- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാഹം മനുവിനെ രക്ഷിച്ചെടുക്കാൻ ഉന്നതരും; പീഡന മാഫിയയെ പൊലീസ് കുടുക്കുമോ?
തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിന് കുടുക്കായി കൂടുതൽ പരാതികൾ. മനുവിനെതിരെ നിരന്തരം പരാതികൾ എത്തിയിട്ടും കേരളാ ക്രിക്കറ്റ് അസോസിയേഷനിലെ ചിലർ അതെല്ലാം ഒത്തുതീർപ്പാക്കിയെന്നും ആരോപണമുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ ആളായാണ് കേരളാ ക്രിക്കറ്റിൽ മനു നിറഞ്ഞത്. ക്രിക്കറ്റിൽ ലഹരി മാഫിയയും ഇടപെടൽ നടത്തുന്നതിന്റെ സൂചനകൾ ബംഗ്ലൂരുവുമായി ബന്ധപ്പെട്ടൊരു കേസിൽ ഉയർന്നിരുന്നു. എന്നാൽ ആ കേസിലെ ക്രിക്കറ്റ് ബന്ധങ്ങളിലേക്ക് അന്വേഷണം പോയതുമില്ല. മനുവിനെതിരെ ഇപ്പോഴുള്ള കേസിലും അന്വേഷണം വിശദ തലത്തിലെത്താതിരിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ട്.
അതിനിടെ വനിതാ താരങ്ങളുടെ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംസ്ഥാനത്തുടനീളം നടത്തുന്ന ലോബിയും കേരളത്തിൽ സജീവമാണ്. ഈ ലോബിയുമായും അറസ്റ്റിലായ മനുവിന് ബന്ധമുണ്ടെന്നാണ് സൂചന. കേരളത്തിന്റെ പല സ്ഥലങ്ങളിൽ വനിതകളുടെ ക്രിക്കറ്റ് ടൂർണ്ണമെന്റെ പലപ്പോഴായി സംഘടിപ്പിക്കുന്നതാണ് ഈ ലോബിയുടെ രീതി. ഇങ്ങനെ ടൂർണ്ണമെന്റ് വയ്ക്കുന്നതിന് പിന്നിൽ ചില മാഫിയാ ഇടെപടലുണ്ടെന്നും ആരോപണമുണ്ട്. രാഷ്ട്രീയ-പൊലീസ് സ്വാധീനമുള്ള ചിലരെ ഭയന്ന് ക്രിക്കറ്റിലെ ഉന്നതരും വിഷയത്തിൽ മൗനം പാലിക്കുന്നുവെന്നാണ് ആരോപണം. മനുവിനെതിരെ എട്ടോളം പെൺകുട്ടികൾ പൊലീസിന് പുതുതായി പരാതി നൽകിയിട്ടുണ്ട്. ഇതോടെ ഈ വിഷയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കും. എല്ലാ വശങ്ങളിലേക്കും പരിശോധനകൾ കടക്കും. മുഖ്യമന്ത്രിയുടെ ഓഫീസും ഇത്തരത്തിൽ നിർദ്ദേശം പൊലീസിന് നൽകിയെന്നാണ് സൂചന.
പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മനു റിമാൻഡിലാണ്. അതിനിടെയാണ് പുതിയ പരാതികളെത്തുന്നത്. ക്രിക്കറ്റ് ക്യാമ്പിലെത്തിയ കുട്ടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ 11കാരിയോട് വാഷ്‌റൂമിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2018ൽ നഗരത്തിലെ സ്റ്റേഡിയത്തിൽ കോച്ചിങ്ങിന് എത്തിയപ്പോഴാണ് പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായത്. പിന്നീട് കുട്ടി ചെന്നൈയിലേക്ക് താമസം മാറിപ്പോയി. അടുത്ത കാലത്ത് അതേ സ്റ്റേഡിയത്തിൽ മത്സരത്തിന് എത്തിയ പെൺകുട്ടി മനുവിനെ കാണുകയും ഭയപ്പെടുകയും ചെയ്തു.
ഇതോടെ പരാതി ചൈൽഡ് ലൈനിൽ എത്തി. ഇതാണ് അറസ്റ്റിലേക്ക് എത്തിയത്. ഇയാൾക്ക് എതിരെ 2022ലും സമാനമായ രീതിയിൽ കേസ് ഉണ്ട്. ഈ കേസാണ് ഉന്നതർ ഇടപെട്ട് ഒതുക്കി തീർത്തത്. പീഡനത്തിന് പരാതി കിട്ടിയിട്ടും ഇതേ കോച്ചിനെ തന്നെ വനിതകളുടെ പരിശീലന ചുമതലയും ഏൽപ്പിച്ചു. എട്ട് പെൺകുട്ടികളാണ് കഴിഞ്ഞ ദിവസം മനുവിനെതിരെ പരാതി നൽകിയത്. തെങ്കാശിയിൽ അടക്കം മനുവിന് സംവിധാനങ്ങളുണ്ടെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ ഇതെല്ലാം കെ സി എയിലെ ഔദ്യോഗിക നേതൃത്വം അറിയുന്നത് പരാതി വന്നതിന് ശേഷമാണെന്നും പറയുന്നു.
ആദ്യ പരാതി പുറത്തു വന്നത് തീർത്തും അവിചാരിതമായാണ്. തിരുവനന്തപുരത്ത് കളിക്കാനെത്തിയ താരം വനിതാ കോച്ചുമായി ലിഫ്റ്റിൽ പോകുമ്പോൾ അപ്രതീക്ഷിതമായി മനുവും ലിഫ്റ്റിലെത്തി. മനുവിനെ കണ്ടതും പെൺകുട്ടി ഭയന്നു. വനിതാ കോച്ചിനോട് ചേർന്ന് നിന്നു. പെൺകുട്ടിയുടെ പ്രവർത്തിയിൽ സംശയം തോന്നിയ വനിതാ കോച്ച് മുറിയിലെത്തിയ ശേഷം വിശദമായി തന്നെ കാര്യങ്ങൾ ചോദിച്ചു. അപ്പോഴാണ് ആ പെൺകുട്ടി നടന്നത് പറഞ്ഞത്. ആ ടീമിലുണ്ടായിരുന്ന മറ്റു പലരും ഇതിനോട് യോജിച്ചു. ഇതോടൊണ് പൊലീസിന് മുന്നിൽ കാര്യങ്ങളെത്തിയത്.
അതിനിടെ മുമ്പ് പരാതി ഉയർന്നപ്പോൾ ഒതുക്കി തീർക്കാൻ ക്രിക്കറ്റിലെ ചില ഉന്നതർ തന്നെ സാമ്പത്തിക ഇടപാട് നടത്തിയെന്നും ആരോപണമുണ്ട്. അക്കൗണ്ട് പരിശോധിച്ചാൽ ഇതെല്ലാം വ്യക്തമാകുമെന്നാണ് സൂചന. അതിനിടെ കളിക്കാൻ അറിയാത്ത കുട്ടികളാണ് കോച്ചിനെതിരെ പരാതിയുമായി വരുന്നതെന്ന വാദം മനുവിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നു. പരാതിക്കാരെ സ്വാധീനിക്കാനും ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെയാണ് മനുവിനെ പൊലീസിന് അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടായത്. അതും അതീവ രഹസ്യമാക്കി സൂക്ഷിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
മനുവിനെതിരെ പരാതി പൊലീസിൽ എത്തിയത് അറിഞ്ഞാണ് കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുന്നതെന്നതാണ് വസ്തുത. ഈ വിഷയത്തിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ടവർ ഔദ്യോഗികമായി പ്രതികരിക്കുന്നുമില്ല. കേരളത്തിലെ വനിതാ ക്രിക്കറ്റിലെ കാര്യങ്ങളിൽ നിർണ്ണായക തിരുമാനം വന്നിരുന്നത് വടക്കൻ ജില്ലയിൽ ഒന്നിൽ നിന്നായിരുന്നു. വിവാദങ്ങളെ തുടർന്ന് ഇത്തരം ചുമതലകളിൽ നിന്നും ആ ജില്ല ഒഴിയുക പോലും ചെയ്യുന്ന സാഹചര്യമുണ്ടായി.