടന്ന കാലത്തെ ചെയർമാനായ റഷീദിൽ നിന്നും സിപിഎം വിശദീകരണം തേടുന്നത്.
2018 ജൂൺ 22ന് ചെയർമാനാകുമ്പോൾ നഷ്ടത്തിലായിരുന്ന ട്രാവൻകൂർ ടൈറ്റാനിയത്തെ നേട്ടത്തിലേക്ക് നയിച്ചത് റഷീദാണ്. 2019ൽ 200 കോടി രൂപയ്ക്കുമേൽ ടൈറ്റാനിയം ഡയോക്സൈഡിന്റെ വിപണനവും 25,931ടൺ സൾഫ്യൂരിക് ആസിഡ് വിപണനവും നടത്തി റെക്കാഡ് നേടി. മലിനീകരണ പ്രശ്നപരിഹാരത്തിനായി മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്കും ഉത്പന്ന മൂല്യവർദ്ധനയ്ക്കും അദ്ദേഹം തുടക്കമിട്ടു. പരിസ്ഥിതി സൗഹൃദ വൈദ്യുതി ബാറ്ററിക്ക് അവശ്യമായ ലിഥിയം ടൈറ്റാനെറ്റ് വികസിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. അങ്ങനെ ഏറെ നേട്ടങ്ങളുണ്ടാക്കിയ ചെയർമാനാണ് റഷീദ്. ഈ സാഹചര്യത്തിലാണ് വസ്തുതകൾ റഷീദിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സിപിഎം തീരുമാനിച്ചതും.
കോവിഡ് പശ്ചാത്തലത്തിൽ ദിനംപ്രതി 5,000 ലിറ്റർ സാനിറ്റൈസർ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിച്ച് 1.85 കോടി രൂപയ്ക്ക് വിപണനം നടത്തിതും റഷീദിന്റെ കാലത്താണ്. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഫലമായി 2019ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നേടി. സുഭിക്ഷ കേരളം പദ്ധതി ആവിഷ്കരിക്കാൻ കമ്പനിയിലെ തരിശ് ഭൂപ്രദേശത്ത് കാർഷിക വകുപ്പിന്റെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.കൃഷിവകുപ്പിന്റെ 2021ലെ കാർഷിക മികവിനുള്ള അവാർഡും ലഭിച്ചു.
15,000 ചതുരശ്ര അടിയിൽ കോവിഡ് ആസ്പദമാക്കി 20 കലാകാരന്മാർ രചിച്ച ചുവർ ചിത്രങ്ങളുടെ ആർട്ട് വാൾ നിർമ്മിക്കാനും റഷീദ് നേതൃത്വം നൽകി. അങ്ങനെ ടൈറ്റാനിയത്തിന്റെ സുവർണ്ണകാലമായിരുന്നു റഷീദിന്റേത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്