- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവയവം വേർപ്പെടുത്തൽ ശസ്ത്രക്രിയ നടന്നത് തൊട്ടടുത്ത ശ്രീചിത്രയിൽ; 25ന് പുലർച്ചെ ഒരുമണിയോടെ അവയവം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രാൻസ്പ്ലാന്റ് തീയേറ്ററിലെത്തി; എന്നിട്ടും മാറ്റി വച്ചത് രാവിലെ എട്ടു മണിയോടെ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അവയവം മാറ്റി വച്ച രോഗി മരിച്ചു; ഇത് അവയവദാനത്തെ തുടർന്ന് നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മരണം; വീണ്ടും അലംഭാവമോ?
തിരുവനന്തപുരം : അവയവമാററ്റ ശസ്ത്രക്രിയയെ കുറിച്ചുള്ള വിവാദങ്ങൾക്കിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും മരണം. തിരുവനന്തപുരം ഉച്ചക്കട കുളത്തൂർ സ്വദേശിയായ 42 കാരൻ സജികുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 11.30തോടെയായിരുന്നു മരണം. കഴിഞ്ഞമാസം 25നായിരുന്നു ശസ്ത്രക്രിയ. തുടർന്ന് രണ്ട് തവണ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഡിസ്ചാർജ് ചെയ്യാനിരിക്കെ സ്ട്രോക്ക് കാരണമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
അതേസമയം നേരത്തെ ഉയർന്നതിന് സമാനമായി അവയവം എത്തി മണിക്കൂറുകൾക്ക് ശേഷമാണ് സജികുമാറിന് ശസ്ത്രക്രിയ നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ മസ്തിഷ്ക മരണത്തെ തുടർന്ന് മരിച്ച ശാസ്തമംഗലം ആർ കെ ഡി എൻ എസ് എസ് ഹയർസെക്കന്ററി സ്കൂളിലെ അദ്ധ്യാപിക ഗോപിക റാണിയുടെ വൃക്കയാണ് ദാനം ചെയ്തത്. 24ന് വൈകിട്ടായിരുന്നു മരണം സ്ഥിരീകരിച്ചത്. 25ന് പുലർച്ചെ ഒരുമണിയോടെ അവയവം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രാൻസ്പ്ലാന്റ് തീയേറ്ററിലെത്തിച്ചെങ്കിലും രാവിലെ എട്ടു മണിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം.
അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടർന്ന് നാലു മാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. ജൂൺ 19ന് മരണാനന്തര അവയവദാനത്തെ തുടർന്ന് തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷിന്റെ മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിൽ വിഴ്ച വരുത്തിയ ഡോക്ടർമാരെ ഉൾപ്പെടെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ആഗസ്്റ്റ് മൂന്നിന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പത്തനംട്ടിട്ട സ്വദേശി 48 വയസുള്ള തൃദീപ് ഓഗസ്റ്റ് അഞ്ചിന് മരിച്ചു. ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവദാനത്തിന്റെ ഭാഗമായി ഭാര്യ തൃദീപിന് അവയവം പകുത്തു നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നാലെ ഇപ്പോൾ സജികുമാറിന്റെ മരണവും സംഭവിച്ചിരിക്കുന്നു. സജികുമാറിന് അവയവം ദാനം ചെയ്ത ഗോപി ടീച്ചറുടെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും ഗിരിജാകുമാരിയുടെയും മകളാണ് ഗോപി കാറാണി. സ്ക്കൂളിൽ എല്ലാവരായും സ്വീകാര്യയായ ടീച്ചറായിരുന്നു ഗോപിക. സ്വന്തം വീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്കൂളിലെത്തി കമ്യൂണിറ്റി പൊലീസ് ഓഫീസ് കൂടിയായ ടീച്ചർ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നതും ഹോപ്പ് എന്ന പദ്ധതിയിൽ സ്വമേധയാ അംഗമാകുകയും പഠനം പാതിവഴിയിൽ നിലയ്ക്കുകയും തോറ്റു പോകുകയും ചെയ്ത കുട്ടികൾക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകുകയും ചെയ്യുന്നത് ടീച്ചറുടെ ശിഷ്യ സ്നേഹത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു.
ഓഗസ്റ്റ് 19ന് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമൺകടവ് ബാലഭാരതി സ്കൂളിനുസമീപം ശ്രീവല്ലഭയിൽ ഗോപികാറാണി എന്ന ഗോപിക ടീച്ചർ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി തുടരുകയും 24ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഒരു അദ്ധ്യാപികയെന്ന നിലയിൽ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങൾ നിർലോഭം പകർന്നു നൽകുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന് ബന്ധുക്കൾ ആഗ്രഹിച്ചു. ഭർത്താവ് പ്രവീൺ കുമാറും മകൻ പ്രാൺ പ്രവീണും ബന്ധുക്കളുമെല്ലാം ചേർന്ന് ഏകകണ്ഠമായെടുത്ത തീരുമാനം മൂന്നുപേരുടെ ജീവിതമാണ് മടക്കിനൽകുന്നത്.
കേരളാ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിലൂടെയായിരുന്നു (കെ സോട്ടോ) അവയവദാനം. കരൾ, വൃക്കകൾ, ഹൃദയ വാൽവ് എന്നിവയാണ് വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്. കരൾ കിംസ് ആശുപത്രിയിലും വൃക്കകൾ യഥാക്രമം തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കൽ കോളേജിലും ഹൃദയ വാൽവ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകിയത്. ഇതിൽ മെഡിക്കൽ കോളേജിന് നൽകിയ വൃക്കയാണ് വിഫലമായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്