- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോട്ടീസ് കൊടുത്ത് വിളിപ്പിക്കാം അല്ലെങ്കിൽ ഡി വൈ എസ് പിക്ക് മുമ്പാകെ വരുത്തി ചോദ്യം ചെയ്യാം; കോസ്റ്റൽ സിഐ സുനുവിനെ കസ്റ്റഡിയിൽ എടുത്തതിലും അറസ്റ്റ് വാർത്ത നൽകിയതിലും ദുരൂഹത; നടപ്പായത് ജയിലിലുള്ള കൊടുംക്രിമിനലിന്റെ ഓപ്പറേഷൻ; കേസിൽ പൊലീസ് ഉന്നതനും താൽപര്യം; തൃക്കാക്കര പീഡനം കേരളാ പൊലീസിന് മറ്റൊരു തീരാങ്കളങ്കം ആകുമ്പോൾ
കൊച്ചി: കേരളാ പൊലീസ് അതിന്റെ ഏറ്റവും നാണം കെട്ട ചരിത്രത്തിന്റെ ഏടുകളിലൂടെ കടന്നു പോവുകയാണ് ഇപ്പോൾ. ഏറ്റവുമൊടുവിലായി വന്ന തൃക്കാക്കര പീഡന പരാതിയും പിന്നാലെ നടന്ന സംഭവ വികാസങ്ങളും പൊലീസിലെ തന്നെ ഒരു ഉന്നതന്റെ നിർദ്ദേശപ്രകാരമാണെന്ന സൂചന പുറത്തു വരുന്നു. യാതൊരു വിശ്വാസ്യതയും ഇല്ലാത്ത പരാതിയുടെയും ഇരയുടെ മൊഴിയുടെയും പേരിലാണ് ഇത്ര വലിയ ചന്ദ്രഹാസമിളക്കിയത്.
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊട്ടിഘോഷിച്ച് കസ്റ്റഡിയിൽ എടുക്കുക. തൊട്ടുപിന്നാലെ ക്രൂരമായ പീഡന കഥ വിവരിച്ച് മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കുക. കോഴിക്കോട്ട് നിന്നും കൂട്ടിക്കൊണ്ട് വന്ന് രണ്ടു മൂന്നു ദിവസമായി ചോദ്യം ചെയ്തിട്ടും തെളിവുകൾ ശേഖരിച്ചിട്ടും ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടർ പിആർ സുനുവിനെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിയാത്തത് കേരളാ പൊലീസിന് വലിയ തിരിച്ചടിയായി.
സ്വന്തം മോണ കുത്തി മണപ്പിച്ച അവസ്ഥയിലാണ് കേരളാ പൊലീസ് ഇപ്പോൾ. എന്തിനായിരുന്നു, ആർക്കു വേണ്ടിയായിരുന്നു ഈ കോലാഹലമെന്നതാണ് ഇപ്പോൾ പൊലീസ് സേനയിൽ തന്നെ ഉയരുന്ന ചോദ്യം. ഇതിന്റെ ഓപ്പറേഷൻ തിരുവനന്തപുരത്താണോ തൃക്കാക്കരയിൽ തന്നെയാണോ നടന്നത് എന്നാണ് സംശയം. ഇൻസ്പെക്ടർക്കും സംഘത്തിനുമെതിരേ പരാതി നൽകിയ യുവതിയുടെ പശ്ചാത്തലം സംശയിക്കപ്പെടുന്നതാണ്.
22 വയസ് മാത്രമാണ് യുവതിക്ക്. ഇവരുടെ ഭർത്താവെന്ന് പറയുന്ന നൂറോളം തട്ടിപ്പുകേസുകളിൽ പ്രതിയായ ആൾക്ക് വയസ് അറുപതിന് അടുത്തു വരും. ഇവർ തമ്മിൽ നിയമപരമായി വിവാഹിതരാണോയെന്ന് അറിയില്ല. തട്ടിപ്പുകാരന്റെ വീട്ടിലെ വേലക്കാരിയുടെ മകളാണ് യുവതി. തട്ടിപ്പുകാരന് ഇതേ ഗണത്തിൽപ്പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ട്. നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയിട്ടുള്ളയാളാണ് തട്ടിപ്പുകാരൻ. ഇയാളുടെ ഭാര്യ എന്ന് പറയുന്ന യുവതിയുമായി ഏതു തരത്തിലുള്ള ബന്ധമാണ് എന്ന് കണ്ടെത്തിയിട്ടില്ല. നിയമപരമായി ഇവർ വിവാഹിതരല്ല എന്നാണ് അറിയുന്നത്.
