- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനി രജിസ്ട്രാറുടെ ആ നോട്ടീസ് മറുനാടൻ പുറത്തു വിടുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തു വരുമ്പോൾ അതിന് ആധാരമായ രേഖയും പുറത്ത്. ധർമ്മ സ്ഥാപനങ്ങളിൽ നിന്ന് വീണ മാസപ്പടി കൈപ്പറ്റിയെന്നാണ് ആരോപണം. 2021 ഒക്ടോബറിൽ എക്‌സാലോജിക്കിന് രജിസ്റ്റ്രാർ ഓഫ് കമ്പനീസ് നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആ വർഷം ഫെബ്രുവരിയിൽ നൽകിയ രേഖകൾ പരിശോധിച്ച ശേഷം നൽകിയ മറുപടിയിലാണ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പണം വാങ്ങിയതിൽ വിശദീകരണം ചോദിക്കുന്നത്.
2021ൽ തന്നെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസി തുടങ്ങിയെന്നതിന് തെളിവാണ് ഈ കത്തും. ജനുവരി 29നാണ് എക്‌സാലോജിക്കിനോട് വിശദീകരണം തേടിയത്. അടുത്ത മാസം 22ന് മറുപടിയും നൽകി. ഇത് തൃപ്തികരമല്ലെന്നും വിശദമായ ബാലൻസ് ഷീറ്റ് നൽകണമെന്നും ആവശ്യപ്പെട്ടാണ് ഒക്ടോബറിൽ എക്‌സാലോജിക്കിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യാ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വാങ്ങിയ വായ്പയുടെ വിശദാംശങ്ങളും തേടുന്നു.
ഈ കത്തിന്റെ അവസാന ഭാഗത്താണ് ഏതാണ്ട് എല്ലാ മാസവും വിവിധ ചാരിറ്റി സംഘടനകളിൽ നിന്ന് പണം കൈപ്പറ്റുന്നതെന്ന പരാമർശമുള്ളത്. ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇതു മനസ്സിലാക്കിയതെന്നും വിശദീകരിക്കുന്നുണ്ട്. ഈ രേഖയാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ ചർച്ചയാക്കിയത്. ഏതെല്ലാം ചാരിറ്റി സംഘടനകളിൽ നിന്നാണ് പണം കൈപ്പറ്റിയതെന്ന് ഈ കത്തിൽ പറയുന്നില്ല. മാത്യു കുഴൽ നാടൻ രേഖകൾ ഉയർത്തിക്കാട്ടിയായിരുന്നു നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. അതേസമയം, പ്രസംഗത്തിനിടെ മാത്യുവിന്റെ മൈക്ക് സ്പീക്കർ എ.എൻ. ഷംസീർ ഓഫ് ചെയ്തു. അങ്ങനെ നാടകീയ സംഭവങ്ങൾക്കും നിയമസഭ സാക്ഷിയായി. ഇതിന് കാരണമായ രേഖയാണ് മറുനാടൻ പുറത്തു വിടുന്നത്.
'സി.എം.ആർ.എല്ലിൽനിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആർ.ഒ.സി. അയച്ചൊരു നോട്ടീസിൽ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളിൽനിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകൾ അനാഥാലയങ്ങളിൽനിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളിൽനിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക',-ഇതായിരുന്നു മാത്യു കുഴൽനാടൻ നിയമസഭയിൽ ഉയർത്തിയ ചോദ്യം.
എന്നാൽ, മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കർ ഇടപെട്ടുപറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരുകാര്യവും സഭാരേഖയിലുണ്ടാവില്ലെന്ന് ഷംസീർ അറിയിച്ചു. അതേസമയം, തന്റെ ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും തെറ്റാണെങ്കിൽ നിഷേധിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയെ ന്യായീകരിക്കുന്നതു സിപിഎം അവസാനിപ്പിച്ചില്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി തുടരുമെന്നു പറഞ്ഞുകൊണ്ടാണു കുഴൽനാടൻ പ്രസംഗം ആരംഭിച്ചത്. മാസപ്പടി വിഷയത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞതോടെ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഇടപെടൽ ആരംഭിച്ചു.
സ്ഥിരം പല്ലവി ആവർത്തിക്കുന്നോയെന്നു ചോദിച്ച ഷംസീർ, സമൂഹമാധ്യമങ്ങളെയും ചാനലുകളെയും സെറ്റ് ചെയ്തുവച്ചിട്ട് ഇവിടെ വന്നു പ്രസംഗിക്കരുതെന്ന് ഓർമിപ്പിച്ചു. അതു മുഖവിലയ്‌ക്കെടുക്കാതെ കുഴൽനാടൻ പ്രസംഗം തുടർന്നു. കരിമണൽ കമ്പനിയിൽ നിന്നു പണം വാങ്ങിയ പി.വി താൻ അല്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അത് ഇന്നും ഏറ്റുപാടുന്ന സഖാക്കളുണ്ട്. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. പി.വി എന്ന പേരു കണക്കിലെടുത്താണ് നോട്ടിസ്. ആ പി.വി താൻ അല്ലെന്നു കോടതിയിൽ പറയാൻ പിണറായിക്ക് ആർജവമുണ്ടോ? പിണറായി വിജയനല്ല പി.വി എന്നു തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാമെന്ന നിലപാടിൽ മാറ്റമില്ല.
കോടതിയുടെ പരിഗണനയിലുള്ള വിഷയം ഇവിടെ സംസാരിക്കരുതെന്നു ഷംസീർ ഓർമിപ്പിച്ചു. കോടതിക്കു വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നായി കുഴൽനാടൻ. തുടർന്നാണ് രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ നോട്ടിസ് അദ്ദേഹം ഉയർത്തിക്കാണിച്ചത്. അതു വായിച്ചതോടെ സ്പീക്കർക്കൊപ്പം ഭരണപക്ഷാംഗങ്ങളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഏതാണ്ട് എല്ലാ മാസങ്ങളിലും ധർമ്മസ്ഥാപനങ്ങളിൽ നിന്നും നിന്നു വീണയുടെ കമ്പനിയായ എക്‌സാലോജിക് മാസപ്പടി വാങ്ങുന്നുണ്ടെന്ന നോട്ടിസിലെ ഭാഗം വായിച്ചതോടെ പ്രതിഷേധം കനത്തു. അതു വകവയ്ക്കാതെ കുഴൽനാടൻ നോട്ടിസിലുള്ളതെല്ലാം വായിച്ചുതീർത്തു. ഇതു നിഷേധിക്കാൻ പിണറായിക്കോ മകൾക്കോ സാധിക്കുമോയെന്നു വെല്ലുവിളിച്ചു. നമ്മളെല്ലാം അനാഥാലയങ്ങൾക്ക് അങ്ങോട്ടു പണം കൊടുക്കുമ്പോഴാണു വീണ ഇങ്ങോട്ടു പണം വാങ്ങുന്നതെന്നും കുഴൽനാടൻ കുറ്റപ്പെടുത്തി.
കോടതിയുടെ മുന്നിലുള്ള വിഷയമാണെന്നു ഷംസീർ പറഞ്ഞപ്പോൾ ഇതു നോട്ടിസിൽ പറയുന്ന വസ്തുതയാണെന്നായിരുന്നു കുഴൽനാടന്റെ മറുപടി. ഭരണപക്ഷത്തുനിന്ന് ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷത്തിനു രേഖകൾ പോലും വായിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രതിപക്ഷാംഗം സി.ആർ.മഹേഷ് കുറ്റപ്പെടുത്തി. ഇതിനിടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തുടർന്നു ചർച്ചയ്ക്കു മറുപടി പറയാൻ മന്ത്രി പി.രാജീവിനെ ക്ഷണിക്കുകയും ചെയ്തു.