- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖരമാലിന്യ സംസ്ക്കരണ രംഗത്ത് കോടികൾ കൊയ്യാമെന്ന് വൈക്കം വിശ്വന്റെ മരുമകൻ മനസിലാക്കിയത് 2016 ന് ശേഷം; ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ് കുമാർ ചെല്ലപ്പൻ പിള്ള ആധിപത്യം ഉറപ്പിച്ചത് എട്ടു കമ്പനികളിൽ; 2021-22വർഷത്തെ വരവ് ചെലവ് നൽകാതെ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തെയും പറ്റിച്ചു; സോൺട കമ്പനിക്ക് പിന്നിൽ ദുരൂഹത മാത്രം
കൊച്ചി: നിയമസഭയിലും പുറത്തും ബ്രഹ്മപുരം വിഷയം കത്തിപ്പടരുമ്പോൾ വിവാദമായ സോൺട കമ്പനിയുടെ ഉടമയും മുൻ എൽ ഡി.എഫ് കൺവീനർ വൈക്കം വിശ്വന്റെ മരുമകനുമായ രാജ്കുമാർ ചെല്ലപ്പൻ പിള്ള ഖരമാലിന്യ സംസ്കരണ രംഗത്തെ സ്വർണ ഖനിയായി കണ്ട് രംഗത്തിറങ്ങിയത് 2016 ന് ശേഷമെന്ന് രേഖകൾ. 2016 വരെ മറ്റേതോ മേഖലകളിൽ പ്രവർത്തിച്ച രണ്ട് കമ്പനികൾ മാത്രമാണ് രാജ്കുമാറിന് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സർക്കാർ 2016 മേയിൽ അധികാരം ഏറ്റശേഷമാണ് രാജ്കുമാർ ഖരമാലിന്യ സംസ്ക്കരണ രംഗത്തേക്ക് തിരിയുന്നത്.
2016 ഒക്ടോബറിൽ സോൺട ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായി. 2017 ഒക്ടോബറിൽ മറ്റൊരു കമ്പനിയുടെ കൂടി ഡയറക്ടർ ബോർഡിൽ കടന്നു കൂടി. സോൺട്ട എൻവയോൺമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. പിന്നീട് 2019 ഫെബ്രുവരിയിൽ എഡ്ജവാഴ്സിറ്റി ലേണിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്നു. അതേ വർഷം തന്നെ ജൂലൈയിൽ വേസ്റ്റ് മാനേജ് മെന്റ് കരാർ ലക്ഷ്യം വെച്ച് വീണ്ടും കമ്പനി രൂപീകരിക്കുന്നു. മലബാർ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. 2020 മേയിലും ഇതേ ഉദ്ദേശത്തിൽ വേണാട് വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുന്നു.
2021 ഫെബ്രുവരിയിൽ കൊച്ചി വേസ്റ്റ് മാനേജ്മെന്റ് എന്ന കമ്പനിയും അതേ വർഷം ഏപ്രിലിൽ സൊൺട റീനെർജി എന്ന പേരിലും കമ്പനി തുടങ്ങുന്നു. ഇടതു സർക്കാരിന്റെ കാലത്ത് തന്നെയാണ് രാജ് കുമാർ ഇത്രയധികം കമ്പനികൾ രൂപീകരിച്ചിരിക്കുന്നത്. വൈക്കം വിശ്വന്റെ മരുമകനന് മാലിന്യ സംസ്ക്കരണത്തിന് കരാർ കിട്ടാൻ വഴിവിട്ട നീങ്ങൾ നടന്നുവെന്ന പ്രതിപക്ഷ കുറ്റപ്പെടുത്തലുകൾക്ക് ശക്തിപകരുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.
കൂടാതെ ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ വിവാദത്തിൽ പെട്ട സോൺട ഇൻഫ്രാസ്ട്രക്ചർ കമ്പിനിയുടെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കുന്ന കാര്യത്തിലും രാജ് കുമാർ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തെ പറ്റിച്ചിരിക്കുകയാണ്. 2021-22 വർഷത്തെ വാർഷിക ജനറൽ ബോഡിക്ക് ശേഷം കണക്കുകൾ സമർപ്പിക്കേണ്ടതാണ്. 2022 ഓഗസ്റ്റ് വരെ സമയം ഉണ്ടായിരുന്നിട്ടും വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. പിഴ ഒടുക്കി പിന്നീട് കണക്കുകൾ സമർപ്പിക്കാനാവും ശ്രമിക്കുക.
