തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിൽ നടുറോഡിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ യദുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. എന്റെ പേരിലോ കണ്ടക്ടർ സുബിന്റെ പേരിലോ സ്റ്റേഷൻ മാസ്റ്ററുടെ പേരിലോ കേസ്് ചുമത്തി ഈ കേസ് വഴി തിരിച്ചു വിടാനാണ് പൊലീസിന്റെ ശ്രമം.

സംഭവം നടന്ന അന്ന് രാത്രി തമ്പാനൂർ ഡിപ്പോയിൽ സുബിനെ സഹായിക്കാൻ ആരൊക്കെ വന്നുവെന്നും, അന്നത്തെ ദിവസം ടെക്നീഷ്യന്മാർ ആരൊക്കെയായിരുന്നു, ഏത് പാർട്ടിക്കാരായിരുന്നു ഇവരെക്കുറിച്ച് അന്വേഷിക്കാതെ സ്റ്റേഷൻ മാസ്റ്ററുടെ പുറകെ പോകേണ്ട ആവശ്യമില്ലെന്നും യദു മറുനാടനോട് പറഞ്ഞു. വലിയ അട്ടിമറി ഇക്കാര്യത്തിൽ ഉണ്ടായി എന്നാണ് യദു വിശ്വസിക്കുന്നത്.

ടെക്നീഷ്യന്മാർ ആരാണെന്നു അന്വേഷിച്ചാൽ മെമ്മറി കാർഡ് സംബന്ധിച്ച വിവരം ലഭിക്കും. ഒരു ടെക്നീഷ്യനല്ലാതെ എനിക്കോ സുബിനോ മെമ്മറി കാർഡ് എടുക്കാൻ സാധിക്കില്ല. കാർഡെടുക്കാൻ ടെക്നീഷ്യന്റെ സഹായം ഉണ്ടായിട്ടുണ്ട്. എനിക്ക് മെമ്മറി കാർഡ് എടുക്കാൻ അറിയില്ല. കാർഡ് ഇരിക്കുന്ന സ്ഥലം അറിഞ്ഞാൽ താൻ തന്നെ പോക്കറ്റിലിട്ട് പൊലീസിനു കൈമാറുമായിരുന്നുവെന്നും യദു പറഞ്ഞു. എന്റെ ഭാഗത്ത് ന്യായമുള്ള തെളിവണ് നഷ്ടപ്പെട്ടത്, ഇവർ ഇരുട്ടിൽ തപ്പി മെമ്മറി കാർഡ് നശിപ്പിക്കുമെന്നും യദു വിശദീകരിച്ചു.

പൊലീസിൽ എനിക്കു വിശ്വാസമില്ല. അന്ന് രാത്രി ബസ്സിൽ നിന്നു തന്റെ ബാഗ് എടുക്കുന്ന സമയത്ത് പൊലീസ് കൂടെയുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് താൻ മെമ്മറി കാർഡ് എടുക്കുന്നതെന്നും യദു ചോദിക്കുന്നു. തർക്കമുണ്ടായതിന്റെ പിറ്റേദിവസം രാവിലെ കണ്ടക്ടർ ഡ്യൂട്ടിക്കുണ്ടായിരുന്നോ എന്നു പോലും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും യദു പറഞ്ഞു. മാഡത്തിനെയും എം എൽ എ സാറിനേയും കേസിൽ നിന്നു ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഞാനാണ് പ്രശ്നക്കാരനെങ്കിൽ എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. അവർ ഉന്നത പദവികളിലിരിക്കുന്നതു കൊണ്ടാണ് പൊലീസ് ഉദാസീനത കാണിക്കുന്നതെന്നും യദു മറുനാടനോട് പറഞ്ഞു.

അതേസമയം ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ കേസിൽ ബസ് ഡ്രൈവർ യദുവിനെയും ബസ് കണ്ടക്ടർ സുബിനെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കഴിഞ്ഞദിവസം സിറ്റി കമ്മീഷ്ണർ ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാർഡുമായി ബന്ധപ്പെട്ട് പൊലീസിനു യാതൊരു തുമ്പും കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്. കണ്ടക്ടർ സുബിൻ തർക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

എന്നാൽ മെമ്മറി കാർഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റർ നോക്കുകയാണ് ചെയ്തതെന്നാണ് മൊഴി. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു.