- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1875 പ്രവാസി അദ്ധ്യാപകരെ പിരിച്ചുവിടുന്നു; ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം; നടപടി സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവത്കരണ നടപടികൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 1875 പ്രവാസി അദ്ധ്യാപകരെ പിരിച്ചുവിടുന്നു. ഏതൊക്കെ സ്‌കൂളുകളിൽ നിന്ന് ഏതൊക്കെ അദ്ധ്യാപകരെയാണ് ഈ അക്കാദമിക വർഷത്തിന്റെ അവസാനത്തോടെ ഒഴിവാക്കേണ്ടതെന്ന പട്ടികയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഓരോ അദ്ധ്യാപകനും ജോലി ചെയ്യുന്ന അക്കാദമിക മേഖലയുടെ അവസ്ഥ പരിഗണിച്ച് തീരുമാനമെടുത്ത ശേഷം അറിയിപ്പ് പുറപ്പെടുവിക്കുമെന്ന് അൽ ജരീദ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി അദ്ധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് അടുത്തിടെയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ പിരിച്ചുവിടേണ്ട അദ്ധ്യാപകരുടെ പേരുകളടങ്ങിയ പട്ടിക തയ്യാറാക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച ഈ പട്ടിക അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ധ്യാപകരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക. പിരിച്ചുവിടപ്പെടുന്ന അദ്ധ്യാപകർക്ക് അക്കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് നൽകും.
ഓരോ വിഷയത്തിലുമുള്ള അദ്ധ്യാപകരുടെ എണ്ണവും മറ്റ് സാങ്കേതിക നിർദ്ദേശങ്ങളുമെല്ലാം കണക്കിലെടുത്താണ് ഒഴിവാക്കേണ്ട പ്രവാസി അദ്ധ്യാപകരുടെ പട്ടിക തയ്യാറാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