- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രാണൻ രക്ഷിക്കാൻ പുലിയെ കൊന്നപ്പോൾ നാട്ടുകാർ 'പുലി ഗോപാലൻ' ആക്കി; ചില്ലറ സഹായങ്ങളുമായി ചിലർ എത്തിയപ്പോൾ നാട്ടുകാർ കണ്ടത് ഓണം ബംപറടിച്ചവനെ പോലെ; സഹായം ചോദിച്ചു ആളുകൾ എത്തിയപ്പോൽ ആകെ കുടുങ്ങി ഗോപാലൻ; ശാരീരിക അസ്വസ്ഥതകൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളാലും വലഞ്ഞ് മാങ്കുളത്തെ ഗോപാലൻ
അടിമാലി: ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ നാട്ടുകാർ കാണുന്നത് ലോട്ടറി അടിച്ചവനെപ്പോലെയെന്നും സഹായം ചോദിച്ച് എത്തുന്നവരിൽ നിന്നും രക്ഷപെടാൻ ഓണം ബംമ്പറടിച്ച ഭാഗ്യവാനെപ്പോലെ ഒളിവിൽ കഴിയേണ്ട അവസ്ഥയാണെന്നും മാങ്കുളത്തെ 'പുലി' ഗോപാലൻ. ഇപ്പോൾ പണിയെടുക്കാൻ വയ്യാ,ഭാരമുള്ള എന്തെങ്കിലും എടുത്താൽ പുലിയുടെ കടിയേറ്റ ഇടത്തെ കയ്യിൽ വല്ലാണ്ട് നീരുവയ്ക്കും. നട്ടെല്ലിന് തേയ്മാനത്തെത്തുടർന്ന് ഭാര്യയുംജോലിക്ക് പോകുന്നില്ല. റേഷൻ കടയിൽ നിന്നും അരി കിട്ടുന്നതുകൊണ്ട് കഞ്ഞികുടിച്ച് കഴിയുന്നു. കറിക്കുള്ള സാധനങ്ങൾ വാങ്ങാനോ വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കോ ചിലവഴിക്കാൻ കൈയിൽ പണമില്ല.
ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നപ്പോൾ വനംവകുപ്പും കിഫയും 10000 രൂപ വീതം നൽകി. ഇത് മാത്രമാണ് ആകെ ലഭിച്ച സഹായം. മരുന്നിനും ഭക്ഷണത്തിനുമൊക്കെയായി ഇതിൽ നല്ലൊരുസംഖ്യ ചെലവായി. ബാക്കിയുണ്ടായിരുന്നത് കടം കൊടുക്കാനുള്ളവർക്കും നൽകി.നിലവിൽ വരുമാനം ഒന്നുമില്ല.ജോലി ചെയ്യാനും വയ്യ.ആശുപത്രിയിൽ പോകാമെന്നുവച്ചാൽ വണ്ടിക്കൂലിക്കിപോലും നിവർത്തിയില്ല. ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ ശേഷം ജീവിത സാഹചര്യത്തെകുറച്ച് അന്വേഷിക്കുന്നതിനോ ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനോ ട്രൈബൽ വകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂലസമീപം ഉണ്ടായില്ല. ഗോഗാപാലൻ വിശദമാക്കി.
ഒന്നരമാസം മുമ്പ് മാങ്കുളം കരിമുണ്ട സിറ്റക്കടുത്തുള്ള ചിക്കണംകുടി നിവാസിയായ ഗോപലനെ പുലി ആക്രമിച്ചിരുന്നു.ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഗോപാലൻ വാത്തി വീശി. വെട്ടേറ്റ പൂലി തൽക്ഷണം ചത്തു.കടിയും മാന്തും ഏറ്റതിനെത്തുടർന്ന് സാരമായി പരിക്കേറ്റ ഗോപാലനെ ഓടിക്കൂടിയവർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പത്തുദിവസം ആശുപത്രയിൽ ചികത്സയിലായിരുന്നു.ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയിട്ട് ഒരു മാസത്തിലേറെയായി.മരുന്നും കഴിച്ച് നന്നായി വിശ്രമിക്കണമെന്ന് നിർദ്ദേശിച്ചാണ് ഡോക്ടർ ഗോപാലനെ യാത്രയാക്കിയത്.എന്നാൽ മുറിവുകൾ കരിഞ്ഞതിന് പിന്നാലെ ഗോപാലൻ കൃഷിപ്പണികൾക്കിറങ്ങി.ജീവിത പ്രാരബ്ദങ്ങളായിരുന്നു ഇതിന് കാരണം.