അതേ സമയം സർക്കാർ വിവാദ കമ്പനിയെ സംരക്ഷിക്കുകയാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. നിയമസഭയിൽ അടക്കം കമ്പനിയെ പിന്തുണച്ച് സർക്കാർ രംഗത്തു വരുന്നുണ്ട്.. ഇതിനിടെ ബ്രഹ്മപുരത്തെ വിവാദമായ സോൺട കമ്പനിക്കെതിരെ ആരോപണവുപമായി മുൻ നോൺ എക്സിക്യൂട്ടീവ് ഡയറക്ടമാർ രംഗത്ത് എത്തുകയാണ്. ജർമ്മൻ പൗരനായ പാട്രിക് ബോർ, മലയാളി ഡെന്നിസ് ഈപ്പൻ എന്നിവരാണ് പരാതിക്കാർ. അതീവ ഗുരുതര ആരോപണമാണ് ഉയർത്തുന്നത്.സോൺടയിലെ പ്രധാനി രാജ്കുമാർ ചെല്ലപ്പൻ പിള്ള നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചുവെന്നാണ് ആരോപണം.
ഉന്നത രാഷ്ട്രീയ ബന്ധം ഉയർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഈ കമ്പനിക്കെതിരെ ഇവർ പരാതി നൽകിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയമാണ് ഇവർ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. 30 കോടിയിലധികം രൂപ രാജ്കുമാർ പിള്ളയിൽ നിന്നും തിരിച്ചു കിട്ടാനുണ്ട് എന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ 4 വർഷമായി ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ നടക്കുകയാണ്. ഗുരുതര സാമ്പത്തിക ആരോപണമാണ് ഉയർത്തുന്നത്. ബ്രഹ്മപുരത്തെ തീ കത്തലിനെ കുറിച്ച് ഇന്ത്യയിലെ മാനേജ്മെന്റ് അറിയിച്ചില്ലെന്നും പത്രക്കുറിപ്പിലുണ്ട്.
വാർത്തകളിലൂടെയാണ് ഇതേ കുറിച്ച് അറിഞ്ഞത്. തങ്ങൾക്ക് ഈ വിഷയത്തിൽ ഒരു പങ്കുമില്ല. കമ്പനി കാര്യങ്ങൾ വർഷങ്ങളായി ഞങ്ങളെ അറിയിക്കുന്നുമില്ലെന്ന് അവർ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. കമ്പനിയുടെ പ്രവർത്തനത്തിൽ വലിയ വിയോജിപ്പുകളുണ്ടെന്നും പറയുന്നു. ഇപ്പോഴും തങ്ങൾ കമ്പനിയുടെ ഭാഗമാണെന്ന് അവകാശപ്പെടും വിധമാണ് പത്രക്കുറിപ്പ്. തൊഴിലാളികളും നിക്ഷേപകരും പങ്കാളികളും ഉപഭോക്താക്കളും എല്ലാം ആശങ്കയിലാണ്. ഇതു പോലെയാണ് നോൺ എക്സിക്യൂട്ടീവ് മാനേജ്മെന്റ് എന്നും പത്രക്കുറിപ്പിൽ പറയുന്നു. നാലു കൊല്ലമായി വലിയ സാമ്പത്തിക ക്രമക്കേടുകൾ കമ്പനിയിൽ നടക്കുന്നുണ്ട്.മാനേജിങ് ഡയറക്ടറായ രാജ്കുമാർ ചെല്ലപ്പൻപിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അവർ ആരോപിക്കുന്നു.
എന്തു പറഞ്ഞാലും രാജ്കുമാർ അനുസരിക്കുന്നില്ലെന്നും വിശദീകരിക്കുന്നു. ഇങ്ങനെ പഴയ പങ്കാളികൾ പോലും സംശയമുയർത്തുന്ന സ്ഥാനപത്തേയാണ് സംസ്ഥാന സർക്കാർ സുതാര്യതയുടെ പ്രതിരൂപമായി ഉയർത്തിക്കാട്ടുന്നത്. അതേസമയം കണ്ണൂർ കോർപറേഷനും സോൺട ഇൻഫ്രാടെകും തമ്മിൽ പോര് നടക്കുകയാണ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്