- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംപ്ലോയിമെന്റിൽ നിന്നും ആളെ നിയമിച്ചപ്പോൾ പിരിഞ്ഞു പോകേണ്ടി വരുന്നത് 152 പേർ; സഖാക്കളായ പിൻവാതിൽക്കാരെ പറഞ്ഞുവിടില്ലന്ന് പ്രഖ്യാപിച്ച് കരുനീക്കങ്ങൾ; രോഗികളെ കൂടുതൽ ഊറ്റി സഖാക്കൾക്ക് ശമ്പളം നൽകാൻ സമ്മർദ്ദം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരാധകരെ കൂട്ടാൻ ഡി ആർ ഫാൻസ് തലവന്റെ പുതിയ അടവ്; ലക്ഷ്യം അഴിമതി പിരിവും; ഇതും ആശുപത്രി കൊള്ള തന്നെ
തിരുവനന്തപുരം: സാധാരണ ഗതിയിൽ സർക്കാർ ആശുപത്രികളിലെ വികസന സമിതികളുടെ രൂപീകരണ ലക്ഷ്യം തന്നെ ആസുപത്രി വികസനവും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കലുമാണ്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ ഉദ്ദേശം നേരെ തിരിച്ചാണ്. പരമാവധി നിയമനങ്ങൾ നടത്തുക പാർട്ടിക്കാരെ ആശുപതതിയിൽ കുത്തി നിറക്കുക, അടിസ്ഥാന സൗകര്യം എങ്ങനെയിരുന്നാലും പ്രശ്‌നമില്ല പത്ത് നിയമനം നടക്കുമോ എന്നാണ് ഡി ആർ ഫാൻസ് തലവൻ നോക്കുന്നത്. ആശുപത്രി വരാന്തയിൽ പോലും രോഗികൾക്ക് ചികിത്സയ്ക്ക് കിടക്കേണ്ടി വരുന്ന ദുരിത കാഴ്ചകൾ നിറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കുമ്പിടി കളി രോഗികൾക്ക് കാണേണ്ടി വരുന്നത്.
ഇപ്പോഴിതാ അറ്റൻഡർ ഗ്രേഡ് 2 തസ്തികയിൽ 152 ജീവനക്കാരാണ് എംപ്ലോയിമെന്റ് വഴി ഇവിടെ സ്ഥിര നിയമനം നേടി എത്തിയിരിക്കുന്നത്. 123 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ എസ് എ റ്റി ആശുപത്രിയിലുമാണ് നിയമനം നേടിയിരിക്കുന്നത്. നടപടികൾ പാലിച്ച് സ്ഥിരം നിയമനം നേടി ഇവർ എത്തിയതോടെ ആശുപത്രിയിൽ നേരത്തെ താൽക്കാലിക നിയമനം ലഭിച്ചവരെ പിരിച്ചു വിടേണ്ടതാണ്. മുൻ കാലങ്ങളിലും ഇങ്ങനെ തന്നെയാണ് കീഴ്‌വഴക്കം. എന്നാൽ പുതിയ അറ്റൻഡർമാർ എത്തിയിട്ടും പഴയ ആൾക്കാരെ പിരിച്ചു വിട്ടിട്ടില്ല, അതായത് ഒരു ജോലിക്ക് രണ്ടു അറ്റൻഡന്മാർ ഇപ്പോൾ മെഡിക്കൽ കോളേജിൽ ഉണ്ട്. ഇത് വഴി ലക്ഷങ്ങളാണ് പ്രതി മാസം വെറുതെ കളയുന്നത്.