ഇപ്പോൾ ആരോടെങ്കിലും നൂറുരൂപ കടം ചോദിച്ചാൽ പോലും കിട്ടില്ല.നിനക്ക് ഒരുപാട് കാശുകിട്ടിയില്ലെ എന്നാണ് എല്ലാവരും ചോദിക്കുന്നത്.കടം ചോദിച്ച് പലരും എത്തി.കടം കൊടുക്കാനുള്ളവർ ദിവസേനയെന്നവണ്ണം വീട്ടിൽ എത്തി പണം ആവശ്യപ്പെടുകയാണ്.കൈയിൽ ഒരു മുറുക്കാൻ വാങ്ങാൻ പോലും പൈസയില്ല.ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല.ഞാനെന്നാ ചെയ്യാനാ..ഗോപാലൻ പറയുന്നു.
ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് തിരിച്ച ഗോപാലന്റെ നിലവിലെ ജീവത സാഹര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ വിവരങ്ങളുടെ നിജസ്ഥിതി തേടിയാണ് മറുനാടൻ ദുർഘട പാതകൾ താണ്ടി ചിക്കണംകുടിയിലെ ഗോപാലന്റെ വീട്ടിൽ എത്തിയത്.ഗോപാലന്റെയും ഉറ്റവരുടെയും ജീവിതം ഏറെ പരിതപാതകരമായ അവസ്ഥയിലാണെന്നാണ് വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
മഴ പെയ്താൽ വീടിനുള്ളിലേയ്ക്ക് വെള്ളം കയറുന്നതിനാൽ മുറ്റത്ത് ഒരു പന്തൽ കെട്ടിയിരുന്നു.ഈറ്റകൾ കൊണ്ട് തീർത്തിരുന്ന പന്തൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടാണ് മേഞ്ഞിരുന്നത്.ഇപ്പോൾ ഈ ഷീറ്റുകളെല്ലാം കീറി,നാമവശേഷമായി.മഴ വെള്ളം വീടിനുള്ളിലേയ്ക്ക് അടിച്ചുകയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഇതിനും പുറമെ വീടിനുള്ളിലും ചോർച്ചയുണ്ട്.
ഗോപാലന്റെ ജീവൻ രക്ഷപെട്ടത് ആശ്വാസമായെന്നും പുലിയെക്കൊന്നതിന്റെ പേരിൽ ഗോപാലനെ ബുദ്ധിമുട്ടികരുതെന്നും സംഭവത്തിന് പിന്നാലെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉന്നത അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതെത്തുടർന്ന് പുലിയെ കൊന്നതിന്റെ പേരിലുള്ള നിയമനടപടിയിൽ നിന്നും ഗോലാപന് ഇളവ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആത്മരക്ഷാർത്ഥമാണ് ഗോപാലൻ പുലിയെ കൊന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നറിഞ്ഞതെന്നും ഇക്കാര്യം കണക്കിലെടുത്താണ് ഗോപാലനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലന്ന് താൻ വിലയിരുത്തിയതെന്നും മന്ത്രി വിശദമാക്കിയിരുന്നു.
സെപ്റ്റംമ്പർ 2-ന് രാവിലെ 7 മണിയോടെയാണ് വീടിനടുത്തുള്ള കൃഷിയിടത്തിൽ വച്ച് പുലി ഗോപാലന് നേരെ ചാടിവീണത്.കൈവശം കരുതിയിരുന്ന വാക്കത്തികൊണ്ടാണ് ഗോപാലൻ പുലിയെ നേരിട്ടത്.വെട്ടേറ്റ പുലി താമസിയാതെ ചത്തു.സമീപത്തെ വീട്ടുകാരണ്് സംഭവം കണ്ട് ആദ്യം ഓടിയെത്തുന്നത്.പിന്നീട് ഇവർ ആളെ വിളിച്ചുകൂട്ടി പരിക്കേറ്റ ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിൽഎത്തിക്കുകയായിരുന്നു. ഗോപാലന്റെ പുലി 'വേട്ട' നാട്ടുകാർക്ക് വലിയൊരളവിൽ ആശ്വസമായിരുന്നു.തങ്ങളുടെ പേടി സ്വപ്നമായിരുന്ന പുലിയുടെ ശല്യം ഇനി ഉണ്ടാവില്ലല്ലോ എന്ന ആശ്വസത്തിലാണ് ഇപ്പോൾ മാങ്കുളം നിവാസികൾ.നിരവധി വളർത്തുമൃഗങ്ങളെ മുമ്പ് പുലി ഭക്ഷമാക്കിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.