തിരുവനന്തപുരം: പഠിക്കാൻ മിടുക്കി. ആർക്കും എന്തും ചെയ്തു നൽകുന്നതിൽ മാതൃകാ പരമായ പ്രവർത്തനം. ഡോക്ടർ അഭിരാമിയുടെ മരണത്തിൽ വെള്ളനാട്ടുകാർ വേദനയിലാണ്. ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും ഈ പെൺകുട്ടിക്കുണ്ടായിരുന്നില്ല. ഭർത്താവിന്റെ വീട്ടുകാരുടേതും നല്ല സമീപനം. അങ്ങനെ വെള്ളനാട്ടുകാരെ അമ്പരപ്പിച്ചാണ് അഭിരാമിയുടെ മടക്കം. ഈ വേദന മറുനാടനോട് പങ്കുവയ്ക്കുകയാണ് പഞ്ചായത്ത് അംഗം വി എസ് ശോഭൻ കുമാർ. കിടങ്ങുമ്മൽ വാർഡിനെ പ്രതിനിധീകരിക്കുന്ന ശോഭന് ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അഭിരാമിയുടെ മരണം അറിഞ്ഞ് ഓടിയെത്തിയ ശോഭന്റെ നേതൃത്വത്തിലാണ് അഭിരാമിയുടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിച്ചതും തുടർ നടപടികൾ എടുത്തതും.

മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക തോന്നിയിട്ടില്ല. എങ്കിലും ആത്മഹത്യയ്ക്ക് കരാണം ഉണ്ടാകും. അത് ഞങ്ങൾക്ക് അറിയില്ല. ഒരു സംശയവും ബന്ധുക്കൾക്കോ ഞങ്ങൾക്കോ ഇല്ല. പൊലീസുമായി ബന്ധപ്പെട്ടപ്പോൾ കുറിപ്പുണ്ടെന്ന് പറയുന്നു. മറ്റൊന്നും ആ കുറിപ്പിലും ഇല്ല. എങ്കിലും ഒരാൾ ആത്മഹത്യ ചെയ്യണമെങ്കിൽ മതിയായ കാരണമുണ്ടാകുമെന്ന് ശോഭൻ പറയുന്നു. അഭിരാമിയുടെ വിവാഹം കഴിഞ്ഞിട്ട് നാലുമാസം. നല്ല രീതിയിലുള്ള കുടുംബ ബന്ധം. ഭർത്താവും വീട്ടിൽ വരാറുണ്ട്. നല്ല നിലയിലാണ് അതും പോയത്. സന്തോഷമായി കഴിയുന്നു. മരണ ദിവസം രാവിലേയും ഡ്യൂട്ടിയുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിൽ സ്‌റ്റേ. എന്താണ് സംഭവിച്ചതെന്ന് കൂട്ടുകാർക്കും ഡോക്ടർമാർക്കും പോലും അറിയില്ല. ആത്മഹത്യാ ചെയ്യാനുള്ള കാരണവും ഇല്ല. കാരണം കണ്ടെത്തണം-ശോഭൻ ആവശ്യപ്പെട്ടു.

മരിക്കുന്ന ദിവസം മൂന്ന് മണിക്ക് അഭിരാമിയെ അച്ഛൻ വിളിച്ചു. കൊല്ലത്തേക്ക് പോകും. ഭക്ഷണം കഴിച്ച ശേഷം പോകുമെന്ന് പറഞ്ഞു. സാധാരണ നിലയിൽ സംസാരിച്ചു. അതിന് ശേഷം ഹസ്ബൻഡുമായും അഭിരാമി ബന്ധപ്പെട്ടു.സന്ദേശം അയച്ചു. പിന്നീട് ഭർത്താവ് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. ഇതോടെ ഭർത്താവ് അമ്മയെ വിളിച്ചു. അമ്മ വീട്ടുടമസ്ഥനേയും. അപ്പോഴാണ് ആത്മഹത്യ അറിയുന്നത്. ഭർത്താവിന് മുംബൈയിലാണ് ജോലി. അമ്മയുടെ കണ്ണിനുള്ള ഓപ്പറേഷനുമായി ബന്ധപ്പെട്ട് കൊല്ലത്തുണ്ടായിരുന്നു. ആർക്കും ആരേയും സംശയമില്ല. എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നതിൽ സ്വാഭാവിക കാരണം കണ്ടെത്തണം-ശോഭൻ ആവശ്യപ്പെട്ടു.

