തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയിൽ ക്രിസ്മസ് ഫെസ്റ്റിനിടെ താൽകാലിക നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ സുരക്ഷാ വീഴ്ച ചർച്ചയിൽ. പലകകൾ നിരത്തി നിർമ്മിച്ചതായിരുന്നു നടപ്പാലം. നിലവാരം കുറഞ്ഞ പലകകൾ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് ആക്ഷേപം. എന്നാൽ ഇത് സംഘാടകർ നിഷേധിക്കുന്നു. ആളുകൾ കൂടുതൽ തിരക്കു കൂടി കയറിയതാണ് അപകടമായതെന്നാണ് അവരുടെ അഭിപ്രായം. അതിവേഗ ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായെന്നും അവർ പറയുന്നു.

സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. അപകടത്തിൽ 30 ഓളം പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. സിപിഎമ്മും പാലം നിർമ്മാണത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി 9 മണിയോടെയാണ് പുറുത്തിവിളയിൽ ക്രിസ്മസ് ഫെസ്റ്റിനിടെ താൽകാലിക നടപ്പാലം തകർന്ന് അപകടമുണ്ടായത്. സ്ഥലത്ത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിൽ പുൽക്കൂടും ദീപാലങ്കാരങ്ങളും വാട്ടർഷോയടക്കം നിരവധി പരിപാടികളും ഒരുക്കിയിരുന്നു.

വാട്ടർ ഷോ കാണാൻ ആളുകൾ കൂട്ടത്തോടെ നടപ്പാലത്തിലേക്ക് കയറിയതാണ് അപകടമുണ്ടാക്കിയത്. 100 ലധികം പേർ 10 മീറ്ററോളം നീളമുള്ള നടപ്പാലത്തിൽ കയറിയതോടെ പാലം തകർന്നു. നേരത്തെ നിയന്ത്രിച്ചാണ് ആളുകളെ പാലത്തിലേക്ക് കയറ്റിയത്. എന്നാൽ ക്രിസ്മസ് ആഘോഷ തിരക്ക് കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലായി. ഇതിനൊപ്പമാണ് പാലത്തിലെ നിർമ്മാണ അപാകതയും ചർച്ചയാകുന്നത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് സിപിഎം ആരോപിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ സമീപത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

തിരുപുറം ഫെസ്റ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ നടത്തിയ ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി നിർമ്മിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. പ്രദർശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തിൽ ആളുകളെ കയറ്റിയിരുന്നു. ഉൾക്കൊള്ളാവുന്നതിലധികം പേർ പാലത്തിൽ കയറിയപ്പോൾ തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂടുതൽ ടിക്കറ്റുകൾ വിറ്റു പോകാൻ വേണ്ടിയായിരുന്നു പാലത്തിൽ അനിയന്ത്രിതമായി ആളെ കയറ്റിയതെന്നാണ് ആരോപണം.

നാട്ടുകാരും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. പാലത്തിന്റെ മുകളിൽ അപകടം നടക്കുമ്പോൾ 30 പേരോളം ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കൈയ്ക്കും കാലിനും ഒടിവ് ഉൾപ്പെടെ പറ്റിയ ആളുകളെ ആശുപത്രിയിലെത്തിച്ചെന്ന് വിഴിഞ്ഞം ഫയർഫോഴ്സിലെ സന്തോഷ് എന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തിക്കിലും തിരക്കിലും നിന്ന് ഓടിമാറാൻ ശ്രമിച്ച ചിലർക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂസിക് വാട്ടർ ഷോ നടക്കുന്നതിന് സമീപത്തുവച്ചാണ് താത്ക്കാലിക പാലം തകർന്നുവീണത്.

