ന്യൂഡൽഹി: എസ് എൻ ഡി പി യോഗവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീണ്ടും അടുക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ കൊച്ചു മകളുടെ വിവാഹ റിസപ്ഷന് പ്രധാനമന്ത്രിയും എത്തി. കേരളത്തിലെ എൻഡിഎ നേതാവ് കൂടിയായ തുഷാറിന്റെ മകളുടെ വിവാഹ സത്കാരത്തിനാണ് പ്രധാനമന്ത്രി എത്തിയത്. സത്കാരത്തിനിടെ കേരളത്തിലെ രാഷ്ട്രീയവും പ്രധാനമന്ത്രിയുടെ ചർച്ചാ വിഷയമാക്കി. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി വിശദമായ ആശയ വിനിമയം മോദി നടത്തിയെന്നാണ് സൂചന.

വെള്ളാപ്പള്ളിയുടെ കൊച്ചു മകളുടെ വിവാഹം ബോൾഗാട്ടി പാലസിൽ നടന്നത് ഓഗസ്റ്റിലാണ്. അഞ്ചു മാസം കഴിയുമ്പോൾ ഡൽഹിയിൽ 'ചായ ചേ ചർച്ച'യാണ് നടന്നതെന്നാണ് വിലയിരുത്തൽ. ചടങ്ങിനെത്തിയ പ്രധാനമന്ത്രി വെള്ളാപ്പള്ളിയുമായി നിർണ്ണായക ചർച്ചകൾ നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ് എൻ ഡി പിയുടെ പിന്തുണ ബിജെപിക്കുണ്ടാകുമെന്ന് ഉറപ്പിക്കാനായിരുന്നു ചർച്ചൾ. കേരളത്തിലെ വിഷയങ്ങളിൽ പ്രധാനമന്ത്രി പ്രത്യേക താൽപ്പര്യം എടുക്കുമെന്ന് വെള്ളാപ്പള്ളിയെ അറിയിച്ചുണ്ട്. ഈ സാഹചര്യത്തിൽ മോദിയേയും ബിജെപിയേയും വെള്ളാപ്പള്ളിയും എതിർക്കില്ല.

എല്ലാ വിധ പിന്തുണയും കേന്ദ്ര സർക്കാരിന് വെള്ളാപ്പള്ളി വാഗ്ദാനം ചെയ്തു. നേരത്തെ അയോധ്യ പ്രാണ പ്രതിഷ്ഠയിൽ അടക്കം മോദിയുടെ ആഹ്വാനം വെള്ളാപ്പള്ളി ഏറ്റെടുത്തിരുന്നു. വീടിലെ പൂജാ മുറിയിൽ വിജയ ദീപവും തെളിച്ചു. മാസങ്ങൾക്ക് മുമ്പായിരുന്നു തുഷാറിന്റെ മകളുടെ വിവാഹം. ഇതിന്റെ സത്കാരമാണ് ഇപ്പോൾ മോദിയെ എത്തിക്കാനായി വെള്ളാപ്പള്ളി കുടുംബം ഡൽഹിയിൽ നടത്തിയത്. ഏറെ നേരെ വെള്ളാപ്പള്ളി കുടുംബത്തിനൊപ്പം മോദി ചെലവഴിച്ചു. ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ സത്കാരമെന്ന ആശയം വെള്ളാപ്പള്ളി കുടുംബവും ആലോചിച്ചത്. കേന്ദ്ര സർക്കാരിനെ അടുപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ മൂന്നാഴ്ച മുമ്പ് സന്ദർശിച്ചിരുന്നു. അരമണിക്കൂറോളം സന്ദർശനം നീണ്ടു. കേരള രാഷ്ട്രീയം, ലോക്‌സഭാ തിരഞ്ഞെടുപ്പ്, രാമക്ഷേത്ര ഉദ്ഘാടനം അടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കുവാൻ കൂടുതൽ കാര്യപ്രാർത്തിയോടുള്ള പ്രവർത്തനങ്ങൾ എൻഡിഎയുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നും അതിന് ഉതകുന്ന പരിപാടികളും പദ്ധതികളും രൂപീകരിച്ചതായും തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. തുഷാറിന്റെ ഭാര്യ ആശ തുഷാറും തുഷാറിനൊപ്പമുണ്ടായിരുന്നു. വിവാഹ സത്കാരത്തിന് വിളിക്കാനായിരുന്നു ആ സന്ദർശനം.

2023 ഓഗസ്റ്റിലായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെയും ആശാ തുഷാറിന്റെയും മകളുമായ ദേവികയും കൊല്ലം മുഖത്തല കണ്ണൻസിൽ ഭരതൻ സുരേഷ് ബാബുവിന്റെയും കെ.എസ്. ഗീതയുടെയും മകൻ ഡോ. അനൂപും തമ്മിലെ വിവാഹം. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലായിരുന്നു ചടങ്ങ്. ഇതിന്റെ സ്തകാരമാണ് ഇന്ന് ഡൽഹിയിൽ നടന്നത്. വധൂവരന്മാരെ മോദി ആശംസിച്ചു. ഇതിനിടെയാണ് വെള്ളാപ്പള്ളിയുമായി കേരള കാര്യങ്ങളും ചർച്ചയാക്കിയത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിനേയോ ബിജെപിയേയോ വെള്ളാപ്പള്ളി വിമർശിക്കില്ല. തുഷാർ ബിജെപി മുന്നണിയുടെ സ്ഥാനാർത്ഥിയാവുകയും ചെയ്യും. കോട്ടയത്ത് തുഷാർ മത്സരിക്കുമെന്നാണ് സൂചന.

കോട്ടയം ലോക്സഭാ സീറ്റ് ബിഡിജെഎസിന് നൽകാൻ തത്വത്തിൽ ധാരണ ബിജെപിയിൽ ആയിട്ടുണ്ട്. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർത്ഥിയാകണമെന്നാണ് ആവശ്യം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ക്രിസ്ത്യൻ വോട്ടുകൾക്ക് പുറമേ ഈഴവ, നായർ വോട്ടുകളും കോട്ടയത്ത് നിർണായകമാണ്. ഹൈന്ദവ വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ നായർ, ഈഴവ സമുദായങ്ങളിൽ നിന്ന് വർഷങ്ങളായി ഒരാളെപ്പോലും സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ ഇരുസമുദായങ്ങൾക്കും അതൃപ്തിയുണ്ട്. എസ്എൻഡിപി യോഗത്തിന് ശക്തമായ വേരുകളുള്ള മണ്ഡലം കൂടിയാണ് കോട്ടയം. ഇതാണ് തുഷാറിന് അനുകൂലമാകുന്ന ഘടകങ്ങൾ.

2019ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പി സി തോമസ് നേടിയത് 1,55,153 വോട്ടാണ്. ഇക്കുറി രണ്ടര ലക്ഷത്തിലധികം വോട്ടുകൾ നേടാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. തുഷാറിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കൂടുതൽ വോട്ടുകൾ സമാഹരിച്ച് എ ക്ലാസ് മണ്ഡലമെന്ന കാറ്റഗറിയിലേക്ക് കോട്ടയത്തെ ഉയർത്തുകയാണ് എൻഡിഎ ലക്ഷ്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലാണ് ബിഡിജെഎസ് മത്സരിച്ചത്. എന്നാൽ ഇത്തവണ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയാകും മത്സരിക്കുക.