അഭിരാമി പഠിക്കാൻ മിടുക്കിയായിരുന്നു. സർക്കാർ സ്‌കൂളിലാണ് പഠിച്ചത്. പത്താംക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. എംബിബിഎസിന് എൻട്രൻസിൽ ഉന്നത റാങ്ക് നേടി. ആദ്യ തവണ തന്നെ പിജി എൻട്രൻസും ജയിച്ചു. പഠനത്തിലും പെരുമാറ്റത്തിലും മാതൃകാപരമായിരുന്നു അഭിരാമിയുടെ പ്രവർത്തനം. നാട്ടിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്നവരെ എല്ലാം സഹായിച്ചു. ആർക്കും പരാതിയില്ല. അതുകൊണ്ട് തന്നെ നാടിന് വേദനായണ് ഈ വിയോഗം-ശോഭൻ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ വനിതാഡോക്ടർ ജീവനൊടുക്കിയത് അമിതമായ അളവിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവച്ചാണെന്ന് നിഗമനം. തിരുവനന്തപുരം വെള്ളനാട് സ്വദേശിനി ഡോ. അഭിരാമി(30)യെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ ഉള്ളൂർ പി.ടി. ചാക്കോ നഗറിലെ വാടകഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റായിരുന്നു അഭിരാമി.

ചൊവ്വാഴ്ച വൈകിട്ട് മുറി തുറക്കാത്തതിനാൽ വീട്ടുടമയും സുഹൃത്തുക്കളും നടത്തിയ പരിശോധനയിലാണ് അഭിരാമിയെ മരിച്ചനിലയിൽ കണ്ടത്. അഭിരാമി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് മാത്രമാണ് കത്തിൽ എഴുതിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തിൽ മുൻ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ് അഭിരാമി. മാസങ്ങൾക്ക് മുൻപായിരുന്നു വിവാഹം. ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷ് മുംബൈ ഇ.എസ്‌ഐ. ആശുപത്രിയിൽ ഡോക്ടറാണ്.

വീട്ടുടമയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

വൈകിട്ട് 6.35-ന് അഭിരാമിയുടെ അമ്മ ഫോണിൽ വിളിച്ച് മകളെ ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞു. ഒന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടു. ഞാൻ ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോൾ അഭിരാമി നാലരയ്ക്ക് വന്നതായും മുറിയിലുണ്ടെന്നും പറഞ്ഞു. തുടർന്ന് ഭാര്യ മുറിയിൽ പോയി വാതിലിൽ തട്ടിവിളിച്ചെങ്കിലും തുറന്നില്ല. അതോടെ ഞാനും പോയി വാതിലിൽ തട്ടി. എന്നിട്ടും തുറന്നില്ല. തുടർന്ന് പിറകിലൂടെ പോയി ജനലിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ജനൽച്ചില്ല് പൊട്ടിച്ച് അകത്തേക്ക് നോക്കിയപ്പോളാണ് അഭിരാമിയെ കട്ടിലിൽ കിടക്കുന്നനിലയിൽ കണ്ടത്. കൈയിൽ ഒരു സിറിഞ്ചും ഉണ്ടായിരുന്നു. ഇത് കണ്ടതോടെ ഇവിടെ താമസിക്കുന്ന മറ്റൊരു ഡോക്ടറെ വിളിച്ചു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മുറി പൊലീസ് സീൽ ചെയ്തിട്ടുണ്ട്.

അച്ഛനുമായി സംസാരിച്ചു, കുടുംബപ്രശ്നങ്ങളില്ല

അഭിരാമി ദുരൂഹസാഹചര്യത്തിൽ മരണപ്പെടേണ്ട കാരണങ്ങളില്ല. പക്ഷേ, ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് അറിയണം. കഴിഞ്ഞദിവസം വൈകിട്ട് മൂന്നുമണിക്കും അച്ഛനുമായി സംസാരിച്ചിരുന്നു. കൊല്ലത്തെ ഭർതൃവീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നാണ് അച്ഛനോട് പറഞ്ഞിരുന്നത്.

അപ്പോഴൊന്നും അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. അതിനുശേഷമാണ് ഇത് സംഭവിച്ചത്. എന്താണ് കാരണമെന്ന് പൊലീസ് കണ്ടെത്തണം. കുടുംബപ്രശ്നങ്ങളോ മറ്റു പ്രശ്നങ്ങളോ ഇല്ലെന്നും പഞ്ചായത്ത് അംഗം കൂടിയായ ബന്ധു പറഞ്ഞു.