കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് എക്പ്രസ്സിൽ അജ്ഞാതനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന്. അസ്വാഭാവികമായി ടെയ്നിലുണ്ടായിരുന്ന യുവാവിനെ പല യാത്രക്കാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡി വൺ കോച്ചിലായിരുന്ന സംഭവം. ട്രെയ്നിൽ സീറ്റുണ്ടായിട്ടും യുവാവ് സീറ്റിൽ ഇരിക്കാതെ എഴുന്നേറ്റു നിൽക്കുകയായിരുന്നു. ഇതുകൊണ്ടു തന്നെ മറ്റുയാത്രക്കാരെല്ലാം പ്രത്യേകം ശ്രദ്ധിച്ചു.

ഇതിനു പിന്നാലെ യുവാവ് ചുറ്റുഭാഗങ്ങളും ശ്രദ്ധിക്കുകയും കമ്പാർട്ട്മെന്റിന്റെ ഇരുവശത്തേക്കും പോയിവരികയും ചെയ്തിരുന്നു. ഇത്തരത്തിൽ കുറെ സമയം എഴുന്നേറ്റു നിന്നിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇനി ടിക്കറ്റില്ലാത്തതുകൊണ്ടാകും എഴുന്നേറ്റു നിൽക്കുന്നതെന്നും ടി.ടി.ആറിനെ കണ്ടു ഫൈൻ അടച്ചു ടിക്കറ്റെടുക്കാൻ കാത്തിരിക്കുകയാകുമെന്നും ചിലർ ആദ്യം കരുതിയത്. യുവാവിന്റെ നോട്ടവും കാരണം മറ്റു യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. ഏറെ സമയത്തിനു ശേഷം പ്രതി കൈവശം ഉണ്ടായിരുന്ന രണ്ട് പെട്രോൾ കുപ്പികളിൽ ഒന്നിന്റെ മൂടി തുറന്നത്.

ഇതോടെ നേരത്തെ മുതൽ ഇയാളെ ശ്രദ്ധിച്ചിരുന്ന ചിലർ ഓടി രക്ഷപ്പെടുകയായിരുന്നു. കുപ്പി വീശി ഒഴിക്കുകയായിരുന്നു. ഇതിനിടയിൽ മറ്റു പലരുടേയും ദേഹത്തു പെട്രോൾ വീണെങ്കിലും ഓടിപ്പോയതിനാൽ അപകടത്തിൽനിന്നും രക്ഷപ്പെട്ടു. പ്രതി ഒരു വ്യക്തിയെ ലക്ഷ്യമിട്ടാണ് വന്നതെന്ന് തോന്നുന്നില്ല. എല്ലാവരുടെയും ശരീരത്തിൽ പെട്രോൾ വീണു. കോച്ചിലെത്തി ശബ്ദമുണ്ടാക്കുകയോ, തർക്കമുണ്ടാവുകയോ, മുദ്രാവാക്യം മുഴക്കുകയോ ചെയ്തിട്ടില്ല.

അതേസമയം, അക്രമിയെ സംബന്ധിച്ച് നിർണായക സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേ സമയം പ്രതിയുടെ മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചിരുന്നു. സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു ഇത്. ഫോൺ ചാർജ് ചെയ്തു ഓൺചെയ്യാൻ കഴിയുമോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റുവല്ല കേടുമുണ്ടോയെന്നും ടെക്നീഷ്യനെ കാണിച്ച ശേഷം ഫോണിൽനിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്. പ്രതിയെ എത്രയും വേഗം തിരിച്ചറിയാൻ സാധിക്കുമെന്ന വിശ്വാസത്തിലാണു പൊലീസ്. ആതേ സമയം എന്തായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും അക്രമത്തിനുള്ള കാരണത്തെ കുറിച്ചും ഇതുവരെ പൊലീസിനും വ്യക്തതയില്ല.

അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നേരത്തെ ഇയാളെ കാത്ത് ബൈക്ക് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചുവന്ന ഷർട്ടും, തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു.

ഇന്നലെ രാത്രി 9.30ന് എലത്തൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് വച്ചാണ് ആക്രമണമുണ്ടായത്. രണ്ട് കുപ്പി പെട്രോളുമായി ട്രെയിനിന്റെ ഡി 1 കോച്ചിലേക്കെത്തിയ യുവാവാണ് തീവെച്ചത്. ഇയാൾ ഈ കോച്ചിൽ ഉണ്ടായിരുന്നില്ലെന്നും ഡി2 കോച്ചിലായിരുന്നു എന്നുമാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബാഗിൽ നിന്ന് പാതിനിറഞ്ഞ പെട്രോൾ കുപ്പി ലഭിച്ചത് സംശയത്തിന് ഊന്നൽ നൽകുന്നുണ്ട്. അതിനിടെ ബേഗിൽ നിന്ന് ചില ലഘുലേഖകൾ കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് മാവോയിസ്റ്റ് അനുകൂല സന്ദേശങ്ങൾ ഉള്ളതായും വാർത്തകൾ വന്നിരുന്നു.

എന്നാൽ, പിന്നീട് പൊലീസ് ഇത് നിഷേധിച്ചു. അതേസമയം, ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ബേഗിൽ നിന്ന് ഒരു മൊബൈൽ ഫോൺ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തെ സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉൾപ്പെടെ വിവരശേഖരണം തുടങ്ങി. ഫോറൻസിക് സംഘം ഇന്ന് തന്നെ പരിശോധന നടത്തുമെന്നാണ് വിവരം.

ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി നൗഫിക്, റഹ്‌മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹറ(2) എന്നിവരുടെ മൃതദേഹമാണ് ട്രാക്കിൽ നിന്ന് ലഭിച്ചത്. ഇവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ട്രെയ്നിൽ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം.