തിരുവനന്തപുരം : ജില്ലാ കളക്ടർമാരുടെയും ജില്ലാ വികസന കമ്മീഷണർമാരുടെയും തലപ്പത്ത് വരുന്ന റവന്യു വകുപ്പിലെ സുപ്രധാന തസ്തികയായ ലാന്റ് റവന്യൂ കമ്മീഷണറായി ഡോ.കെ.വാസുകിയെ നിയമിച്ചത് റവന്യൂ മന്ത്രി കെ.രാജൻ അറിഞ്ഞത് സർക്കാർ ഉത്തരവിറങ്ങിയ ശേഷം. ഇതോടെ വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് മറ്റൊരാളെ കമ്മീഷണറായി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രാജൻ മുഖ്യമന്ത്രിയെ സമീപിച്ചു. ഇതോടെ വാസുകിയുടെ നിയമനം തുലാസിലായി.

ഇതോടെ നിലവിലെ കമ്മീഷണറായ കെ.ബിജുവിനോട് തുടരാൻ സർക്കാർ നിർദ്ദേശം നൽകി. വാസുകിയോട് തത്കാലം കാത്തിരിക്കാനും ഉടൻ മറ്റൊരു തസ്തിക നൽകുമെന്നും അറിയിച്ചതായാണ് വിവരം. വാസുകിയുടെ ഭർത്താവ് ഡോ.കാർത്തികേയനെ കമ്മീഷണറാക്കണമെന്ന ആവശ്യം റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും കാർത്തികേയനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചതിനാൽ അതിന് സാദ്ധ്യതയില്ല. അവധിയിലായിരുന്ന വാസുകിയും കാർത്തികേയനും മടങ്ങിയത്തിന് പിന്നാലെ ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ ഉത്തരവിലായിരുന്നു ലാൻഡ് റവന്യു കമ്മിഷണറുടെ തസ്തിക എക്‌സ്‌കേഡറാക്കിക്കൊണ്ട് ഡോ.കെ. വാസുകിയെ അതിലേക്ക് നിയമിച്ചത്.

ദുരന്ത നിവാരണ വകുപ്പ് കമ്മിഷണറുടെയും നാഷണൽ സൈക്ലോൺ റിസ്‌ക് മിറ്റിഗേഷൻ പ്രോജക്ട് സ്റ്റേറ്റ് പ്രോജക്ട് മാനേജരുടെയും പൂർണ അധികച്ചുമതലയും നൽകി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ച അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ.എസ്. കാർത്തികേയന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ പൂർണ അധികച്ചുമതലയും നൽകി. ലാന്റ് റവന്യൂ കമ്മീഷണറുടെ ചുമതല വഹിക്കുന്ന കെ ബിജുവിന് ഗവ.സെക്രട്ടറിയായി അടുത്തിടെ സ്ഥാനക്കയറ്റം ലഭിക്കുകയും തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു.

സൈനിക ക്ഷേമം, റവന്യൂ (ദേവസ്വം) എന്നീ ചുമതലകളും ബിജുവിനാണ്. അതിനാലാണ് കമ്മീഷണറുടെ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിച്ചത്. വാസുകിയുടെയും കാർത്തികേയന്റേയും നിയമനം കൂടാതെ ഐ എ എസ് തലപ്പത്ത് സുപ്രധാന മാറ്റങ്ങളോടെയായിരുന്നു വ്യാഴാഴ്ച സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഇത് റവന്യു മന്ത്രി അറിഞ്ഞില്ല. ഇതാണ് രാജൻ മുഖ്യമന്ത്രിയെ തന്റെ നിലപാട് അറിയിക്കാൻ കാരണമായത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐയെ എതിരാക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കൂടിയാണ് വാസുകിയുടെ നിയമനത്തിൽ മന്ത്രിയുടെ നിർദ്ദേശം പരിഗണിച്ചത്.

ആർ.കെ.സിങ് കേന്ദ്ര ഡെപ്യുട്ടേഷനിലേക്ക് പോകുന്ന സാഹചര്യത്തിൽ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചിരുന്നു. ഇപ്പോൾ അദ്ദേഹംകൈകാര്യം ചെയ്യുന്ന ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിന്റെയും സ്റ്റോർ പർച്ചേസ് വകുപ്പിന്റെയും പൂർണ അധികച്ചുമതലയും നൽകി. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചുമതലയും സിൻഹയ്ക്കാണ്. ഇലക്ട്രോണിക്‌സ്, ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് എക്സൈസ് ഉൾപ്പെടെ നികുതിവകുപ്പിന്റെ പൂർണ അധികച്ചുമതല കൂടി നൽകി.

വിവരപൊതുസമ്പർക്ക വകുപ്പ് ഡയറക്ടർ ജാഫർ മാലികിനെ കുടുംബശ്രി എക്‌സിക്യുട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു. അദ്ദേഹം നിലവിലെ മറ്റ് അധികച്ചുമതലകൾ തുടരും. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശന് വിവര പൊതുസമ്പർക്ക വകുപ്പ് ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി. എറണാകുളം ജില്ലാ വികസന കമ്മിഷണർ എ. ഷിബുവിനെ കയർ വികസന വകുപ്പ് ഡയറക്ടറാക്കി. കൊല്ലം ജില്ലാ വികസന കമ്മിഷണർ ആസിഫ് കെ. യൂസഫിനെ മിൽമ മാനേജിങ് ഡയറക്ടറാക്കി. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിന് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി.