കവൻട്രി : കത്തിച്ച നിലവിളക്കിന്റെയും, പ്രാർത്ഥന വാക്യങ്ങൾ ചൊല്ലിയ വൈദികന്റേയും സാന്നിധ്യത്തിൽ, ശനിയാഴ്ച യുകെ മലയാളികളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങിയ കേംബ്രിജ് മലയാളി നേഴ്‌സ് പ്രതിഭ കേശവന് എയർ ഇന്ത്യയുടെ അപൂർവ ആദരം. ഒന്നര വർഷം മുൻപ് എയർ ഇന്ത്യയുടെ ലണ്ടൻ - കൊച്ചി വിമാനത്തിൽ യാത്രക്കാരിയുടെ യാത്രാ മധ്യേയുള്ള പ്രസവത്തിനു കൈത്താങ്ങായി പ്രതിഭയും കൂടെ നിന്നിരുന്നു . യാത്ര മദ്ധ്യേ വിമാനം ജർമനിയിൽ ഇറക്കിയാണ് രക്ഷാ ദൗത്യം പൂർത്തിയാക്കിയത്. അന്ന് സേവനത്തിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരെ വിമാന ജോലിക്കാർ പ്രശംസിച്ചപ്പോഴും ഔദ്യോഗികമായി നന്ദി അറിയിക്കാൻ മറന്നു പോയ എയർ ഇന്ത്യ അതിനുള്ള പ്രായശ്ചിത്തം കൂടിയാണ് പ്രതിഭയുടെ മരണത്തെ തുടർന്ന് നിർവഹിച്ചത് . ഇതാദ്യമായിട്ടാണ് ഒരു മലയാളിയുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ യുകെയിൽ നിന്നും എയർ ഇന്ത്യ തയ്യാറാകുന്നത് എന്നതും പ്രത്യേകതയാണ് .

ഇടതു പക്ഷ ചിന്താഗതിക്കാരിയായ പ്രതിഭ, കൈരളി യുകെ എന്ന സംഘടനയിൽ പ്രവർത്തിച്ചതിനാൽ സംഘടനാ പ്രവർത്തകർ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഓൺലൈൻ ഫണ്ട് ശേഖരണം നടത്തി 15000 പൗണ്ട് സമാഹരിച്ചിരുന്നു . ഈ ഘട്ടത്തിൽ തന്നെ പ്രതിഭയുടെ സഹപ്രവർത്തകരും ഹോസ്പിറ്റൽ ജീവനക്കാർക്കിടയിലും മറ്റും ധനസഹായം തേടി രംഗത്ത് വന്നിരുന്നു. ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ചു മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായിക്കാമെന്ന് ആശുപത്രി അധികൃതരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ സഹായങ്ങൾ ഒക്കെ നിലനിൽക്കെ പ്രതിഭയുടെ മരണം അറിഞ്ഞ എയർ ഇന്ത്യ അധികൃതർ സൗജന്യ സഹായം വാഗ്ദാനം ചെയ്തു മൃതദേഹം നാട്ടിൽ എത്തിക്കുക ആയിരുന്നു എന്നാണ് ഔദ്യോഗികമായി പുറത്തു വരുന്ന വിവരം .

ഇന്നലെ സ്വദേശത്തു എത്തിയ മൃതദേഹം ഏറ്റുവാങ്ങിയത് പ്രതിഭയുടെ ഭർത്താവ് പ്രസാദാണ്. മൃതദേഹം സ്വന്തം വീടായ കദളികാട്ടുമാലിയിൽ എത്തിച്ചപ്പോൾ അമ്മയെ കാത്തിരുന്ന കുരുന്നു മക്കളുടെ സങ്കടം നാടിന്റെ മൊത്തം സങ്കടമായി മാറി. കഴിഞ്ഞ മാസം 30 നു നാട്ടിലേക്ക് മക്കളെ കാണാൻ യാത്ര തിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പ്രതിഭ ജീവൻ വെടിഞ്ഞത്. നാട്ടിൽ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ മക്കളെ യുകെയിലേക്ക് കൂട്ടികൊണ്ടുവരുവാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു പ്രതിഭ. മക്കളോടൊപ്പം അച്ഛന് കേശവനും അമ്മ രാജമ്മയും കൂടി പ്രതിഭയോടൊപ്പം യുകെയിലേക്ക് വരാൻ ഇരിക്കവെയാണ് സകല സന്തോഷവും തല്ലിക്കെടുത്തി വൃദ്ധ മാതാപിതാക്കളെ തേടി മകളുടെ മരണവാർത്ത എത്തിയത്. ഇന്നലെ മൃതദേഹം വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ സങ്കട കണ്ണീർ കണ്ടുനിൽക്കാൻ പോലും നാട്ടുകാർക്കും വീട്ടുകാർക്കും പ്രയാസമായി. മക്കളാകാകട്ടെ കൂടെ താമസിച്ചു കൊതി തീരാതെ അമ്മ കൈവിട്ടു പോയതിന്റെ മുഴുവൻ അർത്ഥവും മനസിലാകാതെ ഏറെക്കുറെ നിസ്സംഗമായി വേദനയുടെ കാഴ്ചയായി മാറുക ആയിരുന്നു. മന്ത്രി വി എൻ വാസവൻ , സിപിഎം ജില്ലാ സെക്രട്ടറി റസൽ, സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ, കെ സുരേഷ് കുറുപ്പ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു എന്നിവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു .

നിരവധി ഫോൺ വിളികൾക്ക് മറുപടി ഇല്ലാതായതോടെ ലണ്ടനിൽ താമസിക്കുന്ന സഹോദരി പ്രതീക്ഷ കേംബ്രിജിലെ സുഹൃത്തുക്കളാളുടെ സഹായത്തോടെ വീടിൽ നടത്തിയ തിരച്ചിലിൽ ആണ് മരിച്ചു കിടക്കുന്ന നിലയിൽ പ്രതിഭയെ കണ്ടെത്തിയത് . ഹൃദയാഘാതം മൂലമാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വക്തമായിരുന്നു എന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുൻപും പ്രതിഭയ്ക്ക് ഹൃദയ സംബന്ധമായ ചികിത്സ വേണ്ടി വന്നിട്ടുണ്ട് എന്നാണ് പിന്നീട് അറിയാൻ ഇടയായത് .

ശനിയാഴ്ച കേംബ്രിജിൽ നടന്ന പൊതു ദർശനത്തിലും അനുസ്മരണ ചടങ്ങിലും നൂറുകണക്കിന് ആളുകൾ പ്രതിഭയ്ക്ക് യാത്ര മൊഴി നേരാൻ എത്തിയിരുന്നു . ശ്രീ നാരായണ സൂക്തങ്ങളും ബൈബിൾ ശകലങ്ങളും ഇടകലർന്ന അന്തരീക്ഷത്തിലാണ് പ്രതിഭയ്ക്ക് സഹപ്രവർത്തകരും സുഹൃത്തുക്കളും കേംബ്രിജിൽ നിന്നും യാത്ര മൊഴി നേർന്നത്. ശ്രീനാരായണ ധർമ്മ സംഘം , സ്വസ്റ്റാൻ മലയാളി സമൂഹം , കേംബ്രിജ് മലയാളി അസോസിയേഷൻ , കേംബ്രിജ് കേരള കൾച്ചറൽ അസോസിയേഷൻ , കുമരകം കൂട്ടായ്മ , കൈരളി യുകെ എന്നീ സംഘടനകൾക്ക് വേണ്ടി പ്രതിനിധികൾ ആദരാഞ്ജലികൾ അർപ്പിച്ചു .