- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുറമുഖ പണി നിർത്തിക്കാൻ വാദിച്ച സമര സമിതി; മിണ്ടാതെ കേട്ടിരുന്ന കെ എസും വിഡിയും കെസിയും; സഭാ നേതാക്കളുടെ കടുംപിടിത്തം കേട്ട് സ്വപ്ന പദ്ധതിക്ക് പാരപണിയില്ലെന്ന് വിശദീകരിച്ച തിരുവനന്തപുരത്തെ എംപിയും; രാഹുൽ വിഴിഞ്ഞത്ത് നിശബ്ദനായത് തരൂർ ഇഫക്ടിൽ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഐക്യം വീണ്ടെടുക്കുന്നതിനായി കോൺഗ്രസ് നടത്തുന്ന ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലൂടെ കടന്ന് പോയപ്പോഴാണ് വിഴിഞ്ഞം സമര സമിതിയെ കേൾക്കാൻ രാഹുൽ ഗാന്ധി തയ്യാറായത്. പദയാത്ര കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുമായും അവരുടെ അടിസ്ഥാന പ്രശ്നങ്ങളുമായി സംവദിച്ചാണ് യാത്രയുടെ മുന്നോട്ടുള്ള പോക്ക്. അതിന്റെ ഭാഗമായി തന്നെയാണ് സമര സമിതി കൺവീനർ ഫാ. യുജിൻ പെരേര ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയത്.
സമരത്തിന് രാഹുലിന്റെ പിന്തുണയ്ക്ക് ഒപ്പം ദേശീയ തലത്തിൽ പ്രക്ഷോഭം ചർച്ചയായി വരണമെന്ന താല്പര്യവും സമര സമിതിക്ക് ഉണ്ടായിരുന്നു. സമരത്തിന്റെ മുന്നണിയിൽ രാഹുലിനെ എത്തിക്കുക എന്ന തന്ത്രവും സമര സമിതിയിക്ക് ഉണ്ടായിരുന്നു. അദാനിക്കെതിരെ രാഹുലിനെ മുന്നിൽ നിർത്തിയാൽ ദേശീയ തലത്തിൽ ഈ പ്രക്ഷോഭം വളർത്തി കൊണ്ടു വരാം എന്ന കണക്കു കൂട്ടലും സമരസമിതിക്ക് ഉണ്ടായിരുന്നു.
എന്നാൽ സമര സമിതിയുടെ വിശദീകരണത്തിന്റെ ആദ്യ പാദത്തിൽ തന്നെ വിഷയം രാഹുലിന് വ്യക്തമായി മനസിലായില്ല, കേരളത്തിലെ നേതാക്കൾ ഈ വിഷയം രാഹുലിനെ നേരത്തെ ധരിപ്പിച്ചിരുന്നില്ല. വ്യക്തതയില്ലാത്ത വിഷയത്തിൽ ആദ്യ അവസാനം കേൾവിക്കാരന്റെ റോളിലിരുന്ന രാഹുലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട കെ സുധാകരനും വി ഡി സതീശനും കെ സി വേണുഗോപാലും നിശബ്ദത പാലിച്ചു. തൊട്ടാൽ പൊള്ളുന്ന വിഷയമായതു കൊണ്ടു തന്നെ കേരള നേതാക്കൾ കൈകൊണ്ട നിശബ്ദത ഭേദിച്ചത് ശശി തരൂർ ആയിരുന്നു.
വിഴിഞ്ഞം പദ്ധതിയുടെ കല്ലിടൽ ജോലിയുടെ എൺപത് ശതമാനം പണിയും പൂർത്തിയായി കഴിഞ്ഞുവെന്നും ഇനി സമരം നടത്തിയിട്ടു കാര്യമില്ലന്നും വിഴിഞ്ഞം പദ്ധതി വികസനത്തിന്റെ ഭാഗമാണന്നും ഈ പദ്ധതിയെ എതിർത്താൽ വികസന വിരോധികളായി മാറുമെന്നും ശശി തരൂർ തുറന്നടിച്ചു. തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെ എതിർക്കാനാവില്ലന്നും ഉമ്മൻ ചാണ്ടി സർക്കാരാണ് പദ്ധതി കൊണ്ടു വന്നതെന്നും ശശി തരൂർ വിശദീകരിച്ചപ്പോഴാണ് വിഴിഞ്ഞം തുറമുഖ പ്രശ്നം രാഹുൽ ഗാന്ധിക്ക് ബോധ്യമായത്.
പദ്ധതിയുടെ ഭാഗമായി കടലിൽ കല്ലിട്ടതിൽ ചില ഭാഗത്ത് കടൽകയറി എന്നും പുവ്വാർ പോലുള്ള ദേശങ്ങളിൽ കടൽ ഇറങ്ങിയെന്നും സമരസമിതി ചൂണ്ടിക്കാട്ടി. എന്നാൽ കടൽ ഇറങ്ങി കര രൂപപ്പെട്ട സ്ഥലങ്ങളിൽ മത്സ്യ ബന്ധന സാധ്യത പരിശോധിച്ചു കൂടെ എന്ന നിലപാടും ചർച്ചകളിലേക്ക് വന്നു. മത്സ്യ തൊഴിലാളികൾക്കൊപ്പമാണ് കോൺഗ്രസ്. അതിന് പരിഹാരമുണ്ടാകണം. എന്നാൽ അത് തുറമുഖ വികസനത്തെ തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന് തരൂർ വിശദീകരിച്ചു. ഇതിനൊപ്പം പാരിസ്ഥിതിക പഠനത്തിലും നിലപാട് വ്യക്തമാക്കി. പഠനം നടത്താമെന്നും എന്നാൽ അത് തുറമുഖത്തെ അട്ടിമറിച്ചു കൊണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.
