ലണ്ടൻ: ഇക്കഴിഞ്ഞ മാർച്ച് 28നു ഗാത്വികിൽ നിന്നും പറന്നു തുടങ്ങിയ എയർ ഇന്ത്യയുടെ കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസിന് ആദ്യ അപശകുനം. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഇന്നലെ രാത്രി എട്ടിന് കൊച്ചിയിലേക്ക് പറക്കേണ്ട വിമാനത്തിന്റെ യാത്ര മുടങ്ങി. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന അർദ്ധ രാത്രിയിലും കൈക്കുഞ്ഞുങ്ങൾ അടക്കം ഫ്‌ളൈറ്റ് നിറഞ്ഞ യാത്രക്കാർ എന്താണ് സംഭവിക്കുന്നത് എന്ന് നിശ്ചയമില്ലാത്ത വിമാനത്തിൽ കഴിയേണ്ടി വന്നു. വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്തു തുടങ്ങിയ യാത്രക്കാർക്ക് രാത്രി പതിനൊന്നരക്കും ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ല. വിമാന ജീവനക്കാർ ടോപ് മാനേജ്മെന്റ് തീരുമാനം എത്താൻ കാത്തിരുന്നതോടെ എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാർക്കും പിടിയില്ലാത്ത നിലയിൽ ആയിരുന്നു വിമാനത്തിനുള്ളിലെ കാര്യങ്ങൾ.

അതിനിടെ മണിക്കൂറുകൾ ഒരേ ഇരുപ്പ് ഇരുന്നിട്ടും വിമാനത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാതായതോടെ എന്താണ് പ്ലാൻ എന്ന് പറയാതെ വിമാനത്തിൽ നിന്നും ഇറങ്ങില്ല എന്ന തീരുമാനമാണ് യാത്രക്കാർ എടുത്തത്. എന്നാൽ ആദ്യം വിമാനത്തിൽ നിന്നിറങ്ങുക എന്ന നിലപാടിലേക്ക് ജീവനക്കാരും എത്തി. ഇതോടെ നേരിയ സംഘർഷ സാഹചര്യം ഉണ്ടായതായി പറയപ്പെടുന്നു. ഈ ഘട്ടത്തിൽ പൊലീസ് സഹായത്തോടെ യാത്രക്കാരെ ഇറക്കേണ്ടി വരും എന്ന നിലപാടിലേക്കാണ് ഗാത്വിക് എയർപോർട്ട് മാനേജ്‌മെന്റ് എത്തിയത്. ഈ ഘട്ടത്തിൽ പറക്കാൻ തയ്യാറായി നിൽക്കുന്ന വിമാനങ്ങളുടെ പട്ടികയിൽ നിന്നും റഡാർ ലിസ്റ്റിൽ നിന്നും എയർ ഇന്ത്യ വിമാനം അപ്രത്യക്ഷമായി. എയർ ഇന്ത്യ ലണ്ടൻ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ വഴിയും മുടങ്ങിയതോടെയാണ് യാത്രക്കാർ കടുത്ത നിലപാട് സ്വീകരിച്ചത്.

ഒടുവിൽ അർദ്ധ രാത്രി പിന്നിട്ടതോടെ ഫ്ളൈറ്റിന്റെ തകരാർ പരിഹരിക്കപ്പെടില്ല എന്നുറപ്പായതോടെ ഏതാനും യാത്രക്കാർ വിമാനത്തിൽ നിന്നും ഇറങ്ങി ഹോട്ടലിൽ പോകാൻ തയ്യാറായി. ഇവർ ലഗേജുകൾ കൂടി ഏറ്റെടുത്താണ് ഹോട്ടലിലേക്ക് മടങ്ങിയത്. വീട് അടുത്തുള്ളവരും എയർ ഇന്ത്യയുടെ നിർദ്ദേശം കൃത്യമായി ലഭിച്ചില്ലെങ്കിലോ എന്നോർത്ത് ഹോട്ടലിലേക്ക് പോകാൻ തന്നെയാണ് തീരുമാനിച്ചത്. ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് ഇവർ വിമാനത്താവളത്തിൽ നിന്നും പുറത്തു കടന്നത്.

