- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഴമ്പു തേച്ച് കുളിക്കൊരുങ്ങുമ്പോൾ പുറത്ത് 'കണ്ണേ കരളേ..' വിളികൾ; തേച്ചു കുളി രണ്ടു ദിവസം നേരത്തെയാക്കിയത് പിറന്നാൾ ദിന സെപ്ഷ്യൽ; പത്രവായനയും പതിവ് പോലെ; ആശംസയുമായി പാർട്ടി സെക്രട്ടറിയും എത്തി; ബാർട്ടൺഹില്ലിലെ 'വേലിക്കകത്ത്' വിഎസിന് സദ്യയില്ലാ നൂറാം പിറന്നാൾ
തിരുവനന്തപുരം: ആഘോഷങ്ങളില്ലാത്ത നൂറാം പിറന്നാൾ. എല്ലാം ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച്. വിപ്ലവ വഴിയിൽ കേരളത്തെ വിസ്മയിപ്പിച്ച ജീവിച്ചിരിക്കുന്ന ഇതിഹാസ രാഷ്ട്രീയക്കാരൻ എല്ലാം അറിയുന്നു. പക്ഷേ പിറന്നാൾ ദിനത്തിൽ പുറത്തേക്ക് വരാൻ ഡോക്ടറുടെ വിലക്ക് സഖാവിനെ അനുകൂലിക്കുന്നില്ല. പുറത്തെ വിപ്ലവാഭിവാദ്യങ്ങൾ കേട്ട് അണികളുടെ ആഘോഷം വി എസ് അച്യുതാനന്ദനും തിരിച്ചറിയുന്നു. വീട്ടിൽ എത്തുന്നവർക്കെല്ലാം പിറന്നാൾ പായസം ഇത്തവണയും വീട്ടുകാർ ഒരുക്കുന്നു. സഖാവിനെ നേരിട്ട് കാണാനാകാത്തതിന്റെ വേദനയിലും പിറന്നാൾ ആശംസകൾ ചൊരിയുകയാണ് മലയാളികൾ.
പിറന്നാൾ ദിനത്തിൽ അഭിവാദ്യം അർപ്പിക്കാൻ വീട്ടിലെത്തിയവരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനിൽ തുടങ്ങുന്ന നീണ്ട നിര. നേരിട്ട് കാണാനാകില്ലെന്ന് അറിയാവുന്നതിനാൽ പലരും വീട്ടിലേക്ക് വരുന്നത് ഒഴിവാക്കുന്നു. അണുബാധ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും വിഎസിനെ അകറ്റി നിർത്താനാണ് ഇതെല്ലാം. അടുത്ത ബന്ധുക്കൾ പോലും ആഘോഷത്തിന്റെ ആരവം ഉയർത്താൻ തിരുവനന്തപുരത്തെ ബാട്ടൺഹില്ലിലെ വീട്ടിലേക്ക് എത്തുന്നില്ല. ഭാര്യയും മകനും കുടുംബത്തിനുമൊപ്പമാണ് വി എസ്. തൊട്ടടുത്താണ് മകളുടെ താമസവും. വിഎസിന്റെ പിറന്നാൾ ആഘോഷം ഇവരിലേക്ക് മാത്രമൊതുങ്ങുന്നു. ബാർട്ടൺഹില്ലിലെ വീട്ടിനും ആലപ്പുഴയിലെ കുടുംബ വീടിന്റെ പേരായ വേലിക്കകത്ത് എന്നു തന്നെയാണ്.
സമര നായകൻ വി എസിന് നൂറാം പിറന്നാൾ സമ്മാനങ്ങളും ആശംസകളുമായി സഖാക്കൾ തിരുവനന്തപുരത്തെ വസതിയിലെത്തി. മകൻ അരുൺകുമാറിന്റെ ബാർട്ടൻഹിൽ വീട്ടിലാണു നേതാക്കളും എത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ നേരിൽകണ്ട് ആശംസകൾ അറിയിക്കാൻ കഴിഞ്ഞില്ലെങ്കിലും ദൂരെ നിന്ന് ആശംസകൾ അറിയിച്ചു സഖാക്കൾ. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുൻ മന്ത്രി ശ്രീമതി ടീച്ചർ പന്ന്യൻ രവീന്ദ്രൻ തുടങ്ങി നിരവധി പേർരാവിലെ തന്നെ വസതിയിലെത്തി. പ്രാദേശിക സിപിഎം നേതാവായ ഐപി ബിനുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ വിഎസിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്.
