തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കേരളത്തിൽ നിന്നും ക്ലീൻ ചിറ്റ്. വിജിലൻസാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകിയത്. അതിനിടെ എസ് എൻ ഡി പി യോഗം നേതൃത്വം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ പരസ്യ നിലപാട് എടുക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലെ കൂടിക്കാഴ്ചയാണ് ഈ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പ് നടപടി ക്രമത്തിലാണ്. ഇതിനിടെ വലിയൊരു പ്രതിസന്ധി എസ് എൻ ഡി പി യോഗത്തിന് നേരിടേണ്ടി വന്നു. കമ്പനികാര്യ വകുപ്പിന്റെ 'ഡിൻ നമ്പർ' ആണ് ആ പ്രശ്‌നം. എസ് എൻ ഡി പി യോഗത്തിന് കമ്പനിയുടെ സ്വഭാവമായതിനാൽ അതിന്റെ തലപ്പത്തുള്ളവർക്കും ഡിൻ നമ്പർ അനിവാര്യമാണ്. ഇതില്ലാതെ മത്സരിക്കാനാകില്ല. ഈ സാധ്യത എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താൻ എതിർ വിഭാഗം ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രിയെ നേരിൽ കണ്ട് വെള്ളാപ്പള്ളിയുടെ തന്ത്രപരമായ നീക്കം. രാഷ്ട്രീയ പിന്തുണ ഈ കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി നൽകിയിട്ടുണ്ട്.

കൊച്ചു മകളുടെ വിവാഹ സത്കാരത്തിന് ശേഷം മോദിയെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയും വെള്ളാപ്പള്ളി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ് വാർത്ത പുറത്തു വരുന്നത്. ഇത് വെള്ളാപ്പള്ളിക്ക് വലിയൊരു അനുഗ്രഹമാണ്. മൈക്രോ ഫിനാൻസ് കേസിൽ വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോൾ വി എസ് അച്യുതാനന്ദനാണ് ഹൈക്കോടതിയെ സമീപിച്ചത്. വെള്ളപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലൻസാണ് ഇപ്പോൾ തെളിവില്ലെന്ന് കോടതിയെ അറിയിച്ചത്.

ബിഡിജെഎസ് ബിജെപിക്കൊപ്പം ചേർന്നതോടെ വെള്ളാപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിനിടെയാണ് വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയർമാനായി മാറിയത്. ഇത് കേസുകൾ അട്ടിമറിക്കാനാണെന്ന് വാദമെത്തി. ഈ കേസ് തീരുമ്പോൾ വീണ്ടും ബിജെപി പക്ഷത്തേക്ക് വെള്ളാപ്പള്ളി മാറുമോ എന്നതും ശ്രദ്ധേയമാകും. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി വെള്ളാപ്പള്ളി പരസ്യ പ്രതികരണത്തിന് ഇറങ്ങിയിരുന്നു. ഇതേ മോഡലിൽ വീണ്ടും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പ്രചരണത്തിൽ നിറയും.

മൈക്രോ ഫിനാൻസ് അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി വിജിലൻസും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നൽകിയ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നൽകി. മൈക്രോ ഫിൻൻസ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്നു മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെള്ളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

എസ് എൻ ഡി പി യോഗം ഭാരവാഹിയായ മകൻ തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിലും ഏതാണ്ട് അനുകൂല നിലപാട് മോദിയുമായുള്ള ചർച്ചയിൽ വെള്ളാപ്പള്ളി എടുത്തിട്ടുണ്ട്. തുഷാറിന്റെ മകളുടെ വിവാഹം ഓഗസ്റ്റ് അവസാന ആഴ്ചയാണ് കൊച്ചിയിൽ നടന്നത്. ഈ കല്യാണത്തിന്റെ സത്കാരം ഡൽഹിയിൽ കഴിഞ്ഞ ദിവസം നടത്തി. ഇത് പ്രധാനമന്ത്രി മോദിയെ എത്തിക്കാൻ മാത്രമായിരുന്നു. തുഷാർ നേരിട്ട് പോയി മോദിയെ വിളിച്ചു. കേരളത്തിലെ എസ് എൻ ഡി പി വോട്ട് ഈ തിരിഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായകമാണ്. തൃശൂരിൽ ബിജെപി ജയമാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ ഈഴവ സമുദായത്തിന് മതിയായ വോട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് തുഷാറിന്റെ മകളുടെ വിവാഹ സത്കാരത്തിന് മോദി നേരിട്ടെത്തിയത്. ഇവിടെ ചർച്ചകളും നടന്നു.

എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഒന്നും മോദിയുമായി വിവാഹ സത്കാരത്തിനിടെ വെള്ളാപ്പള്ളി ചർച്ച നടത്തിയില്ല. എന്നാൽ എസ് എൻ ഡി പിയിലെ തിരഞ്ഞെടുപ്പ് പ്രതിസന്ധയിൽ കേന്ദ്ര സഹായം വെള്ളാപ്പള്ളി കുടുംബത്തിന് അനിവാര്യതയാണ്. ഈ വിഷയം കോടതിയിൽ എത്തിയാൽ കമ്പനി കാര്യ വകുപ്പിന്റെ നിലപാട് നിർണ്ണായകമാണ്. ഇതിനൊപ്പം കേരളാ സർക്കാരിൽ നിന്നും മതിയായ പിന്തുണ ഈ വിഷയത്തിൽ കിട്ടിയില്ലെന്ന പരിഭവവും വെള്ളാപ്പള്ളിക്കുണ്ട്. തുഷാറിന് ബിഡിജെഎസ് സ്ഥാനാർത്ഥിയായേ മതിയാകൂ താനും. അതുകൊണ്ട് തന്നെ ബിജെപിയെ പരസ്യമായി വിമർശിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളി. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി മോദിയുമായി അടുത്ത് പ്രതിസന്ധികളിൽ ആശ്വാസം കണ്ടെത്താനുള്ള വെള്ളാപ്പള്ളിയുടെ നീക്കം. എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ ഉറച്ച പിന്തുണ വെള്ളാപ്പള്ളിക്ക് പല വിവാദങ്ങളിലും നൽകിയിരുന്നു. ഇതോടെയാണ് ബിഡിജെഎസുമായി അകന്ന് ഇടതുപക്ഷ നയങ്ങൾ വെള്ളാപ്പള്ളി ഉയർത്തിക്കാട്ടിയത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാകില്ല. ഇടതു വ്യതിയാനം വെള്ളാപ്പള്ളിയിൽ തെളിയുമെന്നാണ് വിലയിരുത്തൽ.

എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടു റിസീവർ ഭരണം ഏർപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി.സംരക്ഷണസമിതി ആവശ്യപ്പെട്ടിരുന്നു. ഡിൻ നമ്പർ ഇല്ലാത്ത ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രഥമദൃഷ്ട്യാ അയോഗ്യരാണെന്ന ഡിവിഷൻ ബെഞ്ചിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആവശ്യം. വെള്ളാപ്പള്ളിക്ക് ഈ ഹൈക്കോടതി ഉത്തരവ് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ അയോഗ്യതാ ഭീഷണിയും സജീവം. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാരുമായി അടുക്കുന്നതിന് കൊച്ചുമകളുടെ വിവാഹത്തിന് ഡൽഹിയിൽ സ്‌നേഹ വിരുന്ന് ഒരുക്കിയതെന്നാണ് സംരക്ഷണ സമിതിയുടെ സംശയം. ഇതിലെ പ്രശ്‌നങ്ങൾ അവർ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഉറപ്പാണ്.

ഓഗസ്റ്റിലാണ് കൊച്ചു മകളുടെ കല്യാണം നടന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി നേരിട്ടെത്തിയതോടെയാണ് ഡൽഹി സത്കാരം ആലോചനയിൽ എത്തുന്നത്. തുഷാറും ഭാര്യയും നേരിട്ട് പോയി മോദിയെ ക്ഷണിച്ചു. സ്വകാര്യമായ ചടങ്ങ്. ഇവിടെ വളരെ സജീവമായി തന്നെ മോദി നിറയുകയും കുടുംബത്തിന്റെ ക്ഷേമ കാര്യങ്ങൾ അടക്കം ചർച്ച ചെയ്യുകയും ചെയ്തു. കേന്ദ്ര സർക്കാരിനൊപ്പം താനുണ്ടാകുമെന്നും അയോധ്യ പ്രാണപ്രതിഷ്ഠയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തതുമെല്ലാം വെള്ളാപ്പള്ളി നേരിട്ട് അറിയിക്കുകയും ചെയ്തു. എല്ലാ അർത്ഥത്തിലും അഞ്ചു മാസം വൈകിയുള്ള കല്യാണ നയതന്ത്രം ഫലിച്ചുവെന്ന വിലയിരുത്തലിലാണ് വെള്ളാപ്പള്ളി കുടുംബം.