സിപിഎം പാലം തകരൽ ചർച്ചയാക്കും

തിരുപുറം പഞ്ചായത്തിലെ ഭരണമാറ്റം ഏറെ ചർച്ചയായിരുന്നു. എൽഡിഎഫിൽ നിന്നും യുഡിഎഫ് ഭരണത്തിലേക്കാണ് തിരുപുറം പഞ്ചായത്ത് കഴിഞ്ഞ വർഷം എത്തിയത്. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് മാറിയതുമില്ല. പഞ്ചായത്ത് പ്രസിഡന്റായ ഷീന ആന്റണി തന്നെയാണ് ഭരണം മാറിയപ്പോഴും പഞ്ചായത്ത് പ്രസിഡന്റ്. എൽഡിഎഫ് മുന്നണിയിൽ നിന്നും ബീന ആന്റണി യുഡിഎഫ് മുന്നണിയിലേക്ക് ചേക്കേറി അധികാരത്തിൽ തുടരുകയാണ്. 2022ലായിരുന്നു സിപിഎമ്മിനെ ഞെട്ടിച്ച അട്ടിമറിയുണ്ടായത്.

തിരുപുറം ഗ്രാമപഞ്ചായത്ത് ഭരണത്തിന് എതിരെയുള്ള യുഡിഎഫ് അവിശ്വാസപ്രമേയത്തെ പ്രസിഡന്റ് തന്നെ പിന്തുണച്ചതോടെയാണ് പഞ്ചായത്തിൽ സവിശേഷ സാഹചര്യം ഉരുത്തിരിഞ്ഞത്. ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. സമാജ്വാദി പാർട്ടിയുടെ പ്രതിനിധിയായ ഷീന ആന്റണിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് സമാജ്വാദി പാർട്ടി അംഗം ഷീന ആന്റണിക്ക് നൽകിയിരുന്നു.

2020ഇൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന വേളയിൽ ഇരുവൈക്കോണം വാർഡ് മെമ്പർ എൽ ക്രിസ്തുദാസ് വോട്ട് ചെയ്തതിൽ അപാകത സംഭവിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ഗുണനചിഹ്നം ഉപയോഗിക്കാനുള്ളതിന് ക്രിസ്തുദാസ് ശരി ചിഹ്നം ആണ് ഉപയോഗിച്ചത്. ഇതിനെ തുടർന്ന് വരണാധികാരി ആ വോട്ട് അസാധുവാക്കിയിരുന്നു. തുടർന്ന് സമാജ് വാദി പാർട്ടി അംഗമായ ഷീന ആന്റണി എൽഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും പഞ്ചായത്ത് പ്രസിഡന്റാവുകയുമായിരുന്നു. എന്നാൽ വരണാധികാരി വോട്ട് റദ്ദാക്കിയതിനെ ചോദ്യംചെയ്ത് ക്രിസ്തുദാസ് കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് ക്രിസ്തുദാസിന്റെ വോട്ട് അസാധുവാക്കിയ വരണാധികാരിയുടെ നടപടി തെറ്റാണെന്ന് കോടതി കണ്ടെത്തുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തു. ഈ കോടതി വിധിക്കെതിരെ ഷീനാ ആന്റണി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. എന്നാൽ കേസ് നടക്കുന്നതിനിടയിൽ ഷീന ആന്റണിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടാവുകയും ഇരുവരും തങ്ങളുടെ പരാതികൾ പിൻവലിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് എൽഡിഎഫ് ഭരണത്തിനെതിരെ കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരികയും പ്രസ്തുത അവിശ്വാസപ്രമേയത്തെ പ്രസിഡന്റ് തന്നെ പിന്താങ്ങുകയും ചെയ്തത്.

കോൺഗ്രസ് പ്രവർത്തകയായിരുന്ന ഷീന ആന്റണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് റിബലായി മത്സരിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ അന്നു ലഭിച്ചത് സൈക്കിൾ ചിഹ്നമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം സൈക്കിൾ ചിഹ്നം ലഭിച്ചതുകൊണ്ട് മാത്രം സീന ആന്റണി സമാജ് വാദി പാർട്ടി പ്രതിനിധിയായി മാറുകയായിരുന്നു. ഇത്തരത്തിലൊരു പഞ്ചായത്തിലാണ് പാലം തകർന്നത് വിവാദമാകുന്നത്.