ലണ്ടൻ: ഇന്നലെ സിനിമ പ്രേമികളായ മുഴുവൻ മലയാളികളും തിരഞ്ഞത് ബിഗ് ബെൻ വിശേഷങ്ങളാണ്. മലയാളത്തിന്റെ സൂപ്പർ ലേഡി മഞ്ജു വാരിയരും പ്രിയ നടൻ ജയസൂര്യയും ചേർന്ന് ടീസർ പുറത്തു വിട്ടതോടെ ഇപ്പോൾ ഓരോ യുകെ മലയാളിയും പ്രാർത്ഥനയിലാണ്. കാരണം ഇതാദ്യമായി ഒരു കാമ്പുള്ള, പച്ചപ്പുള്ള, ജീവിതം നിറഞ്ഞ ഒരു സിനിമയയാണ് ബിഗ് ബെൻ പുറത്തു വരുന്നത്. അനേകം ബിഗ് ബജറ്റ് സിനിമകൾ പിറന്ന യുകെ ലൊക്കേഷനിൽ ആ ചിത്രങ്ങൾ ഒന്നും ബോക്സ് ഓഫിസ് ഹിറ്റുകൾ നൽകാതെ മടങ്ങിയപ്പോൾ ശനിദശയുള്ള ലൊക്കേഷൻ എന്ന വിളിപ്പേര് വീണ ബ്രിട്ടനിൽ നിന്നും തന്നെയാണ് സിനിമ മോഹവും സ്വപ്നവും ആയി വർഷങ്ങളോളം കൊണ്ട് നടന്ന ബാസിൽഡൺ മലയാളി ബിനോ അഗസ്റ്റിനും സിനിമ ഒരുക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി സിനിമക്ക് പിന്നാലെ കുടുംബം പോലും മറന്നായിരുന്നു ബിനോയുടെ യാത്രകൾ. ഒടുവിൽ രണ്ടു വർഷം മുൻപ് ജീൻ വാൾജിന്റെ കഥയുമായി എത്തിയെങ്കിലും തന്റേതല്ലാത്ത കാരണത്താൽ ആ പടവും ഉപേക്ഷിക്കേണ്ടി വന്നു.

നടക്കാതെ പോയ സിനിമയുടെ നാണക്കേടിൽ സ്വയം തീർത്ത വാല്മീകത്തിലേക്ക് ഒതുങ്ങിപ്പോയ ബിനോ ഇപ്പോൾ ആത്മവിശ്വാസത്തോടെ ഉയരുകയാണ്, വാനോളം. ഓരോ യുകെ മലയാളിയും ഇന്നലെ ബിനോയുടെ സിനിമയ്ക്ക് വേണ്ടി പ്രാർത്ഥനകളും ആശംസകളും നേർന്നപ്പോൾ എന്താണ് ഇപ്പോൾ പറയാനുള്ളത് എന്ന് ബ്രിട്ടീഷ് മലയാളിയിൽ നിന്നും ചോദിക്കുമ്പോൾ എന്നെക്കുറിച്ചു നിങ്ങൾക്ക് അല്ലേ കൂടുതൽ അറിയുക എന്ന വിനയത്തിൽ പൊതിഞ്ഞ മറുപടിയിൽ മുഴുവൻ സന്തോഷവും ബിനോ അടക്കുക ആയിരുന്നു. ബിഗ് ബെൻ ബിനോയുടെ ആദ്യ കൊമേഴ്‌സ്യൽ സിനിമ ആണെങ്കിലും ഒരൊറ്റ സിനിമ കൊണ്ട് ബിനോ ബ്രെക് ത്രൂ നേടും എന്നുതന്നെയാണ് വെള്ളിയാഴ്ച പുറത്തുവന്ന സിനിമയുടെ ആദ്യ ടീസർ തെളിയിക്കുന്നത്.

ബിനോയുടെ മാത്രമല്ല, ഒട്ടേറെ യുകെ മലയാളികളുടെയും സിനിമ

ബിഗ് ബെൻ ബിനോയുടെ മാത്രം സിനിമയല്ല. നിർമ്മാതാക്കൾ മുതൽ അഭിനേതാക്കൾ വരെയായി ഒട്ടേറെ യുകെ മലയാളികളുടെ കൂടി സിനിമയാണ് ബിഗ് ബെൻ. മുഴുനീള കഥാപാത്രങ്ങൾ മുതൽ ഒറ്റ സീനിൽ വന്നവർ വരെ ഏറെയുണ്ട്. അതുകൊണ്ടെക്കെ നേരിട്ടും അല്ലാതെയും അനേകമാളുകളാണ് ബിഗ് ബെനിന്റെ വിജയത്തിനായി കാത്തിരിക്കുന്നത്. ഒരു സിനിമ വിജയിക്കണേയെന്നു ആരാധകരല്ലാതെ സാധാരണക്കാരായ അനേകമാളുകൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന മലയാള സിനിമ കൂടിയാകും ബിഗ് ബെൻ . ഇതിനായി ഇന്നലെ തങ്ങളുടെ സ്നേഹം ബിനോയുമായി പങ്കുവയ്ക്കാൻ മാത്രം ഫേസ്‌ബുക് തുറന്നവർ ഏറെയുണ്ട്. വെറുതെ ആശംസകൾ പറഞ്ഞ് പോകുകയല്ലാതെ നീണ്ട കുറിപ്പുകൾ എഴുതി സംവിധായകന്റെ കാത്തിരിപ്പിൽ തങ്ങളും കൂടെയുണ്ടെന്ന് ഓർമ്മിപ്പിച്ചവരിൽ ജെയ്‌സൺ ലൗറൻസ്, ശ്രീജിത്ത് ശ്രീകുമാർ, അജിത് പാലിയത്, ആന്റണി മിലൻ സേവിയർ , എന്നിവരൊക്കെ ആ നിരയിലുണ്ട്. കഴിഞ്ഞ 11 വർഷമായി ബിനോയുടെ കൂടെ കട്ടക്ക് നിൽക്കുന്ന ചീഫ് ടെക്നിഷ്യനാണ് കാർഡിഫിൽ ഉള്ള ജൈസൺ ലൗറൻസ്. അസോയിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ബസിൽഡനിലെ നോമ്പിന് കലായിൽ, പ്രൊഡക്ഷൻ വിഭാഗം കൈകാര്യം ചെയ്ത ബാസിൽഡനിലെ ജിസ്മൽ ജോസഫ്, എന്നിവരൊക്കെ കണ്ണും കാതുമായി കൂടെ നിന്നപ്പോൾ ചങ്കായി മാറിയത് ബിനോയുടെ സിനിമ ഭ്രാന്ത് അറിയാവുന്ന 150 ഓളം ബാസിൽഡണ് മലയാളികൾ തന്നെയാണ്.

ഒരു സിനിമ സത്യമാക്കാൻ വേണ്ടി ഒരാൾ പ്രയത്നിക്കുമ്പോൾ ഒരു ദേശം ഒന്നാകെ അയാൾക്ക് പിന്നിൽ ഓടുന്ന കാഴ്ചയാണ് ബസിൽഡൺ മലയാളികൾ സമ്മാനിച്ചത്. ഒരു ഓണക്കാഴ്ച സിനിമക്ക് വേണ്ടിവന്നപ്പോൾ നല്ല തനി സെറ്റുസാരിയൊക്കെ ഉടുത്തു മുഴുവൻ മലയാളി കുടുംബങ്ങളും ഈ സിനിമക്ക് വേണ്ടി വേഷമിടുക ആയിരുന്നു. കേരളത്തിൽ ആണെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകളെ ആശ്രയിക്കേണ്ട ഒട്ടു മിക്ക രംഗങ്ങളും ബാസിൽഡണ് മലയാളികൾ തന്നെയാണ് ബിഗ് ബെൻ വേണ്ടി ഏറ്റെടുത്തത്. അതും രാവിലെ മുതൽ വൈകുന്നൈരം വരെ അവർ ഒക്കെ ആ കഷ്ടപാട് സ്വയം ഏറ്റെടുക്കുക ആയിരുന്നു.