എന്നാൽ ഈ ഘട്ടത്തിലും ചില യാത്രക്കാർ വിമാനത്തിൽ നിന്നും ഇറങ്ങില്ല എന്ന നിലപാടുമായി അകത്തു തന്നെ ഇരിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്താണ് ഇവരുടെ ആവശ്യമെന്നു വ്യക്തമല്ല. ഇവരെ ബലപ്രയോഗത്തിലൂടെ വിമാനത്തിൽ നിന്നും ഇറക്കേണ്ടി വന്നാൽ അത് വലിയ വിവാദമാകുകയും ചെയ്യും എന്നതിനാൽ തന്ത്രപരമായ നീക്കമാണ് എയർ ഇന്ത്യ നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥർ അർദ്ധ രാത്രിയോടെ എയർപോർട്ടിൽ എത്തുകയും ചെയ്തിരുന്നു.

ഇതിനിടയിൽ യാത്രക്കാരിൽ ഒരാൾക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. സഹയാത്രികരായ മെഡിക്കൽ പ്രൊഫഷണലുകൾ എമർജൻസി സേവനം നൽകിയെങ്കിലും മണിക്കൂറുകൾ ഒരേയിരിപ്പ് തുടർന്ന യാത്രക്കാരുടെ പ്രയാസം മനസിലാക്കി അടിയന്തിര നടപടി സ്വീകരിക്കുന്നതിൽ എയർ ഇന്ത്യ വൈകിയെന്നും പരാതി ഉയർന്നു. ഈ ഘട്ടത്തിൽ യാത്രക്കാർക്കായി മൂന്നു ഓപ്ഷനുകളും എയർ ഇന്ത്യ നൽകി. ഒന്ന് യന്ത്രത്തകരാർ പരിഹരിക്കും വരെ കാത്തിരിക്കുക. രണ്ടു ഹീത്രൂവിൽ നിന്നും മുംബൈ വഴിയോ ഡൽഹി വഴിയോ പറക്കാൻ തയ്യാറുള്ളവർ അതിനു തയ്യാറാവുക. മൂന്നു മുഴുവൻ പണവും തിരികെ വാങ്ങി വീട്ടിലേക്കു മടങ്ങുക. തകരാർ പരിഹരിക്കും വരെ കാത്തിരിക്കുന്നവർക്കു ഹോട്ടൽ താമസം ശരിപ്പെടുത്താം എന്നും ഓഫർ എത്തിയിരുന്നു.

എന്നാൽ, മൂന്ന് ഓഫറുകളും നടപ്പാക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും മണിക്കൂറുകൾ വിമാനത്തിൽ കഴിഞ്ഞിട്ടും ഉണ്ടായില്ല എന്നതാണ് സത്യം. പ്രായമായവർ വരെ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഒരു യാത്രക്കാരാന് അടിയന്തിര മെഡിക്കൽ സഹായം വേണ്ടി വന്നിട്ടും തീരുമാനം അനന്തമായി വൈകിയതിൽ യാത്രക്കാർ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം അതിരു വിടാതിരിക്കാനുള്ള പക്വത യാത്രക്കാരായ ഭൂരിപക്ഷം യുകെ മലയാളികൾ കാട്ടി എന്നത് വിമാനജീവനക്കാരും അംഗീകരിച്ച വസ്തുതയാണ്. എന്തെങ്കിലും തീരുമാനം അറിയിക്കൂ എന്ന് മാത്രമാണ് അഞ്ചു മണിക്കൂറിലേറെ ഒരേ ഇരിപ്പ് ഇരുന്നിട്ടും യാത്രക്കാർ ആവശ്യപ്പെട്ടത്. രാത്രി വൈകി എന്നതും എയർ ഇന്ത്യ മാനേജ്‌മെന്റിന് തീരുമാനം എടുക്കാൻ പ്രയാസം നേരിട്ട ഘടകമാണ്.

വിമാനത്തിൽ നീണ്ട ആറു മണിക്കൂർ ഇരുന്ന ശേഷം പുറത്തിറങ്ങിയ യാത്രക്കാർക്കും വിമാനം എപ്പോൾ പുറപ്പെടും എന്ന കാര്യത്തിൽ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. വിമാനത്തിന്റെ തകരാർ ഗുരുതരം ആണെങ്കിൽ ഹാങ്കറിലേക്ക് മാറ്റുവാൻ വിമാനത്തിൽ ഇരിപ്പുറപ്പിച്ച യാത്രക്കാർ ആദ്യം പുറത്തിറങ്ങണം എന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. യാത്രക്കാർ കടുംപിടുത്തം തുടർന്നാൽ അതനുസരിച്ചു വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമവും വൈകും. നിലവിലെ സാഹചര്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു മാത്രമേ വിമാനത്തിന് പുറപ്പെടാനാകൂ എന്നാണ് കരുതപ്പെടുന്നത്. എങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ശ്രമം ആരംഭിച്ചിട്ടുണ്ട്.