- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂർ വിജയത്തിൽ നിർണ്ണായകമായ 'നോക്കിയ' കഥ
തിരുവനന്തപുരം: കാടിളക്കിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും പ്രചരണം നടത്തിയത്. സമാനതകളില്ലാത്ത തരത്തിൽ അടിത്തട്ടിളക്കി ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ മുന്നേറി. ശശി തരൂരിന് ഹാട്രിക്കിന് അപ്പുറം തിരുവനന്തപുരത്ത് ജയിക്കാൻ കഴിയുമോ എന്ന സംശയവുമുണ്ടായി. കോൺഗ്രസിലെ സംഘടനാ പോരായ്മകളെല്ലാം പ്രചരണത്തിൽ നിഴലിച്ചു നിന്നു. ഇതിനെ അതിജീവിക്കാൻ തരൂരിന് തുണയായത് ഒറ്റ നേതാവിന്റെ സംഘടനാ മികവാണ്. ഉമ്മൻ ചാണ്ടിയുടെ വലംകൈയായി നിന്ന് കെപിസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറി പദത്തിലിരുന്ന തമ്പാനൂർ രവി. സ്മാർട്ട് ഫോൺ പോലും ഇപ്പോഴും ഉപയോഗിക്കാത്ത ഈ നേതാവിന്റെ പഴയ മോഡൽ നോക്കിയാ ഫോണാണ് തരൂരിന്റെ വിജയത്തിൽ നിർണ്ണായകമായത് എന്നാണ് തരൂർ ക്യാമ്പിന്റെ നിലപാട്.
തിരുവനന്തപുരത്തെ നന്നായി അറിയാവുന്ന നേതാവാണ് തമ്പാനൂർ രവി. കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ തമ്പാനൂർ രവി എകെ ആന്റണിയുടേയും അടുപ്പക്കാരനായിരുന്നു. എന്നാൽ കഴിഞ്ഞ എഐസിസി തിരഞ്ഞെടുപ്പിൽ നേതാക്കളെ എല്ലാം അമ്പരപ്പിച്ച് ശശി തരൂരിനെ എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്ത നേതാവായിരുന്നു തമ്പാനൂർ രവി. ശശി തരൂരിന് കേരളത്തിൽ നിന്നടക്കം നിർണ്ണായക വോട്ടുകൾ കിട്ടാൻ കാരണവും തമ്പാനൂർ രവിയെ പോലൊരു തലമുതിർന്ന നേതാവിന്റെ ഇടപെടലായിരുന്നു. തരൂരിനെ പിന്തുണച്ചതോടെ കേരളത്തിലെ കോൺഗ്രസിൽ തീരുമാനമെടുക്കുന്നവരെല്ലാം തമ്പാനൂർ രവിയെ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങി. പക്ഷേ തിരുവനന്തപുരത്തെ നാലാം ജയത്തിന് തമ്പാനൂർ രവിയുടെ സാന്നിധ്യം അനിവാര്യതയാണെന്ന് തരൂർ തിരിച്ചറിഞ്ഞു. അങ്ങനെ യുഡിഎഫ് പാർലമെന്റ് മണ്ഡലം ചെയർമാന്റെ പദവിയിൽ രണ്ടാം തവണയും തമ്പാനൂർ രവിയെത്തി. പിന്നാലെ ഇടതുപക്ഷത്തിനായി പന്ന്യൻ രവീന്ദ്രനും ബിജെപിക്കായി രാജീവ് ചന്ദ്രശേഖരും കളം പിടിച്ചു. ബിജെപി കാടിളക്കി പ്രചരണം തുടങ്ങി.
ഇതോടെ പ്രചരണത്തിന്റെ മുഴുവൻ സംഘടനാ ഉത്തരവാദിത്തവും തമ്പാനൂർ രവി ഏറ്റെടുത്തു. താമ്പാനൂർ രവിയുടെ വീട്ടിന് മുന്നിൽ തന്നെയായിരുന്നു ശശി തരൂരിന്റെ പാർമെന്ററീ പാർട്ടി ഓഫീസും. 24 മണിക്കൂറും തമ്പാനൂർ രവി പ്രവർത്തനത്തിൽ സജീവമായി ആ പഴയ മോഡൽ നോക്കിയാ ഫോൺ ഉപയോഗിച്ച് നേതാക്കളെയെല്ലാം വിളിച്ചു. തിരുവനന്തപുരത്തെ സംഘടനാ സംവിധാനത്തെ ആകെ ചലിപ്പിച്ചു. പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും കോവളത്തും ശശി തരൂരിന് മികച്ച ഭൂരിപക്ഷം ഉറപ്പാക്കി. താഴെ തട്ടിലെ നേതാക്കളെ എല്ലാം നിരന്തരം ബന്ധപ്പെട്ടു. ചില നേതാക്കൾ പിണങ്ങി നിൽക്കുമ്പോഴും വോട്ടു ചോർച്ച ഈ മൂന്ന് മണ്ഡലങ്ങളിൽ കോൺഗ്രസിനുള്ളിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കി. ഇതായിരുന്നു ശശി തരൂരിന്റെ വിജയത്തിൽ നിർണ്ണായകമായത്.
അതിശക്തമായ മത്സരത്തെ അതിജീവിച്ചാണ് ശശി തരൂർ നാലാം വട്ടം തിരുവനന്തപുരത്ത് ജയിക്കുന്നത്. ആഗോള പൗരനായ ശശി തരൂരിന് ലോകത്തുടനീളം തുടർച്ചയായി സഞ്ചരിക്കേണ്ടതുണ്ട്. വിദേശ സർവ്വകലാശാലകളിലെ ക്ലാസും ചർച്ചകളും എല്ലാമായി ലോകത്തുടനീളം ഇന്ത്യൻ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വിശ്വപൗരൻ. ഇതിനിടയിലും തിരുവനന്തപുരത്തെ ലോക്സഭാ മണ്ഡലത്തെ കരുതലോടെ നോക്കി. പക്ഷേ അതിശക്തമായ ത്രികോണ മത്സര ചൂടുള്ള തിരുവനന്തപുരത്ത് ശശി തരൂരിന് ജയിക്കാൻ ഈ ആഗോള നേട്ടങ്ങൾ മാത്രം പോരായിരുന്നു. കേരളത്തിലെ ചില കോൺഗ്രസുകാരുടെ കണ്ണിലെ കരടായ ശശി തരൂരിനെ ഇത്തവണ തിരുവനന്തപുരത്ത് തോൽപ്പിക്കാൻ പാർട്ടിക്ക് അകത്തു തന്നെ ശ്രമങ്ങളുണ്ടായി. ഇത് തിരിച്ചറിഞ്ഞ് വേണ്ടത്ര ഇടപെടൽ നടത്തിയത് തമ്പാനൂർ രവിയാണ്.
തിരുവനന്തപുരത്തെ നേതാക്കളുടേയോ പ്രാദേശിക അണികളുടേയോ ഫോൺ നമ്പരൊന്നും തന്റെ പഴയ മോഡൽ മൊബൈലിൽ രവി സേവ് ചെയ്തിട്ടില്ല. പക്ഷേ എല്ലാവരുടേയും നമ്പർ മനപ്പാഠം. ഓഫീസിലെ കസേരയിൽ ഇരുന്ന് എല്ലാ പ്രധാനപ്പെട്ടവരേയും നിരന്തരം ഫോണിൽ രവി ബന്ധപ്പെട്ടു. അവിടെയുണ്ടാക്കുന്ന ഓരോ ചലനങ്ങളും അറിഞ്ഞു. ഇതിന് സ്മാർട്ട് ഫോണില സോഷ്യൽ മീഡിയയെ അല്ല നേതാവ് ഉപയോഗിച്ചതെന്നതായിരുന്നു-കോൺഗ്രസ് പ്രചരണത്തിൽ തിരുവനന്തപുരത്ത് നിറഞ്ഞ പ്രധാനി മറുനാടൻ മലയാളിയോട് പറഞ്ഞത്. ആ ഫോണിലെ ചാർജ്ജ് തീർന്നു പോകാതിരിക്കാൻ കൈയിലൊരു പവർ ബാങ്കും തമ്പാനൂർ രവി കൈയിൽ സൂക്ഷിച്ചു. അഞ്ചു കൊല്ലം മുമ്പ് ശശി തരൂർ തന്നെ സമ്മാനമായി നൽകിയ പവർ ബാങ്കായിരുന്നു അത്. അങ്ങനെ ശശി തരൂരിന്റെ പവർ ബാങ്കിലൂടെ നോക്കിയാ ഫോണിൽ കോൺഗ്രസിന്റെ പവർ ചോരാതെ നോക്കി തമ്പാനൂർ രവി.