തരൂരിന്റെ ഇടപെടലിൽ പദ്ധതിയെ കുറിച്ച് കൂടുതൽ അറിഞ്ഞതോടെ രാഹുൽ നിശ്ബദനായി മാതമല്ല കേരള ഘടകത്തോടും വിഷയം പരിശോധിക്കാൻ പറഞ്ഞ് വിഷയത്തിൽ നിന്നും തലയൂരി. വികസന വിരോധികൾ എന്ന ട്രേഡ്മാർക്ക് വീഴുമെന്ന ശശി തരൂരിന്റെ മുന്നറിയിപ്പും രാഹുലിന്റെ നിലപാടിനെ സ്വാധീനിച്ചു. വിഴിഞ്ഞം എം എൽ എ യും കോൺഗഗസ് നേതാവുമായ എം വിൻസെന്റ് ചർച്ചയിൽ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി. ശശി തരൂരിനൊപ്പം കാര്യങ്ങൾ വിശദീകരിച്ച് കൂടെ നിൽക്കേണ്ടിയിരുന്ന സ്ഥലം എം എൽ എയാണ് വിട്ടു നിന്നത്.
അതേസമയം ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സമര സമിതി . സമരത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയതായി അറിയിച്ചു. വഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കെപിസിസിയോട് രാഹുൽ നിലപാട് തേടിയതായും ലത്തീൻ അതിരൂപത അറിയിച്ചു. ദേശീയ നേതാവ് എന്ന നിലയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും സമരസമിതി കൺവീനർ ഫാദർ യൂജിൻ പെരേര പറഞ്ഞു. വിഷയങ്ങൾ രേഖാമൂലം രാഹുലിനെ അറിയിച്ചു കഴിഞ്ഞു. വിഴിഞ്ഞം പദ്ധതിയെ തുടർന്നുള്ള തീരശോഷണവും വീടുകളുടെ നഷ്ടവും ഉപജീവനത്തിലെ പ്രതിസന്ധിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്.
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പൂർണ അവകാശം ഉറപ്പിക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും സമര സമിതി പറഞ്ഞു. എന്നാൽ കെ റെയിൽ വിരുദ്ധ സമര സമിതിയുമായി ആറ്റിങ്ങലിൽവെച്ച് നടന്ന കൂടിക്കാഴ്ചയിൽ രാഹുൽ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഒപ്പം അവരുടെ ആശങ്കകൾ മുഴുവൻ കേൾക്കുകയും ഇടപെടാൻ കെ പി സി സി യ്ക്ക് നിർദ്ദേശം നൽകുകയും ചെയ്ത ശേഷമാണ് രാഹുൽ
യാത്ര തുടർന്നത്. ജോഡോ യാത്ര ഉയർത്തുന്ന രാഷ്ടടീയത്തിനപ്പുറം പൊതു പ്രശ്നങ്ങളിലെ നിലപാട്, വികസന കാഴ്ചപ്പാട് എന്നിവയിൽ രാഹുൽ ഉയർത്തിപ്പിടിക്കുന്ന ചിന്തയും മൂല്യങ്ങളും കെ റെയിൽ, വിഴിഞ്ഞം പദ്ധതികൾ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നതാണ്..
വേണമെങ്കിൽ രാഹുലിന് വിഴിഞ്ഞം വിഷയം കത്തിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താമായിരുന്നു. എന്നാൽ അതല്ല രാഷ്ടടീയം എന്ന് തെളിയിക്കുന്നതായിരുന്നു വിഴിഞ്ഞം തുറ മുഖ സമരത്തിലെ അദ്ദേഹത്തിന്റെ നിലപാടുകൾ. വിഴിഞ്ഞത്ത് എൺപത് ശതമാനത്തിലധികം കല്ലിട്ടു കഴിഞ്ഞു. ഇനി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ കടൽ കയറാനും സാധ്യതയില്ല ഇക്കാര്യങ്ങളും തരൂർ ചർച്ചയിൽ ഉന്നയിച്ചു. ലത്തീൻ സഭയുമായും തീരദേശ വാസികളുമായും ഏറ്റവും അടുത്ത് നിൽക്കുന്ന നേതാവ് തന്നെ ഇങ്ങനെയൊരു നിലപാട് എടുത്തതോടെ സംസ്ഥാനത്തെ കോൺഗസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്. രാഹുലിന് മുന്നിൽ മൗനം തുടർന്ന നേതാക്കൾ ഇനി അഭിപായ പ്രകടനം നടത്തേണ്ടതായി വരും.
എന്നാൽ കെ റെയിൽ സമരത്തെ രാഹുൽ പിന്തുണയ്ക്കുന്നു. അത് നടപ്പാകാൻ തുടങ്ങാത്ത പദ്ധതിയാണ്. ഈ സഹചര്യത്തിൽ സമരക്കാരുടെ വികാരത്തിനൊപ്പം നിൽക്കും. എന്നാൽ വിഴിഞ്ഞത്ത് പണി ഏതാണ്ട് പൂർത്തിയായി. ഇനി എതിർത്തിട്ട് കാര്യമില്ലെന്ന് തിരിച്ചറിയുകയാണ് രാഹുലും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്