റിയാദ്: തർക്കം പരിഹരിക്കാനെത്തിയ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചത് ഏവരിലും ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു.ഇക്കഴിഞ്ഞ ദിവസമാണ് പാലക്കാട് തൃക്കല്ലൂർ സ്വദേശി ഹക്കിം ദുബായിയിൽ വെച്ച് കുത്തേറ്റ് മരിച്ചത്.ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്റ്റീരിയയിൽ വച്ച് ഹക്കീമിന്റെ സഹപ്രവർത്തകരും ഒരു പാക്കിസ്ഥാൻ സ്വദേശിയും തമ്മിലുണ്ടായ വാക്ക് തർക്കം പരിഹരിക്കുന്നതിനിടെയാണ് ഹക്കിം കുത്തേറ്റ് മരിച്ചത്.

ഇപ്പോഴിത ഹക്കീമിന്റെ അവസാന നിമിഷങ്ങളുടെ നോവുന്ന ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരി. ഹക്കിമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത് അറിയിച്ചുകൊണ്ടാണ് അഷ്റഫ് പോസ്റ്റ് പങ്ക് വെച്ചത്.മരിക്കും മുമ്പ് ഹക്കീം മകളോട് ഫോണിലൂടെ യാത്ര പറഞ്ഞു..അവസാന ശ്വാസത്തിലും പ്രിയപ്പെട്ടവരെക്കുറിച്ചാണ് അദ്ദേഹം ഓർത്തത്.. ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു ഹക്കീമെന്നും അഷ്‌റഫ് കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം..

'കഴിഞ്ഞ ദിവസം ഷാർജയിലുണ്ടായ കൊലപാതകത്തിൽ നമ്മെ വിട്ടുപിരിഞ്ഞു പോയ പ്രിയ സഹോദരൻ പാലക്കാട് തൃക്കല്ലൂർ കല്ലംകുഴി പടലത്ത് ഹക്കീമിന്റെ (36) തുടർ നടപടികൾ പൂർത്തീകരിച്ചു. നെസ്റ്റോ സിദ്ധീക്ക അടക്കമുള്ളവരുടെ അകമഴിഞ്ഞ സഹകരണത്തോടെ മയ്യിത്ത് ഇന്ന് രാത്രി പന്ത്രണ്ട് മണിയോട് കൂടിയുള്ള ഷാർജ - കോഴിക്കോട് എയറിന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും. വളരേ സങ്കടകരമായ സംഭവമായിപ്പോയി ഇത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്തീരിയയിൽ എത്തിയ പ്രിയ സഹോദരൻ ഹക്കീം അവിടെയുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃങ്കാലയായ് നെസ്റ്റോയിലെ ജീവനക്കാരനായ ഹക്കീം എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹക്കീമിന് കുത്തേറ്റത്. അപതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രികിടക്കയിൽ കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്റെ കുടുംബത്തെ കുറിച്ചായിരുന്നു. പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞ് കലിമ ചൊല്ലിയാണ് രണ്ടു പിഞ്ചു മക്കളുടെ പിതാവായ ഈ ചെറുപ്പക്കാരൻ യാത്രയായത്. അവസാന ശ്വാസത്തിലും തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകളുമായാണ് വിടപറഞ്ഞത്. ഈ സഹോദരന്റെ ആഹിറം അല്ലാഹു അനുഗ്രഹീതമാക്കട്ടെ. ....

ഇദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുകാർക്കും സഹപ്രവർത്തകർക്കും ഉണ്ടായ തീരാ നഷ്ടത്തിൽ ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ'.