തിരുവനന്തപുരം. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക തീരുമാന പ്രകാരം സി പി എമ്മിന്റെ തിരുവനന്തപുരം ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി ഏഴ്  , എട്ട്, തിയ്യതികളിൽ പ്രത്യേക ജില്ലാ കമ്മറ്റി ചേരുന്നുണ്ട്. അന്ന് പുതിയ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കാനാണ് സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അടുത്ത മാസം നടക്കേണ്ട ജില്ലാ സെക്രട്ടറി തെരെഞ്ഞടുപ്പ് അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും നീക്കങ്ങൾ ഉള്ളതായി സംസ്ഥാന നേതൃത്വത്തിന് വിവരം ലഭിച്ചു. പുതിയ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുമ്പോൾ വോട്ടിങ് ആവിശ്യപ്പെടുക എന്ന തന്ത്രം പയറ്റാൻ ശ്രമം നടന്നുവെന്നാണ് വിവരം.

ഇക്കാര്യം ജില്ലയിലെ ഒരു വിശ്വസ്തൻ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചു. ഇതാണ് ബുധനാഴ്ച പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിൽ ആശയ വിനിമയത്തിന് വഴി വെച്ചത്. അങ്ങനെയൊരു നീക്കം ഉണ്ടെങ്കിൽ മുളയിലെ നുള്ളാൻ തീരുമാനിക്കുകയായിരുന്നു. അതിന് പാർട്ടി നേതൃത്വം കണ്ടെത്തിയ വഴിയാണ് വ്യാഴാഴ്്ചത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും പിന്നീട് നടക്കുന്ന ജില്ലാ കമ്മിറ്റിയും. മറ്റ് അജണ്ടകളായിരുന്നു ഈ യോഗത്തിനുണ്ടായിരുന്നത്. ഇത് മാറ്റി മറിച്ചാണ് പുതിയ സെക്രട്ടറിയെ നിശ്ചയിച്ചത്. ഇതിനായി വ്യാഴാഴ്ച രാവിലെ ഏ കെ ജി സെന്ററിൽ നിന്നും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് മെസേജ് എത്തി. രാവിലെ 10 മണിക്ക്് ഏ കെ ജി സെന്ററിൽ എത്തണം. ആർക്കും ഒരു എത്തു പിടിയും ഉണ്ടായിരുന്നില്ല.

അപ്രധാനമായ എന്തോ കാര്യമായരിക്കും എന്ന് കരുതി എം വിജയകുമാർ എത്തിയതു പോലുമില്ല. മന്ത്രി വി ശിവൻകുട്ടി കോഴിക്കോടായിരുന്നു. ഒടുവിൽ അവരോടും ടെലിഫോണിൽ പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിച്ചു. ആനാവൂർ നാഗപ്പൻ പോലും കാര്യങ്ങൾ അറിയുന്നത് രാവിലെ ഏ കെ ജി സെന്ററിൽ എത്തിയപ്പോഴാണ്. അത്രക്ക് സൂഷ്മത പുലർത്തിയാണ് മട്ടന്നൂരിലെ ചാണക്യൻ കാര്യങ്ങൾ കൈകാര്യം ചെയ്തത്. മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിന് മുൻപ് ജില്ലാ സെക്രട്ടറിയായി വി.ജോയിയെ കൊണ്ടുവരണമെന്ന നിർദ്ദേശം എം വിഗോവിന്ദൻ ആനാവൂരിന് നൽകി. ആനാവൂർ മനസ്സിൽ കണ്ടിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സുനിൽകുമാറിന്റെ പേര് നിർദ്ദേശിക്കേണ്ടതില്ലെന്നും നേതൃത്വം വ്യക്തമാക്കി. അങ്ങനെ ആനാവൂരിന് തന്നെ ജോയിയെ നിർദ്ദേശിക്കേണ്ടി വന്നു.

മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളും പിന്തുണച്ചു. വി.ജോയ് ആണു സെക്രട്ടറി എന്നു ധാരണയായി. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ആനാവൂരിനെ കൊണ്ടു തന്നെ ജോയിയുടെ പേരു മുന്നോട്ടുവച്ചു. അതിനു ശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് ജോയിയുടെ പേര് നിർദ്ദേശിച്ചത്. എ.എ.റഹീം എംപി പിന്തുണച്ചു. പുതിയ തലമുറയെ കൊണ്ടുവരണമെന്ന വാദവുമായാണ് ആനാവൂർ സുനിലിനു വേണ്ടി ശക്തമായ സമ്മർദം ചെലുത്തിയത്. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിന് ശേഷം ജില്ലയിലെ പാർട്ടിയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും നാൾക്ക് നാൾ വർദ്ധിച്ചു വരികയായിരുന്നു.

ജില്ലാ സെക്രട്ടറി പദവിയിൽ നിന്നും ആനാവൂർ ഒഴിഞ്ഞാലെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളുവെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. കടകംപള്ളി സുരേന്ദ്രനും എം.വിജയകുമാറും വി. ജോയ് എം.എൽ എയെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. മന്ത്രി വി.ശിവൻകുട്ടിയും ആനാവൂർ ഒഴിയണമെന്ന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശിവൻകുട്ടി പിന്തുണച്ചിരുന്നത്് സി.ജയൻ ബാബുവിനെയായിരുന്നു. ഒഴിയാൻ സന്നദ്ധനായി നിന്ന ആനാവൂർ കെ.എസ് സുനിൽകുമാറിന്റെ പേരാണ് നിർദ്ദേശിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.. ഇത് ചർച്ചകളിലുടെ പരിഹരിച്ച് മുന്നോട്ടുള്ള പോക്കിന് തടസമാണെങ്കിലും അഭിപ്രായ സമന്വയത്തിനും സാധ്യതയുണ്ടാക്കാൻ ശ്രമങ്ങളും നടന്നിരുന്നു.

വെള്ളാപ്പള്ളിയുടെയും ആനത്തലവട്ടം ആനന്ദന്റെയും സമ്മർദ്ദം ജോയിക്ക് വേണ്ടി പാർട്ടിക്ക് മുന്നിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. ശിവഗിരിയിൽ വെച്ച് കണ്ടപ്പോഴും വെള്ളാപ്പള്ളി മുഖ്യമന്ത്രിയോടു ജോയിയുടെ കാര്യം എടുത്ത് പറഞ്ഞിരുന്നു. ഇതും കാര്യങ്ങൾ വേഗത്തിലാക്കാൻ വഴിവെച്ചു. അത്ര തന്നെ സമ്മർദ്ദം സുനിൽകുമാറിന് വേണ്ടിയും പാർട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നു. സുനിൽ കുമാറുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതും സാധ്യത ഇല്ലാതാക്കി. മാത്രമല്ല കത്ത് വിവാദത്തിലും ജില്ലയിലെ എസ് എഫ് ഐ യുടെ പ്രശ്നങ്ങളിലും ആരോപണ വിധേയനായി ആനാവൂർ നിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ താൽപര്യങ്ങൾ മുഖവിലക്ക് എടുക്കണ്ടയെന്നു തന്നെ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ജില്ലയിലെ പാർട്ടി കണ്ണ് കെട്ടിയ കുതിരയെ പോലെ പായുകയാണെന്നും നേതൃത്വം ശരിയായ ദിശയിലല്ല മുന്നോട്ടു പോകുന്നതെന്നും കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ ജില്ലയിൽ നിന്നുള്ളവർ തന്നെ ആഞ്ഞടിച്ചപ്പോൾ സാക്ഷാൽ ആനാവൂർ പോലും ഞെട്ടിപ്പായിരുന്നു. ജില്ല കമ്മിറ്റിക്കെതിരെ കടുത്ത വിമർശനം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നതിനാൽ കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോഴും അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനെപ്പോലെ ആനാവൂർ കേട്ടിരിക്കുകയായിരുന്നു. എന്തായാലും സംഘടനാ സംവിധാനങ്ങൾ കുഴഞ്ഞു കിടക്കുന്ന തിരുവനന്തപുരത്തെ പാർട്ടിയെ പഴയ രീതിയിലാക്കാൻ ജോയിക്ക് നന്നായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും.