- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയസ് ഫ്രോഡ് അന്വേഷണം 'സീരിയസാകുമ്പോൾ'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ താമസ സ്ഥലം കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിൽ. സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് നടത്തുന്ന അന്വേഷണ പശ്ചാത്തലത്തിലാണ് ഇത്. അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നൽകേണ്ടി വന്നാൽ അത് എത്തിക്കാനാണ് ഈ നീക്കം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി താമസിക്കുന്നത് ക്ലിഫ് ഹൗസിലാണ്. വീണാ വിജയന്റെ ഭർത്താവായ പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് അനുവദിച്ചിട്ടുള്ളത് ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയെന്ന വസതിയാണ്. ക്ലിഫ് ഹൗസിലോ പമ്പയിലോ വീണ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം എകെജി സെന്ററിന് മുന്നിലുള്ള പാർട്ടി നേതാക്കൾക്കുള്ള ഫ്ളാറ്റിലും പിണറായിക്ക് താമസ സ്ഥലമുണ്ട്. ഇതിനൊപ്പം കണ്ണൂരിലെ വീട്ടിലും ഐബി നിരീക്ഷണം നടത്തുന്നുണ്ട്. വീണ വിദേശത്തേക്ക് പോയിട്ടില്ലെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരത്തും ചെന്നൈയിലും വിവിഐപികളുമായി പിണറായി കുടുംബത്തിന് അടുത്ത സൗഹൃദമുണ്ട്. ഈ വീടുകളും ഐബി നിരീക്ഷിക്കുന്നുണ്ട്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നൽകാനാണ് വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കുന്നത്. വീണ ഒളിവിലൊന്നും പോയിട്ടില്ലെന്നാണ് മറുനാടന് കിട്ടുന്ന വിവരം. ഏത് അന്വേഷണത്തേയും നേരിടാൻ അവർ തയ്യാറെടുത്തു കഴിഞ്ഞു.
വീണാ വിജയന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു. മന്ത്രി.സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണമെന്നതുപോലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളവരും അഴിമതിക്ക് അതീതരായിരിക്കണം. എല്ലാ സർക്കാരും നിയമവിധേയമായി പ്രവർത്തിക്കണം. രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുന്നവർക്ക് പ്രത്യേകനിയമ പരിരക്ഷയില്ലെന്നും മീനാക്ഷി ലേഖി വിശദീകരിച്ചിരുന്നു. ഇതെല്ലാം മാസപ്പടി അന്വേഷണത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന താൽപ്പര്യത്തിന് തെളിവാണ്. കേന്ദ്ര സർക്കാർ ഈ കേസ് അന്വേഷണത്തെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.
മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്തു വരുമെന്നാണ് വിലയിരുത്തൽ. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്ഐഒ ക്ക് ലഭിച്ചതായാണ് വിവരം. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.
രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടി. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യാനാണ് പദ്ധതി.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു സിപിഐഎം പിന്തുണ അറിയിച്ചത്. അതേ സമയം മകൾ കമ്പനി തുടങ്ങിയത് അമ്മ നൽകിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രസ്താവിച്ചിരുന്നു മാസപ്പടി വിവാദത്തിൽ അഞ്ചുദിവസം മുമ്പാണ് എസ്എഫ്ഐഒ അന്വേഷണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എട്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം.