കൊച്ചി: എക്‌സാലോജിക്കിന്റെ കർണ്ണാടക ഹൈക്കോടതിയിലെ നിയമ നീക്കത്തിന് പിന്നിൽ രണ്ടു കാരണങ്ങൾ. കേരളത്തിലെ ഹൈക്കോടതിയിൽ ഹർജി കൊടുത്താൽ അതിൽ അനുകൂല വിധിയുണ്ടാകില്ലെന്ന വിലയിരുത്തിലായിരുന്നു കർണ്ണാടകയിലെ നിയമ നീക്കം. ഇതിനൊപ്പം എക്‌സാലോജിക്കിന് കേരളത്തിൽ ബന്ധമില്ലെന്ന് വരുത്താനുള്ള തന്ത്രവും. എക്‌സാലോജിക്കിന്റെ രജിസ്‌റ്റേർഡ് വിലാസം തിരുവനന്തപുരത്തെ എകെജി സെന്ററാണ്. കമ്പനി ഡയറക്ടർ താമിസിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ ക്ലിഫ് ഹൗസ് എന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും. ഇവിടെ പരിശോധനകൾക്ക് കമ്പനി കാര്യ വകുപ്പിന് കഴിയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തീരുമാനിച്ചിരുന്നു. അത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടി സിപിഎമ്മിനും നാണക്കേടാണ്. അതുകൊണ്ടാണ് ബംഗ്ലൂരുവിലാണ് വിലാസമെന്ന് വ്യക്തമാക്കുന്ന തരത്തിൽ എക്‌സാലോജിക് കർണാടകയിൽ ഹർജി നൽകുന്നത്. ഇനി കർണാടക അഡ്രസിൽ മാത്രമേ വീണയെ ബന്ധപ്പെടാൻ എസ് എഫ് ഐ ഒയ്ക്ക് കഴിയൂവെന്നാണ് വിലയിരുത്തൽ.

എകെജി സെന്ററുമായി തനിക്ക് നിലവിൽ ബന്ധമില്ലെന്ന് അറിയിക്കുക കൂടിയാണ് ഫലത്തിൽ വീണാ വിജയൻ. ഇതിനൊപ്പം തനിക്ക് ക്ലിഫ് ഹൗസ് വിലാസത്തിലും ആരും ഒന്നും അയക്കേണ്ടതില്ലെന്ന് പറഞ്ഞു വയ്ക്കുന്നു. ഇതാണ് കർണ്ണാടക ഹർജിയിലെ കാതലായ സന്ദേശം. കേരളത്തിലെ ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയാൽ അതിരൂക്ഷ പരാമർശം ഉണ്ടാകും. കേരളത്തിലെ സാഹചര്യവും വാർത്തകളുമെല്ലാം കേസിനെ സ്വാധീനിക്കും. എന്നാൽ കർണ്ണാടകയിലേക്ക് കേസ് മാറുമ്പോൾ അതിന് മറ്റൊരു തലം വരും. കേരളത്തിലെ വാർത്താ കോലാഹലമൊന്നും കർണ്ണാടകയിൽ ആരും അങ്ങനെ അറിയില്ല. മലയാളികൾ മാത്രമാകും കർണ്ണാടകയിൽ ഇരുന്ന് കേരളക്കാര്യങ്ങൾ ശ്രദ്ധിക്കുക. അതുകൊണ്ട് ബാഹ്യ സ്വാധീനം കേസിൽ ഉണ്ടാകില്ലെന്നും വീണയ്ക്കായി നിയമോപദേശം നൽകിയവർ വിലയിരുത്തി. അങ്ങനെയാണ് ഹർജി കർണ്ണാടകയിൽ എത്തിയത്. ഫലത്തിൽ വീണയ്ക്ക വേണ്ടി കർണ്ണാടകയിലും വാർ റൂം ഉണ്ടാകും. ഏത് അഡ്രസിൽ വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് അയയ്ക്കണമെന്ന ആശയക്കുഴപ്പം അന്വേഷണ ഏജൻസിക്കുണ്ടായിരുന്നു. ഇനി ബംഗ്ലൂരുവിലെ അഡ്രസിലേക്ക് നോട്ടീസ് അയക്കേണ്ട സാഹചര്യവും കർണാടകയിലെ ഹർജി ഉണ്ടാക്കിയിട്ടുണ്ട്.

വീണ വിജയന്റെ താമസ സ്ഥലം കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലായിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി താമസിക്കുന്നത് ക്ലിഫ് ഹൗസിലാണ്. വീണാ വിജയന്റെ ഭർത്താവായ പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് അനുവദിച്ചിട്ടുള്ളത് ക്ലിഫ് ഹൗസ് വളപ്പിലെ പമ്പയെന്ന വസതിയാണ്. ക്ലിഫ് ഹൗസിലോ പമ്പയിലോ വീണ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം എകെജി സെന്ററിന് മുന്നിലുള്ള പാർട്ടി നേതാക്കൾക്കുള്ള ഫ്ളാറ്റിലും പിണറായിക്ക് താമസ സ്ഥലമുണ്ട്. ഇതിനൊപ്പം കണ്ണൂരിലെ വീട്ടിലും ഐബി നിരീക്ഷണം നടത്തുന്നുണ്ട്. വീണ വിദേശത്തേക്ക് പോയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് ബംഗ്ലൂരുവിലെ ഹർജി എത്തിയത്. ഇതോടെ ഈ അന്വേഷം അനിവാര്യമല്ലാതെയായി.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ അരുൺ പ്രസാദ് നിലവിൽ ശേഖരിച്ച തെളിവുകൾ വിലയിരുത്തുകയാണ്. കെ എസ് ഐ ഡി സിയിലും സിഎംആർഎല്ലിലും നിന്നും ശേഖരിച്ച തെളിവുകളാണ് വിലയിരുത്തുന്നത്. ഇതിൽ കെ എസ് ഐ ഡി സിയിൽ നിന്നും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ സിഎംആർഎല്ലിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് വീണാ വിജയന്റെ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ദുരൂഹത കൂട്ടുന്നു. ഈ സാഹചര്യത്തിൽ വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ട്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് സാധ്യത. ഈ നോട്ടീസ് നൽകാനാണ് വീണാ വിജയൻ എവിടെയാണുള്ളതെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്താൻ ശ്രമിച്ചത്.

കർണ്ണാടക കോടതിയിൽ ഹർജിയിൽ മാസപ്പടി വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രംഗത്തു വരുമെന്നാണ് വിലയിരുത്തൽ. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്എഫ്ഐഒ ക്ക് ലഭിച്ചതായാണ് വിവരം. രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാസപ്പടി കേസിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചത്. വിവിധ വ്യക്തികളുമായും സംഘടനകളുമായും നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.

രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ പണം സംബന്ധിച്ച കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും സംഘം ചോദിച്ചറിഞ്ഞു. ചട്ടവിരുദ്ധമായാണ് പല സാമ്പത്തിക ഇടപാടുകളും നടന്നതെന്നും സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ സാമ്പത്തികസഹായം സ്വീകരിച്ചവരിൽ നിന്നും വരും ദിവസങ്ങളിൽ അന്വേഷണസംഘം വിവരശേഖരണം നടത്തും. ഇതുവരെ ലഭിച്ച വിവരങ്ങളും രേഖകളും വിശകലനം ചെയ്ത ശേഷമായിരിക്കും തുടർനടപടി. ഈ ഘട്ടത്തിൽ ആദ്യം വീണാ വിജയനെ ചോദ്യം ചെയ്യാനാണ് പദ്ധതി.

സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷന്റെ അന്വേഷണത്തിൽ വീണാ വിജയന് കുടുങ്ങുന്നില്ലെന്ന് ഉറപ്പിക്കാൻ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനമാണ്. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് സ്ഥിതികൾ നിരീക്ഷിക്കാൻ ക്രൈസിസ് മാനേജ്മെന്റ് സംവിധാനമുണ്ട്. ഇതിനൊപ്പം കൊച്ചിയിൽ ക്വിക്ക് റെസ്പോൺസ് ടീം. ഡൽഹിയിലും കരുതൽ സംഘമുണ്ട്. എകെജി സെന്ററിൽ റെയ്ഡ് നടക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാർട്ടി ആസ്ഥാനത്ത് കേന്ദ്ര ഏജൻസി എത്തുന്നതിനെ തടയാൻ അവിടേയും പ്രത്യേക സംവിധാനമുണ്ട്. റെഡ് വാളണ്ടിയർമാർ എന്തിനും ഏതിനും തയ്യാറാണ്. എന്നാൽ കേന്ദ്ര ഏജൻസി എത്തിയാൽ സ്ഥിതി വഷളാകും. ഈ സാഹചര്യത്തിലാണ് എകെജി സെന്ററിലെ വിലാസം മറയ്ക്കാനുള്ള ഹർജി നീക്കം.

കെ എസ് ഐ ഡി സിയിൽ സീരിയസ് ഫ്രോഡ് ഇൻവേസറ്റിഗേഷൻ ടീം എത്തിയതിന് പിന്നാലെ തന്നെ അതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ആ നീക്കത്തിന് അനുകൂലമായ സ്റ്റേ ഹൈക്കോടതി അനുവദിച്ചില്ല. ഇത് തിരിച്ചടിയായി. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിൽ വീണ ഹർജി നൽകാത്തത്.