അതായത് ജോലി ചെയ്യാതെ അറ്റൻഡർഡമാർക്ക് ശമ്പളം വാങ്ങാം അതാണ് അവസ്ഥ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ സഖാക്കളായ ഈ അറ്റൻഡർമാരെ പിരിച്ചു വിടേണ്ടതില്ലന്നും ഇവരെ ആശുപത്രി വികസന സമിതിയുടെ നിയമനത്തിൽപ്പെടുത്താമെന്നുമാണ് ഡി ആർ ഫാൻസ് തലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ നിയമനം നടത്തണമെങ്കിൽ ആശുപത്രി വികസന സമിതി കൂടണം. സമിതി ചെയർമാനായ ജില്ലാ കളക്ടർ നിയമനം അംഗീകരിക്കണം. അതിനായുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ഡി ആർ ഫാൻസ് തലവൻ. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനാവൂർ നാഗപ്പനെ ഡി ആർ ഫാൻസ് തലവൻ നേരിട്ടു കാണുകയും പിരിച്ചു വിടപ്പെടലിന് വിധേയരാകാൻ പോകുന്ന ജീവനക്കാരുടെ പ്രതിനിധികളെ ജില്ലാ സെക്രട്ടറിക്ക് മുന്നിൽ എത്തിക്കുകയും ചെയ്തു.
ഫലത്തിൽ ഇല്ലാത്ത ജോലിക്കുള്ള ആളുകളുടെ നിയമനത്തിന് പാർട്ടി അംഗീകാരം ചുളുവിൽ ഒപ്പിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. എന്തായാലും താല്ക്കാലിക അറ്റൻഡർമാരെ വഴിയാധാരമാക്കില്ലന്ന് ഡി ആർ ഫാൻസ് തലവൻ തീരുമാനം എടുത്തു കഴിഞ്ഞു. എന്നാൽ ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി നടത്തുന്ന ഫാർമസിയിലോ സ്‌കാനിങ് സെന്ററിലോ ഒഴിവുകൾ ഇപ്പോൾ ഇല്ല, ഉണ്ടെങ്കിലും ആ ഒഴിവുകളിലേക്ക് ഈ അറ്റൻഡർമാരെ നിയമിക്കാനും കഴിയില്ല. ജോലി ഇല്ലാതെ നിയമനം നല്കേണ്ടി വരുന്ന ഈ അറ്റൻഡർമാർക്ക് വേണ്ടി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പ്രതിമാസം 40 ലക്ഷം രൂപ അധികമായി കണ്ടെത്തേണ്ടിവരും. ഇത് എച്ച് ഡി സി യുടെ വാരിക്കുഴി തോണ്ടുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പരിഞ്ഞു പോകുന്നവരിൽ നിന്ന് വലിയ തുക പിരിച്ചെടുക്കാനുള്ള ഡി ആർ ഫാൻസ് തലവന്റെ നീക്കമായും ഇതിനെ കാണുന്നവരുണ്ട്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയിൽ എച്ച് ഡി സിയെ എത്തിക്കണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതായത് താൽക്കാലികക്കാരെ എച്ച ഡി സി സ്റ്റാഫുകൾ ആക്കുമ്പോൾ തന്നെ എച്ച് ഡി സി യുടെ വരുമാനത്തിൽ വർദ്ധനവ് വരുന്നില്ല ഇതാണ് ഇനി ഉണ്ടാക്കാൻ പോകുന്ന വലിയ പ്രതിസന്ധി അതായത് നിലവിലെ എച്ച് ഡി സി ജീവനക്കാരുടെ ശമ്പളത്തെ പോലും ഈ മണ്ടൻ തീരുമാനം ബാധിച്ചേക്കും. ആശുപത്രി വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇടപെടേണ്ട എച്ച് ഡി സി കമ്മിറ്റി മെഡിക്കൽ കോളേജിൽ പിന്നോട്ടാണ് എന്നതിന്റെ നേർ ചിത്രം ഞങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
കഴിഞ്ഞ ദിവസം മറുനാടൻ മലയാളി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പകർത്തിയ ചില ദൃശ്യങ്ങളാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഗതികേടിന്റെ കഥ വിവരിക്കുന്നത്. ഈ എക്സ്‌ക്ലൂസീവ് ദൃശ്യങ്ങൾ കാട്ടുന്നത് രോഗീ ദുരിതത്തിന്റെ നേർചിത്രമാണ്.
കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിന്നിരുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളേജ് 70 തിന്റെ നിറവിലാണ്. ഇങ്ങനെയുള്ള മെഡിക്കൽ കോളേജിനാണ് ഈ ദുരവസ്ഥയെന്നതാണ് യാഥാർത്ഥ്യം. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടൽ ഈ മെഡിക്കൽ കോളേജിന്റെ മോക്ഷ പ്രാപ്തിക്ക് അനിവാര്യതയാണ്. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം അനധികൃത നിയമനങ്ങളുടെ സാധ്യതകളാണ് ആശുപത്രി വികസന സമിതി ഇവിടെ നടത്തുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് നിറയുന്നത്. ഈ സാഹചര്യത്തിലാണ് മറുനാടൻ ക്യാമറ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് സത്യം തേടിയെത്തിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി തിരക്ക് പതിവിലും കുറഞ്ഞ ദിവസമാണ് ഞായർ. ( സെപ്റ്റംബർ 18) ഈ ദിവസം പകർത്തിയ ദൃശ്യങ്ങളാ ണ് ഞങ്ങൾ പുറത്ത് വിട്ടത്.,പടികെട്ടിന് താഴെയും ഇടനാഴികളിലും പോലും തലചായ്ക്കാൻ ഇടമില്ലാതെ നട്ടം തിരിയുകയാണ് രോഗികളും കൂട്ടിരിപ്പു കാരും. ഡ്രിപ്പിന് കാനില കൈകളിൽ കുത്തിയവരും, തലയിലും കൈകാലുകളിലും മുറിവേറ്റവരും കിടക്കുന്നതാകട്ടെ ശുചിമുറിയുടെ ശോച്യാവസ്ഥയ്ക്ക് സമീപത്തും. വാർഡുകളിൽ രോഗികളുടെ ബാഹുല്യവുമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കോടികൾ മുടക്കുന്നുവെന്ന് സർക്കാർ വീമ്പു പറയുമ്പോഴാണ് ഈ ദൃശ്യങ്ങൾ മറുനാടന് കിട്ടുന്നത്.
കോവിഡും ഡെങ്കിപ്പനിയും പകർച്ചപ്പനിയുമൊക്കെ ഭീതി വിതയ്ക്കുന്ന സഹാചര്യത്തിലാണ് ഇങ്ങനെ രോഗികൾ ദുരവസ്ഥ നേരിടുന്നതെന്ന കാര്യം അധികൃതർ വിസ്മരിക്കുന്നതിന് പ്രത്യക്ഷ ഉദാഹരണം കൂടിയാണ് ഈ ദുരിത കാഴ്ചകൾ. ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ പ്രത്യേക പ്ലാന്റ് സ്ഥാപിക്കുമെന്ന് ഗീർവാണം മുഴക്കിയ അധികാരികൾ ചില ഉത്തരേന്ത്യ സംസ്ഥാനങ്ങളെ നോക്കി പതിവായി കൊഞ്ഞനം കുത്തുന്നതിനിടെ സ്വന്തം മൂക്കിന് താഴെ ഒരേ ഓക്‌സിജൻ സിലിണ്ടറിൽ നിന്ന് രണ്ട് രോഗികൾക്കോ അതിലധികം രോഗികൾക്കോ ഓക്‌സിജൻ പകുത്ത് നൽകുന്ന കാഴ്ച കണ്ടില്ലെന്ന് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നുണ്ട്.
ആതുര സേവന മേഖലയോട് ഇത്തിരിയെങ്കിലും ആത്മാർത്ഥത അധികാരികൾക്കോ വകുപ്പിനോ ഉണ്ടായിരുന്നെങ്കിലെന്ന് മലയാളി മൂക്കത്ത് വിരൽ വച്ച് ചോദിച്ച് പോകുന്നത് ഇത്തരം കാഴ്ചകൾ കാണുമ്പോഴാണെന്നതാണ് പരമാർഥം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. സക്‌നിംഗിന് പോയാൽ ആഴ്ച ഒന്നെങ്കിലും കഴിയണം അതാണ് ജി എച്ചിലെ ദുരവസ്ഥ. സാധാരണക്കാരിൽ സാധാരണക്കാരെത്തുന്ന ജി എച്ചിലെ ദുരവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ഇതിനകം വിമർശനം ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ.സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്