മസ്‌കത്ത്: ഒമാനിലെ നിസ്വയിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്ന് നഴ്സുമാർ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. രണ്ട് മലയാളികളും ഒരു ഈജിപ്ഷ്യൻ പൗരയുമാണ് മരിച്ചത്. തൃശൂർ സ്വദേശിനി മാജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികൾ. രണ്ട് നഴ്സുമാർക്ക് പരുക്കേറ്റിട്ടുണ്ട്. അപകട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. നിസ്വ ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽ പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാൻ കാത്തു നിൽക്കുകയായിരുന്ന ഇവരുടെ മേൽ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹനങ്ങൾ ഇടിച്ച് കയറുകയായിരുന്നു.

ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണപ്പെട്ട മാജിദ രതീഷ് കൊല്ലം കൊട്ടിയം സ്വദേശിയാണ് . ഇവരുടെ ഭർത്താവും മക്കളും അടുത്ത ദിവസം ഒമാനിലേക്ക് വരാനിരിക്കുകയായിരുന്നു.

കൊല്ലം സ്വദേശി ഷർജയാണ് മരിച്ച മറ്റൊരു നഴ്സ്. ഇവരും ഇതേ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. മരിച്ച മൂന്നാമത്തെയാൾ അമാനി ഈജിപ്ത് സ്വദേശിയാണ്. പരിക്കേറ്റ രണ്ട് നഴ്സുമാർ മലയാളികളാണ്. ഇതിൽ ഒരാളുടെ നില അൽപം ഗുരുതരമാണ്. റോയൽ ഒമാൻ പൊലീസും ഹെൽത്ത് മിനിസ്ട്രിയും അടിയന്തര ഇടപെടലുകൾ നടത്തിയിരുന്നു.