സമാനമായ തരത്തിൽ പള്ളിയിൽ ഒരു ചടങ്ങു വേണ്ടിവന്നപ്പോൾ കുർബാന കഴിഞ്ഞ അതേ വേഷത്തിൽ അച്ചന്മാർ ഉൾപ്പെടെ സഹകരണവും ആയി കൂടെ വന്നതും ബിഗ് ബെൻ നൽകുന്ന മറക്കാനാകാത്ത ഓർമ്മകളാണ് ബിനോയ്ക്ക് .എത്ര പേര് വീടുകൾ ഒഴിഞ്ഞു തന്നെന്നു പോലും ഇപ്പോൾ ഓർത്തെടുക്കാൻ ആകുന്നില്ല. അത്രയ്ക്ക് നന്ദിയും കടപ്പാടുമാണ് ഓരോ ബസിൽഡൺ മലയാളികളോടും പങ്കുവയ്ക്കാൻ ഉള്ളത്. ലണ്ടൻ കോടതി, സ്റ്റാൻസ്റ്റഡ് എയർപോർട്ട്, ലണ്ടൻ അണ്ടർഗ്രൗണ്ട്, ഡബ്ലിൻ എയർപോർട്ട്, അയർലൻഡ് , ലിവർപൂൾ, ബസിൽഡൺ ടൗണും പ്രാന്ത പ്രദേശങ്ങളും ലണ്ടൻ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവയായി 85 ശതമാനം രംഗങ്ങളും യുകെയിൽ തന്നെ ആയിരുന്നു. മുംബൈയിലും ഏതാനും രംഗങ്ങൾ ചിത്രീകരിച്ച ശേഷം കേരളത്തിലും രണ്ടു ദിവസത്തെ ഷൂട്ടിങ് കൊണ്ടാണ് ബിഗ് ബെൻ പൂർത്തിയാകുന്നത്.

താരമാകുക ഒന്നര വയസുകാരി ഹന്നാ മറിയം

ബിനോയുടെ സിനിമ വരുമ്പോൾ മറ്റാരേക്കാളും കാണികൾ നെഞ്ചോട് ചേർക്കുക സ്വിണ്ടനിലെ കൊച്ചു മിടുക്കി ഒന്നര വയസുകാരി ഹന്നാ മറിയത്തെ ആയിരിക്കും. സിനിമക്കായി ഈ മിടുക്കിയെ കാണുമ്പോൾ അവൾക്ക് ആറുമാസമാണ് പ്രായം. എന്നാൽ സിനിമ തയാറാകുമ്പോഴേക്കും ഒന്നര വയസിലേക്ക് എത്തിയ ഹന്ന ആരെയും അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് ക്യാമറക്ക് മുന്നിൽ നടത്തിയത്. ഒരു ഫേസ് എക്സ്പ്രെഷൻ വേണമെന്ന് സംവിധായകൻ ആഗ്രഹിക്കുന്ന നിമിഷം തന്നെ ഹന്നാ അത് ചെയ്തിരിക്കും. കുട്ടിക്ക് മലയാളി ചടങ്ങുകൾ സുപരിചിതം ആകാൻ അച്ഛനമ്മമാരായ മുസ്തഫയും റോസ്നിയും ഹന്നയെക്കൊണ്ട് യുകെയിൽ പലയിടത്തും എത്തുക ആയിരുന്നു. പരിപാടികളുടെ കൊട്ടിക്കലാശം നടത്തുക വേളയിൽ സ്റ്റേജിൽ കാമറ ലൈറ്റുകളുടെ ആധിക്യത്തിൽ പോലും ഇടറാതെയാണ് ഹന്നാ ചുവടുകൾ വച്ചത്. നാട്ടിൽ നിന്നും മലയാളികളെ നല്ല അടുത്ത് പരിചയം ഉള്ള കുഞ്ഞിനെ കൊണ്ടുവരാനാണ് ആദ്യം ആലോചിച്ചത് എങ്കിലും മാതാപിതാക്കളുമായി എത്തിക്കുക, കുഞ്ഞിന് ഒരു പനിവന്നാൽ പോലും ഷൂട്ട് മുടങ്ങുക തുടങ്ങിയ സാദ്ധ്യതകൾ പരിഗണിച്ചപ്പോളാണ് യുകെയിൽ ഉള്ള കുട്ടി തന്നെ മതിയെന്ന് ഒടുവിൽ തീരുമാനം ആയത്.

