- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് നിങ്ങൾ ഞങ്ങൾക്കൊരു വാക്ക് നൽകിയിരുന്നു; അന്ന് നിങ്ങൾക്ക് ഞങ്ങളെ ആവശ്യമുണ്ടായിരുന്നു; ബിന്ദു അതു ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞ് താങ്കൾ എന്നെ വിളിച്ചിരുന്നതൊക്കെ മറന്നുപോയോ? പി.വി.അൻവറിനുവേണ്ടി വോട്ടുതേടി നടന്ന ആദിവാസി സമര നായിക എംഎൽഎക്കെതിരെ
മലപ്പുറം: പി.വി.അൻവർ എംഎൽഎക്കുവേണ്ടി വോട്ടുതേടി നടന്ന ആദിവാസി സമര നായിക ബിന്ദു വൈലാശേരി അൻവറിനെതിരെ രംഗത്ത്. '
"നിങ്ങൾക്കുവേണ്ടി രാവും പകലുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വ്യക്തിയാണ് ഞാൻ. ബിന്ദു അതു ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞ താങ്കൾ എന്നെ വിളിച്ചിരുന്നതൊക്കെ മറന്നുപോയോ. കൂറെ കാലം അൻവറിനെ നിയമസഭയിൽ കണ്ടിട്ടില്ലെന്നാണു പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ നിയമസഭയിൽ അദ്ദേഹം വന്നതു നിലമ്പൂരിലെ ആദിവാസികളുടെ പ്രശ്നം പരിഹരിക്കാൻ സമരം ചെയ്യുന്ന തന്റെ ഭൂസ്വത്ത് അന്വേഷിക്കണമെന്ന് പറയാനാണ് അദ്ദേഹം വന്നത്.
നിങ്ങൾക്കു വേണ്ടി രാവും പകലും നടന്നത് നിങ്ങൾക്ക് ഓർമയില്ലേ? അന്ന് ഞങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ കൂടെ നിന്നത്. അന്ന് നിങ്ങൾ ഒരുവാക്കു പറഞ്ഞിരുന്നു. ഞാൻ ജയിച്ചാൽ നിങ്ങളുടെ കൂടെ നിന്നിട്ട് നിങ്ങളുടെ അവകാശങ്ങൾ ഞാൻ നേടിയെടുത്തുതരുമെന്നാണു പറഞ്ഞിരുന്നത്. ആ വാക്കിൽ ഇത്തരി സത്യസന്ധത ഉണ്ടെങ്കിൽ, നിലമ്പൂരിൽ ആദിവാസികളുടെ ഈ സമരപന്തലിൽ ഞങ്ങളുടെ അടുത്തുവരുമായിരുന്നു. കാരണം അന്നൊന്നും നിങ്ങളുടെ കൂടെ ഈ പറയുന്ന ഒരാൾക്കാരും ഉണ്ടായിരുന്നില്ല. അന്ന് ഈ പാവപ്പെട്ട ഞങ്ങളെ ഉണ്ടായിരുന്നുള്ളു: ബിന്ദു പറഞ്ഞു.
നിലമ്പൂരിൽ ആദിവാസി സമരം തുടങ്ങിയത് കഴിഞ്ഞ മെയ് 10നാണ്. 11ന് നിരാഹാരസമരത്തിലേക്ക് മാറി. ഒരു കുടുംബത്തിന് ഒരു ഏക്കറിൽ കുറയാത്ത ഭൂമി ആവശ്യപ്പെട്ടാണ് മെയ് 10ന് ആദിവാസി കുടുംബങ്ങൾ നിലമ്പൂർ പട്ടികവർഗ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചത്. 11ന് ബിന്ദു വൈലാശേരി നിരാഹാര സമരത്തിലേക്ക് മാറി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ തേടാതെയാണ് ആദിവാസികൾ സമരരംഗത്ത് ഇറങ്ങിയത്. നിലമ്പൂർ ജനതപ്പടിയിൽ നിന്നും പ്ലക്കാർഡുകളുമായി സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്ത പ്രകടനം ഐ.റ്റി.ഡി.പി.ഓഫീസിന് മുന്നിലെത്തി കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു.
2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കി ഭൂരഹിതരായ മുഴുവൻ ആദിവാസി കുടു:ബങ്ങൾക്കും ഒരു ഏക്കറിൽ കുറയാത്ത ഭൂമി ഉടൻ വിതരണം ചെയണമെന്നാണ് ആവശ്യം. 19,000 ഹെക്ടർ സ്ഥലം ആദിവാസികൾക്ക് പതിച്ച് നൽകാൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും പലതും കുത്തകകളുടെ കൈവശമാണെന്നും സമരക്കാർ കുറ്റപ്പെടുത്തുന്നു. കളക്ടറും സബ് കളക്ടറും ഡെപ്യൂട്ടികളക്ടറും തഹസിൽദാരുമടക്കമുള്ളവർ സമരവേദിയിലെത്തി സമരക്കാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഭൂസമരത്തിന് പരിഹാരമായിട്ടില്ല.
വൈലാശേരി, പെരുവമ്പാടം, മുതീരി, ഇടിവണ്ണ, പാറേക്കാട്, പൂക്കോട്ടുംപാടം തുടങ്ങി ആദിവാസി കോളനിയിയുള്ളവരാണ് സമരരംഗത്തുള്ളത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലുമില്ലാതെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ സമരം നടത്തുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവർ തെരഞ്ഞെടുപ്പായാൽ വോട്ടുചോദിച്ചുവരുമ്പോൾ മാത്രമാണു തങ്ങളെ കാണുന്നതെന്നും ഇവർ പറയുന്നു. ഏറനാട് മണ്ഡലത്തിലെ ആദിവസികളും നിലമ്പൂരിലെ സമരത്തിനുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്