- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആളുകൾ മുങ്ങി ചാകുമ്പോൾ അവരെ രക്ഷിക്കാതെ മുങ്ങിയ സ്രാങ്കും സഹായിയും; ബോട്ട് ഓടിച്ചിരുന്ന ദിനേശനോടൊപ്പം ബോട്ട് നിയന്ത്രിച്ചത് ബോട്ടുടമയുടെ സഹോദരി പുത്രൻ; പ്രതിചേർക്കപ്പെട്ടവരിൽ ഇയാളില്ല; സൗദി വ്യവസായിയുടെ സഹോദരീ പുത്രനെ രക്ഷിക്കാൻ അണിയറയിൽ അട്ടിമറി സജീവം; അഴിയെണ്ണുമ്പോഴും നാസർ തന്ത്രമൊരുക്കുന്നു
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമ താനൂർ സ്വദേശി പാട്ടരകത്ത് നാസറിന് (47) എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ദുരന്തത്തിനു കാരണക്കാരായ മറ്റുചിലരെ കേസിൽ പ്രതിചേർക്കാൻ പൊലീസ് മടിക്കുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനെ ഇന്നു പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കേസെടുത്ത മറ്റൊരു ജീവനക്കാരനായ രാജൻ ഇപ്പോഴും ഒളിവിലാണ്. രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ ഇരുവരും മുങ്ങുകയായിരുന്നുവെന്നു പൊലീസ് തന്നെ പറയുന്നു. എന്നാൽ ബോട്ട് നിയന്ത്രിച്ചിരുന്ന ബോട്ടുടമയായ നാസറിന്റെ സഹോദരി പുത്രനായിരുന്നു. ഇയാളെ ഇതുവരെ പൊലീസ് പ്രതിചേർത്തിട്ടില്ല.
ഈബോട്ടിൽ നാസറിന്റെ സുഹൃത്തായ യൂസുഫ്, ഗോവിന്ദൻ, ബൈജു എന്നിവരും മാറി മാറി ജോലിചെയ്യാറുണ്ട്. ഇവർക്കുപുറമെ ബോട്ടിൽകയറാൻ യാത്രക്കാർക്കു ടിക്കറ്റു വിൽപന നടത്തിയ യുവാവിനെയും ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രദേശികമായ ഇടതും വലതുമായി ബോട്ടുടമക്കു സ്വാധീനമുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ബോട്ടുടമക്കെതിരെ അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോദ്ധ്യമുണ്ടായിട്ടും ബോട്ട് സർവീസ് നടത്തിയതിനാണ് ഐ.പി.സി 302 വകുപ്പടക്കം ചുമത്തി കേസെടുത്തത്. പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
കേരളത്തെ നടുക്കിയ താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ(നസീർ47) സൗദിയിലെ ജുബൈലിലെ വ്യവസായിയാണ്. നിർമ്മാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന് പുറമെ സൂപ്പർമാർക്കറ്റും മുമ്പ് നടത്തിയിരുന്നു. ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുകയാണ് നാസർ. നാസറിന്റെ സ്ഥാപനത്തിന് കീഴിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ജീവനക്കാരുണ്ട്. ബോട്ട് അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബോട്ട് ഉടമ നാസർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. സൗദിയിലേക്ക് പോകാനായിരുന്നു നീക്കം. നാസർ രാത്രിയാണ് നെടുമ്പാശ്ശേരി വഴി രക്ഷപ്പെടാൻ നീക്കം നടത്തിയത്. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ കോഴിക്കോട്ടേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
താനൂർ സ്വദേശിയായ നാസർ ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ വന്നതാണ്. പെരുന്നാൾ ദിനത്തിൽ ആരംഭിച്ച ബോട്ട് സവാരി ഇടയ്ക്ക് നിർത്തി. പിന്നീട് രാഷ്ട്രീയ സ്വാധീനത്തിൽ തുടങ്ങി. ചില പ്രധാന രാഷ്ട്രീയക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇതാണ് പ്രാദേശിക പരാതികൾ അവഗണിച്ച് ബോട്ട് സർവ്വീസ് തുടരാൻ കാരണമായത്. ഇത്തരം സ്വാധീനങ്ങളിലൂടെ ഇയാളുടെ സഹോദരിയുടെ മകനേയും കേസിൽ നിന്നൊഴിവാക്കാനാണ് നീക്കം. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്ത നാസറിനെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ എത്തിച്ചപ്പോൾ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്. കോഴിക്കോട് നിന്ന് പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല.
അറസ്റ്റ് വിവരമറിഞ്ഞ് നിരവധി പേർ സ്റ്റേഷന് മുന്നിൽ തമ്പടിച്ചിരുന്നു. മലപ്പുറം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ മലപ്പുറം സ്റ്റേഷനിൽ വച്ച് ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, താനൂർ ഡിവൈ.എസ്‌പി കെ.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ നാസറിനെ ചോദ്യം ചെയ്തു. ഉത്തര മേഖല ഐജിയാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. അതേ സമയം പ്രതിയെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ ഏറ്റുവാങ്ങിയശേഷം തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ബോട്ടിന്റെ വിദഗ്ദ പരിശോധനയ്ക്ക് കൊച്ചി കുസാറ്റിലെ സാങ്കേതിക ടീമിന്റെ സഹായം തേടും. ബോട്ടിന്റെ പ്രവർത്തനക്ഷമത, നിർമ്മാണം, മാന്വൽ പാലിച്ചോ, സാങ്കേതിക പിഴവുകൾ, ഏതെങ്കിലും കാര്യങ്ങൾ മറച്ചുവച്ചോ തുടങ്ങിയവ പരിശോധിക്കും. രൂപമാറ്റം വരുത്തിയ മത്സ്യബന്ധന ബോട്ടിന് എങ്ങനെ വിനോദ സഞ്ചാര ബോട്ടിനുള്ള അനുമതി ലഭിച്ചു എന്നതടക്കം പൊലീസ് പരിശോധിക്കും. പോർട്ട് ഓഫീസറുടെ മൊഴിയെടുക്കും.
അപകടത്തിൽപ്പെട്ട ബോട്ടിനെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഇൻലാൻഡ് വെസൽസ് ആക്ട് പ്രകാരം നടപടിയെടുക്കേണ്ടത് തുറമുഖ വകുപ്പാണെന്നും മലപ്പുറം എസ്‌പി പറഞ്ഞു. പ്രതി നാസറിന് രാഷ്ട്രീയ പിന്തുണയും സ്വാധീനവുമുണ്ടെന്നും ഉദ്യോഗസ്ഥരെ കൂടി പ്രതികളാക്കണമെന്ന് സ്ഥലം എംഎൽഎ കെ.പി.എ.മജീദ് ആവശ്യപ്പെട്ടു.
അപകട സ്ഥലത്ത് നടക്കുന്ന തിരച്ചിൽ ഇന്നും തുടരും. എൻ.ഡി.ആർ.എഫ്, നേവി, ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികളും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ബോട്ടിൽ ഉണ്ടായിരുന്നവരെ കുറിച്ച് കൃത്യമായ എണ്ണം ലഭിക്കാത്ത സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന തുടരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം ഉൾപ്പെടാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണ് ഇന്നലെയും തിരച്ചിൽ നടത്തിയത്. പരിക്കേറ്റ് ചികിത്സയിലുള്ള പത്ത് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്