- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
അബുദബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം നാളെ തുറക്കുന്നു
അബുദബി: അബുദബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം, ബാപ്സ് സ്വാമിനാരായൺ മന്ദിർ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയാണ്. ക്ഷേത്രം മാർച്ച് 1 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 27 ഏക്കറിൽ പണിതീർത്ത ക്ഷേത്രം കണ്ണഞ്ചിപ്പിക്കുന്ന ഇന്ത്യൻ വാസ്തുകലാ സൃഷ്ടിയാണ്.
3000 പേരെ കൊള്ളുന്ന പ്രാർത്ഥനാ ഹാൾ, കമ്യൂണിറ്റി സെന്റർ, എക്സിബിഷൻ ഹാൾ അങ്ങനെ സൗകര്യങ്ങൾ ഏറെ. 2019 ഏപ്രിലിലായിരുന്നു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം. പരമ്പരാഗത നഗർ ശൈലി വാസ്തുവിദ്യയാണ് ക്ഷേത്ര നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്. 1.80 ലക്ഷം ക്യുബിക് അടി രാജ്സ്ഥാൻ പിങ്ക് മണൽകല്ലുകൾ, 50,000 ക്യുബിക് അടിയിൽ വെള്ള ഇറ്റാലിയൻ മാർബിൾ 18 ലക്ഷം ഇഷ്ടികകൾ എന്നിവ നിർമ്മാണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
108 അടിയാണ് ക്ഷേത്രത്തിന്റെ ഉയരം. ഏഴ് ഗോപുരങ്ങൾ യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു. ക്ഷേത്ര നിർമ്മാണത്തിനായി ടൺ കണക്കിന് പിങ്ക് മണൽക്കല്ലുകളും മാർബിളുകളും വടക്കൻ രാജസ്ഥാനിൽ നിന്ന് അബുദാബിയിലേക്ക് എത്തിച്ചു.രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ദ്ധർ ക്ഷേത്രത്തിനായി 402 വെളുത്ത മാർബിൾ തൂണുകൾ കൊത്തിയെടുത്തിട്ടുണ്ട്. മൃഗങ്ങൾ, പക്ഷികൾ, സംഗീതജ്ഞർ, ചന്ദ്രന്റെ ശിൽപങ്ങൾ എന്നിവയാൽ തൂണുകൾ അലങ്കരിച്ചിരിക്കുന്നു. 700 കോടി രൂപ ചെലവിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
32.92 മീറ്റർ (108 അടി) ഉയരവും 79.86 മീറ്റർ (262 അടി) നീളവും 54.86 മീറ്റർ (180 അടി) വീതിയുമുള്ള ക്ഷേത്രം, ആർഎസ്പി ആർക്കിടെക്സ് പ്ലാനേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ക്യാപിറ്റൽ എഞ്ചിനീയറിങ് കൺസൾട്ടന്റും ചേർന്നാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയിൽ നിന്നുള്ള കഥകൾ വിവരിക്കുന്ന ഏഴ് ആരാധനാലയങ്ങളും ക്ഷേത്രത്തിലുണ്ട്. വെങ്കിടേശ്വരൻ, സ്വാമിനാരായണൻ, ജഗന്നാഥൻ, അയ്യപ്പൻ തുടങ്ങിയ പ്രതിഷ്ഠകളാൽ ശിഖരങ്ങൾ അലങ്കരിച്ചിരിക്കുന്നു. ഭൂമി, ജലം, തീ, വായു, ബഹിരാകാശം എന്നിവയെ ആണ് 'ഡോം ഓഫ് ഹാർമണി' പ്രതിനിധീകരിക്കുന്നത്. സമുച്ചയത്തിനുള്ളിലെ പ്രതീകാത്മക വെള്ളച്ചാട്ടം ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ ഉത്ഭവത്തെ പ്രതിഫലിപ്പിക്കുന്നു.
എല്ലാ മതസ്ഥർക്കും പ്രവേശനം
8000-10,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും പ്രവേശനമുണ്ട്. സന്ദർശക കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, എക്സിബിഷനുകൾ, പഠനകേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള സ്പോർട്സ് ഏരിയ, തീമാറ്റിക് ഗാർഡനുകൾ, വാട്ടർ ഫീച്ചറുകൾ, ഫുഡ് കോർട്ട്, പുസ്തകങ്ങൾ, സമ്മാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സാമൂഹിക സാംസ്കാരിക സമ്മേളനങ്ങൾക്കുള്ള പൂർണ്ണമായ പ്രവർത്തന സ്ഥലമായാണ് ക്ഷേത്ര സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ എത്തുന്നത്. ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനു പുറമേ അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.
സഹിഷ്ണുതയുടെ വിളംബരം
മുപ്പതുലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്ന അബുദാബിയിലെ ക്ഷേത്രം ഇരുരാജ്യങ്ങളുടേയും സാംസ്കാരികത്തനിമയുടെ വലിയ അടയാളമായി മാറുകയാണ്. അബുദാബി- ദുബായ് പാതയിൽ അബൂമുറൈഖയിലാണ് ക്ഷേത്രം. ബാപ്സ് സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ നേതാവായ പ്രമുഖ് സ്വാമി മഹാരാജ് ആണ് 1997 ലെ യുഎഇ സന്ദർശന വേളയിൽ അബുദാബിയിൽ ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കുക എന്ന ആശയം വിഭാവനം ചെയ്തത്. രാജ്യങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവയ്ക്കിടയിൽ ഐക്യം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
വിവിധ മതവിഭാഗങ്ങളെ വിശാലതയോടെ, സഹിഷ്ണുതയോടെ സ്വീകരിക്കുന്ന യുഎഇ സർക്കാരിന്റെ നയപ്രകാരമാണ് അബുദബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ യുഎഇ സന്ദർശനത്തിനു പിന്നാലെ 2017 ലാണ് ക്ഷേത്രത്തിന് സ്ഥലം അനുവദിച്ച് തീരുമാനം പ്രഖ്യാപിച്ചത്. യുഎഇ സഹിഷ്ണുതാവർഷമായി ആചരിച്ച 2019 ഏപ്രിൽ 20 ന് ശിലാസ്ഥാപനത്തോടെ തുടങ്ങിയ നിർമ്മാണം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പുരോഗമിച്ചിരുന്നു. യുഎഇ ഭരണാധികാരികളുടെ പൂർണസഹകരണത്തോടെയാണ് ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ നേതൃത്വത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ഇന്ത്യ, യുഎഇ ബന്ധത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായാണ് ക്ഷേത്രനിർമ്മാണത്തെ വിലയിരുത്തുന്നത്.
2019 ലെ മികച്ച മെക്കാനിക്കൽ പദ്ധതി, എം ഇ പി മിഡിൽ ഈസ്റ്റ് പുരസ്കാരം, 2020 ലെ മികച്ച ഇന്റീരിയർ ഡിസൈൻ ആശയം, മികച്ച വ്ാസ്തുവിദ്യാ ശൈലി, മികച്ച പരമ്പരാഗത നഗർ ശൈലി അങ്ങന ക്ഷേത്രനിർമ്മാണത്തിന് കിട്ടിയ ബഹുമതികളും ഏറെ.