ജയിലിൽ കിടന്നു കൊണ്ട് അയാൾ തന്നെ നടത്തിയ ഓപ്പറേഷനാണ് തൃക്കാക്കര പൊലീസിന്റെ നാടകത്തിൽ അവസാനിച്ചിരിക്കുന്നത് എന്ന് വേണം കരുതാൻ. ഈ കേസിൽ പ്രതിയായ തട്ടുകടക്കാരൻ ശശി തട്ടിപ്പുകാരന്റെ സുഹൃത്താണ്്. ശശിക്ക് നാട്ടിൽ മുഴുവൻ പൊലീസ് ബന്ധങ്ങളുണ്ട്. ഡിജിപി മുതൽ സാദാ പൊലീസുകാരൻ വരെ ശശിയെ അറിയും. ഇന്നാട്ടിൽ അല്ല രാജ്യതലസ്ഥാനത്ത് വരെ ശശിയുടെ സഹായം വേണ്ടി വന്ന ഡിജിപി വരെയുണ്ടായിട്ടുണ്ട്. അങ്ങനെ ഏതു പൊലീസുകാരനുമായും സൗഹൃദമുള്ളയാളാണ് ശശി.
തട്ടിപ്പുകാരനെ ജയിലിൽ നിന്ന് ഇറക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അതേ സമയം, കോസ്റ്റൽ ഇൻസ്പെക്ടർ സുനുവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ശശിയെ തട്ടിപ്പുകാരന്റെ സംഘം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഏഴു ലക്ഷം രൂപ തന്നില്ലെങ്കിൽ കൂട്ടുപ്രതിയാക്കുമെന്നായിരുന്നു ശശിക്കുള്ള ഭീഷണി. ഉന്നത പൊലീസ് ബന്ധമുള്ളതിനാൽ ശശി കുലുങ്ങിയില്ല. അങ്ങനെയാണ് ശശിയുടെ പേരും വന്നത്. ഇതോടെ തന്റെ ഫൈവ് സ്റ്റാർ തട്ടുകടയിൽ നിന്ന് ശശി മുങ്ങി.
മറ്റൊരു പ്രതിയായ ദേവസ്വം ജീവനക്കാരൻ അഭിലാഷ് തൃക്കാക്കരയിലെ ക്ഷേത്രത്തിൽ ജോലി ചെയ്യുന്നയാളാണ്. ഇവർക്ക് യുവതിയുമായുള്ള ബന്ധം എന്താണെന്ന് പോലും അറിയില്ല. സുനുവിനുള്ള ക്വട്ടേഷൻ എവിടെ നിന്ന് ആര് പറഞ്ഞിട്ട് ആർക്കു വേണ്ടി എന്നുള്ള കാര്യമാണ് ഇപ്പോൾ പൊലീസ് സേനയിൽ ചർച്ചാ വിഷയം. സുനു ആളത്ര വെടിപ്പല്ല. പ്രത്യേകിച്ചും സ്ത്രീ വിഷയത്തിൽ. മുൻപ് പല കേസും ഉണ്ടായിട്ടും. അന്നൊന്നും ഇത്രയധികം ആരും ആഘോഷിച്ചിട്ടില്ല. വാർത്ത ചോർത്തി മാധ്യമങ്ങൾക്ക കൊടുത്ത് ചർച്ചയാക്കിയിട്ടില്ല. ഇപ്പോൾ മാത്രം ഇത്തരമൊരു വാർത്ത സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നിലുള്ള ഉന്നതനെയാണ് പൊലീസിലുള്ളവരും തേടുന്നത്.
തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്നാണ് സുനുവിന്റെ വാദം. ഇങ്ങനെ ഒരു പരാതി കിട്ടിയാൽ ആദ്യം വിവരമറിയിക്കേണ്ടിയിരുന്നത് മേലുദ്യോഗസ്ഥനായ ഫറൂഖ് ഡിവൈ.എസ്‌പിയായെയിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി സുനുവിനെ ചോദ്യം ചെയ്യാമായിരുന്നു. അതല്ലെങ്കിൽ തൃക്കാക്കരയിലേക്ക് നോട്ടീസ് കൊടുത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്യാമായിരുന്നു. ഇതു രണ്ടും ഇവിടെ നടന്നില്ല.
പരസ്പര വിരുദ്ധമായ ഒരു പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ നാടകം നടന്നതും നാടിളക്കിയതും. വിഷ്വൽ സഹിതം ചാനലുകൾക്ക് കൈമാറിയതിലും പൊലീസിൽ നിന്നുള്ള ഇടപെടലായിരുന്നു. എന്തായാലും ഇതിനെതിരേ സുനു നിയമനടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. പരാതിക്കാരി സുനുവിനെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരം.
മറുനാടന് മലയാളി ബ്യൂറോ