ബിഗ് ഷോട്ടുകൾ ബിഗ് ബെനിനു പിന്നിൽ

ബിഗ് ഷോട്ട് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ഉള്ള സാങ്കേതിക വിദഗ്ധരാണ് ബിഗ് ബെൻ യാഥാർഥ്യമാക്കിയിരിക്കുന്നത്. മെമ്മറീസ് , ദൃശ്യം എന്നിവയ്ക്ക് സംഗീതം നൽകിയ അനിൽ ജോൺസൻ, സൗണ്ട് മിക്സ് 4സ സിസ്റ്റത്തിൽ ചെയ്തത് മഞ്ഞുമ്മൽ ബോയ്സ്, മലയ്‌ക്കോട്ടെ വലിബൻ എന്നീ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ഫസലാണ്. തിയറ്ററിൽ വരുന്ന മനുഷ്യരെക്കൊണ്ട് പടം മോശം എന്ന് പറയിപ്പിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും തങ്ങളുടെ ക്രൂ ചെയ്തിട്ടുണ്ട് എന്ന വിശ്വാസത്തിലാണ് ബിനോ .ഇത് പറയുന്നത് ഏഴെട്ടു വർഷം കൊണ്ട് തീർത്തെടുത്ത കണ്ടന്റും തിരക്കഥയും നൽകുന്ന കരുത്തിലാണ്. റിയാലിറ്റിയുടെ കണ്ണാടിയിലൂടെയാണ് താൻ ബിഗ് ബെനിനെ കാണുന്നത് എന്നും ബിനോ പറയുന്നു.

കുടുംബത്തിന് നന്ദി പറഞ്ഞു ബിനോ

സിനിമ കണ്മുന്നിൽ യാഥാർഥ്യമായി വരുവാൻ തയ്യാറെടുക്കുമ്പോൾ ബിനോ പ്രിയപത്നി കൊച്ചു റാണിയോടും മക്കളോടുമാണ് നന്ദി പറയുന്നതും കടപ്പെട്ടിരിക്കുന്നതും. കാരണം സിനിമയ്ക്കായി കേരളത്തിലേക്കും തിരിച്ചും ഉള്ള യാത്രകൾ ആയിരുന്നു ബിനോയുടെ ജീവിത . ഈ യാത്രകൾക്ക് വേണ്ടി മാത്രം എത്ര പണം കളഞ്ഞു എന്ന് ചോദിച്ചാൽ ഉത്തരം കിട്ടിയേക്കില്ല. കാണാൻ ഉദ്ദേശിച്ചു ചെന്ന ആളോ കഥ കേൾക്കാൻ തിയതി നൽകിയ ആളോ ബിനോ ചെല്ലുമ്പോൾ സ്ഥലത്തുണ്ടാകില്ല, അല്ലെങ്കിൽ മറ്റൊരു പ്രൊജക്ടിൽ ഉൾപ്പെട്ടിരിക്കും. ഒടുവിൽ വെറും കൈയ്‌പോടെ ബിനോ മടങ്ങും. ചോദിക്കുന്നവരോട് കൃത്യമായ ഒരുതരം പോലും കയ്യിൽ ഉണ്ടാകില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാര്യക്ക് മുൻപിൽ പോലും വാക്കുകൾ നഷ്ടമാകുന്ന സാഹചര്യം ആരോടും പറഞ്ഞാൽ മനസിലാകില്ല. ഒരു സിനിമക്ക് വേണ്ടി അതിന്റെ ശില്പി . അതും ഒറ്റയാൾ പട്ടാളം ആകുമ്പോൾ എടുക്കേണ്ടി വരുന്ന തീവ്രമായ എഫേർട്ട് ആർക്കും പറഞ്ഞാൽ മനസിലാകില്ല. അയൽവാസികളായ മലയാളി കുഞ്ഞുങ്ങൾ ക്രൂയിസ് സവാരിക്ക് മറ്റും പോയ കഥ മക്കൾ ബിനോയോട് പറയുന്നത് നമ്മൾക്കും പോകേണ്ട എന്ന ചോദ്യത്തോടെയാണ്. ഉത്തരമായി മക്കളെ അപ്പ വലിയൊരു സ്വപ്നത്തിന്റെ പിന്നാലെ അല്ലേയെന്നു ചോദിക്കുമ്പോൾ ഓ ഇതൊരു വല്ലാത്ത സ്വപ്നം തന്നെ ആണല്ലോ എന്ന് മക്കൾ പോലും പറഞ്ഞു തുടങ്ങിയ സമയം.