കുഴമ്പു തേച്ച് കുളിയുമായണ് വിഎസിന്റെ പിറന്നാൾ ആഘോഷം തുടങ്ങിയത്. കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നെത്തിച്ച പ്രത്യേകം തയ്യാറാക്കിയ കുഴമ്പുപയോഗിച്ചാണ് കുളി. ദിവസവും ശരീര ശുദ്ധി വരുത്തുന്ന വി എസ് ആഴ്ചയിൽ രണ്ടു ദിവസമാണ് വിശദമായി കുഴമ്പു തേച്ച് കുളിക്കുന്നത്. അത് ഞായറാഴ്ചയും പിന്നെ ബുധനാഴ്ചയുമാണ്. പിറന്നാൾ ദിനമായതു കൊണ്ട് ആ പതിവ് തെറ്റിച്ച് വെള്ളിയാഴ്ചയിലെ വിശദമായ കുളി. ഈ കുളിയുടെ ചെറു ക്ഷീണമുള്ളതിനാൽ പത്രം വായിച്ചു കേൾപ്പിച്ചു കൊടുത്തു കുടുംബം. കുളി കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്ക് പ്രവർത്തകർ എത്തി തുടങ്ങി. പുറത്ത് കണ്ണും കരളുമായ വിഎസിന് സർവ്വ ഐശ്വര്യങ്ങളും നേരുന്ന മുദ്രാവാക്യം വിളികൾ.
മാധ്യമ പ്രവർത്തകരുടെ നീണ്ട നിരയും ബാട്ടൺഹില്ലിലെ വീട്ടിന് മുമ്പിലെത്തി. ആർക്കും വിഎസിനെ പകർത്താനായില്ല. എല്ലാവർക്കും പാസയം നൽകണമെന്ന് കുടംബത്തെ വി എസ് ഓർമ്മിപ്പിച്ചിരുന്നു. പ്രവർത്തകരും പിറന്നാൾ ആഘോഷത്തിന്റെ മധുരം നുണർന്നു. ഇതിനിടെ അച്ഛന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ മകനുമെത്തി. അച്ഛൻ സന്തോഷവാനാണെന്നും എല്ലാം അറിയുന്നുണ്ടെന്നും മകൻ പറഞ്ഞു. കേക്ക് മുറിക്കുമെന്നും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് എല്ലാമെന്നും വിശദീകരിച്ചു. ഗവർണ്ണറുടെ ഫോൺ വിളിയും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചില്ലെന്നും ചോദ്യങ്ങളോട് പ്രതികരിച്ചു. ഇനി വിളിക്കാനുള്ള സാധ്യതയും തള്ളി കളഞ്ഞില്ല.
വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിലാണ് നിലവിൽ വി എസ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്നതാണ് വസ്തുത. അസുഖ പ്രശ്നങ്ങൾ കാരണം സദ്യ കൂട്ടിയുള്ള ഊണും വിഎസിനില്ല ഇത്തവണ. എല്ലാം ആരോഗ്യം നന്നായിരിക്കാനുള്ള വീട്ടുകാരുടെ കരുതൽ.
നേരിയ പക്ഷാഘാതത്തെ തുടർന്നാണ് വി എസ് പൊതു വേദിയിൽ നിന്ന് അകന്നത്. അനാരോഗ്യത്തെ തുടർന്ന് വിശ്രമത്തിലായെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യകാര്യങ്ങളിൽ ഇപ്പോഴും അതീവ ശ്രദ്ധ വി എസ് പുലർത്തുന്നുണ്ട്. ആലപ്പുഴ വെന്തലത്തറ വീട്ടിലെ ശങ്കരന് 1923 ഒക്ടോബർ 20 നാണ് വി എസ് പിറന്നത്. നാലാം വയസിൽ അമ്മ മരിച്ചു. 11 വയസായപ്പോൾ അഛനും. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വി എസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.
ചേട്ടന്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്ചുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു. പിന്നീട് കേരള രാഷ്ട്രീയം വി എസ് എന്ന രണ്ടക്ഷരത്തിന് പിന്നാലെയായി.
ആധുനിക കേരളചരിത്രത്തിനൊപ്പം നടന്ന വി എസ് എന്ന സമര പോരാട്ടത്തിന് നൂറ്. ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി എസ് നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ എന്നും മായാതെ നിലനിൽക്കും. ജനനായകന് മറുനാടൻ ടീമിന്റെ പിറന്നാളാശംസകൾ.
മറുനാടന് മലയാളി ബ്യൂറോ