മുമ്പ് രണ്ടു തവണ നെയ്യാറ്റിൻകര എംഎൽഎയായിരുന്നു തമ്പാനൂർ രവി. മണ്ഡല പുനർനിർണ്ണയത്തിന് മുമ്പായിരുന്നു അത്. ഇന്നത്തെ പാറശ്ശാലയിലേയും നെയ്യാറ്റിൻകരയുടേയും ഭാഗങ്ങൾ ഉൾക്കൊണ്ടതായിരുന്നു അന്ന് നെയ്യാറ്റിൻക. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ഗ്രാമ മേഖലയിലെ ഈ രണ്ടു മണ്ഡലങ്ങളിലേയും മുക്കു മൂലയും നേതാക്കളേയും എല്ലാം തമ്പാനൂർ രവിക്ക് മനപ്പാഠമാണ്. പക്ഷേ അതുകൊണ്ട് മാത്രം വിജയമുണ്ടാകില്ലെന്ന് തമ്പാനൂർ രവി മനസ്സിലാക്കിയിരുന്നു. കോവളത്തെ എം വിൻസന്റ് എന്ന എംഎൽഎയുടെ കരുത്തിനെ പൂർണ്ണമായും വിനോയിഗിച്ച് വോട്ടുയർത്തി. ഇതിനൊപ്പം ബിജെപി ശക്തികേന്ദ്രമായ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും വിള്ളലുണ്ടാക്കി. ശശി തരൂരിനോട് പൊരുതി രാജഗോപാൽ തോറ്റപ്പോൾ ബിജെപി ഒന്നാമത് എത്തിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. ഇവിടെ ഇത്തവണ 4500 വോട്ടിന് തരൂർ മുന്നിലെത്തി. ഇത് തരൂരിന്റെ ഭൂരിപക്ഷം 16000 ആക്കുന്നതിൽ നിർണ്ണായകമായി.
ബിജെപി പണക്കൊഴുപ്പ് പ്രകടിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നിതെന്നാണ് ശശി തരൂരിന്റെ വിജയത്തിൽ തമ്പാനൂർ രവി പ്രതികരിച്ചത്. ശശി തരൂരിന്റെ മതനിരപേക്ഷ പ്രതിച്ഛായയ്ക്കും വ്യക്തിത്വത്തിനും മുന്നിൽ ബിജെപിക്കും സംഘപരിവാർ ശക്തികൾക്കും പിടിച്ചുനിൽക്കാനായില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ ജനവികാരം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചു. ബിജെപിയും സംഘപരിവാറും വർഗീയതയും പച്ചക്കള്ളവും എത്രയൊക്കെ പ്രചരിപ്പിച്ചാലും തിരുവനന്തപുരത്തെ മതേതര മണ്ണിൽ സ്ഥാനമില്ലെന്ന് തലസ്ഥാനത്തെ ജനാധിപത്യ മതേതര വിശ്വാസികൾ ഒരിക്കൽക്കൂടി തെളിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യത്തിനായി സിപിഎം ബിജെപിയുടെ ബി ടീമിനെ പോലെ പ്രവർത്തിച്ചു. തരൂരിന്റെ വിജയം അക്ഷരാർത്ഥത്തിൽ ബിജെപിയും സിപിഎമ്മിനും മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമാണെന്നും തമ്പാനൂർ രവി പറയുന്നു.