ബിനോ നാട്ടിൽ പോകുമ്പോൾ കുട്ടികളെ നോക്കാൻ കൊച്ചുറാണിക്ക് ലീവ് എടുക്കേണ്ട കഷ്ടപ്പാട്. പലപ്പോഴും ശമ്പളം വേണ്ടെന്നു പറഞ്ഞു ലീവ് ചോദിക്കേണ്ട സാഹചര്യം. ഇങ്ങനെ യാതനകളും വേദനകളും എണ്ണിയെണ്ണി പറയാൻ ഏറെയുണ്ട്. ബിനോയുടെ കഷ്ടപ്പാടുകൾ കണ്ടു സഹായിക്കാൻ സന്മനസ് കാട്ടിയവരും ഉണ്ട്. എല്ലാവരോടും നന്ദി, പ്രതേകിച്ചു കൂടുതൽ വേദന പങ്കിടാൻ തയാറായ കുടുംബത്തോടും. ഒരു ആശ്വാസതീരത്തു ഇരുന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കുക ആയിരുന്നു ബിനോ. ഇതുകൊണ്ടെക്കെയാണ് യുകെ മലയാളികൾ ബിനോ വിജയിക്കണം എന്ന് മനസ്സിൽ ആൾമാർത്ഥമായി ആഗ്രഹിക്കുന്നത്. തന്നോടുള്ള ഇഷ്ടം ജൂൺ 28 നു തന്നെ സിനിമ തിയറ്ററിൽ എത്തി കണ്ട ശേഷം അഭിപ്രായം പങ്കിട്ടും കാണിക്കണം എന്നാണ് ബിനോയ്ക്ക് ഓരോ യുകെ മലയാളിയോടും സ്നേഹത്തോടെ അപേക്ഷിക്കാനുള്ളത്.

പേരിലെ യാദൃശ്ചികതയ്ക്ക് ബിഗ് ബെനും വഴി മാറിയില്ല

യുകെയിൽ നിർമ്മിക്കപ്പെട്ട മലയാള സിനിമകൾ എല്ലാം ഒരുങ്ങിയത് ഇംഗ്ലീഷ് പേരിലാണ് എന്ന യാദൃശ്ചികത ബിഗ് ബെനിനെയും കൈവിടുന്നില്ല. പൃഥിരാജ്ജും മമ്മൂട്ടിയും മോഹൻലാലും ഒക്കെ വന്നപ്പോഴും പേരുകൾ ഇംഗ്ലീഷിൽ തന്നെയാണ് പിറന്നു വീണത്. ശ്യാമപ്രസാദ് സംവിധായക വേഷം ഇട്ടപ്പോഴും പേരിനു മലയാളിത്തം വന്നില്ല. മുൻ കാലങ്ങളിൽ വന്ന സിനിമകളിൽ 8119 മൈൽസ് , ലണ്ടൻ ബ്രിജ്, വൈറ്റ്, ഇംഗ്ലീഷ് , ആദം ജോൺ , ഡ്രാമ , വരാനിരിക്കുന്ന റാം, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ എന്നിവയൊക്കെ ഇംഗ്ലീഷ് പേരുകളിൽ തിളങ്ങി നിന്ന സിനിമകളാണ്. പേരുകൾ ഇംഗ്ലീഷിൽ ആയതുകൊണ്ട് സിനിമ വിജയിക്കില്ല എന്ന വിശ്വാസം ഒന്നും ബാധകം അല്ലാത്തതുകൊണ്ടും സിനിമയുടെ ഇതിവൃത്തവും ആയി നല്ലവണ്ണം ഇണങ്ങുന്ന ആശയമാണ് ബിഗ് ബെൻ എന്ന പേരിൽ ഒളിഞ്ഞു കിടക്കുന്നത് എന്നതും പ്രേക്ഷകർ സ്വീകരിക്കും എന്ന് തന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ. യഥാർത്ഥ ബിഗ് ബെൻ എന്നത് ഗ്രേറ്റ് ബെൽ ചുരുങ്ങി വന്നതാണെന്നും ലണ്ടന്റെ സാംസ്‌കാരിക ചിഹ്നമാണ് ഇതെന്നതും സിനിമയ്ക്കും കരുത്തായി മാറും.