- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ആവശ്യമായ തുകയുടെ മുന്നിരട്ടി അഞ്ജു ജോലി ചെയ്ത സ്ഥലത്തെ മലയാളികൾ ഞൊടിയിടയിൽ ശേഖരിച്ചു; ഇന്ത്യൻ എംബസി ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ മുഴുവൻ തുകയും അഞ്ജുവിന്റെ കുടുംബത്തിന് കൈമാറും; യുകെയിൽ കൊല്ലപ്പെട്ട അമ്മക്കും മക്കൾക്കും നാട്ടിലേക്ക് മടക്കം
കൊല്ലം: ഇംഗ്ലണ്ടിലെ കെറ്ററിങ്ങിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് വൈക്കം സ്വദേശിനി അഞ്ജുവിന്റെയും രണ്ടു മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളികളുടെ കൂട്ടായ പരിശ്രമം. രണ്ടുദിവസംകൊണ്ട് പിരിച്ചെടുത്തത് 30 ലക്ഷത്തോളം രൂപ. ഇതിനിടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവെല്ലാം ഏറ്റെടുക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ഈ തുക അഞ്ജുവിന്റെ കുടുംബത്തിന് നൽകും. കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജു(52)വിന്റെ ഭാര്യയും കെറ്ററിങ്ങിലെ ആശുപത്രിയിൽ നഴ്‌സുമായ അഞ്ജു (39), മക്കളായ ജീവ (ആറ്), ജാൻവി (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാജുവാണ് കൊലപാതകി. ഇയാളുടെ വിചാരണയും തുടങ്ങി.
കേറ്ററിങ് മലയാളി അസോസിയേഷനും യുക്മയും ചേർന്നാണ് പണം സ്വരൂപിച്ചത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റ് ഫൗ്‌ണ്ടേഷനും ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നു. അതിന് മുമ്പേ കാര്യങ്ങൾ മലയാളി സംഘടനകൾ ചെയ്തു. കെറ്ററിങ് മലയാളി വെൽഫെയർ അസോസിയേഷനും പണം കണ്ടെത്താൻ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ടാണ് ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം തുക സമാഹരിക്കുന്നതിൽ വിജയംകണ്ടത്. ഇംഗ്ലണ്ടുകാരും മലയാളികളും ഓരോരുത്തർക്കും ആകുമ്പോലെ സംഭാവനകൾ നൽകിയപ്പോൾ പലതുള്ളി പെരുവെള്ളംപോലെ നല്ലൊരു തുകയായി. മൃതദേഹമെത്തിക്കാൻ സർക്കാർ സഹായം ലഭിക്കുമെന്ന് അറിഞ്ഞതോടെ ഈ തുക അഞ്ജുവിന്റെ കുടുംബത്തിനു നൽകാനും തീരുമാനിച്ചു.
''വലിയ നഗരമല്ല കെറ്ററിങ്. ഗ്രാമംപോലെയുള്ള പ്രദേശമാണ്. എല്ലാവരും നല്ല സഹകരണമാണ്. 300-ഓളം മലയാളി കുടുംബങ്ങൾ ഉണ്ടിവിടെ. കേസിൽ പ്രതിയായ ഭർത്താവ് സാജുവും ഞങ്ങളുമെല്ലാം ഒന്നിച്ച് ബാഡ്മിന്റൺ കളിക്കുന്നതായിരുന്നു. സംഭവം പെട്ടെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. അഞ്ജുവും ഞാനും ബെംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുമുണ്ട്.''-പണം കണ്ടെത്താൻ നേതൃത്വമെടുത്ത മലയാളിയായ സാമൂഹികപ്രവർത്തകൻ സിബു ജോസഫ് പറഞ്ഞു.
''മരിച്ചവരുടെ കുടുംബത്തിന് മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലെന്നറിഞ്ഞാണ് ഫണ്ട് റൈസിങ് ആപ്പ് വഴി പണം കണ്ടെത്താൻ തുടങ്ങിയത്. യുഗ്മ എന്ന ആഗോള സംഘടനയുണ്ട്. അതിന്റെ മിഡ്ലാൻഡ്‌സിലെ വൈസ് പ്രസിഡന്റാണ് ഞാൻ. യുഗ്മയുടെ കീഴിലുള്ള 135 സംഘടനകളിലൊന്നാണ് കെറ്ററിങ്ങ് മലയാളി വെൽഫെയർ അസോസിയേഷൻ. അതുകൊണ്ടുതന്നെ മലയാളികളുടെ വലിയൊരു ശൃംഖലയിലേക്ക് ഇതെത്തിക്കാൻ കഴിഞ്ഞു. ഇവിടെയെത്തുന്ന മലയാളികൾക്ക് സഹായം നൽകാനും മുന്നിലുണ്ടാകാറുണ്ട്.''-സിബു പറഞ്ഞു.
വൈക്കം കുലശേഖരമംഗലം ആറായ്ക്കൽ അശോകന്റെ മകളാണ് അഞ്ജു. ഇരുവരും 2012-ലാണ് ബെംഗളൂരുവിൽ വിവാഹിതരായത്. ഒരുവർഷംമുമ്പാണ് കെറ്ററിങ്ങിൽ താമസത്തിനെത്തിയത്. സാജു ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ജുവിന്റെയും മക്കളായ ജീവ , ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ കാത്ത് കുലശേഖരമംഗലം ഇത്തിപ്പുഴയിലെ കുടുംബം കഴിയുകയാണ്. അഞ്ജുവിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയ സ്ഥലത്തോടു ചേർന്നു തന്നെ ഇവരെയും സംസ്‌കരിക്കണം എന്നാണ് അച്ഛൻ ആറാക്കൽ അശോകന്റെ ആഗ്രഹം. പൊലീസ് നടപടികൾ പൂർത്തിയായ ശേഷമായിരിക്കും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുക എന്നാണ് ലഭിച്ച വിവരം.
2021 ഒക്ടോബറിലാണ് ഇവർ ബ്രിട്ടനിൽ താമസം തുടങ്ങിയത്. മൂവരുടെയും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൈ ഉപയോഗിച്ചോ തുണി കൊണ്ടോ ശക്തമായി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചതാണ് മരണ കാരണമെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് അഞ്ജുവിന്റെ പിതാവ് അശോകൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