ലണ്ടൻ: ബ്രിട്ടണിലെ എൻ എച്ച് എസിന്റെ ജീവനാഢിയാണ് വിദേശ നഴ്സുമാരും മിഡ്വൈഫുമാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകർ. അവർ രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് നൽകുന്ന സേവനം അമൂല്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചാൾസ് മൂന്നാമൻ രാജാവിന് അവരുടെ ആദരം. തന്റെ എഴുപത്തി അഞ്ചാം പിറന്നാൾ ദിനത്തിൽ, ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തിയാണ് നൂറു കണക്കിന് വിദേശ നഴ്സുമാരെയും മിഡ്വൈഫുമാരെയും രാജാവ് ആദരിച്ചത്. യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നഴ്സുമാർക്കും മിഡ്വൈഫുമാർക്കും ഒരുക്കിയ സത്കാരത്തിൽ വിദേശ നഴ്സുമാരുടെ സംഭാവനകൾക്ക് ആദരം അർപ്പിക്കുക കൂടി ചെയ്തു.

വിരുന്നിനിടയിൽ, ഇന്ത്യ, ഫിലിപൈൻസ്, കെനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെ ഒരു കൂട്ടം വിദേശ നഴ്സുമാരെയും മിഡ്വൈഫുമാരെയും രാജാവ് പ്രത്യേകം കണ്ടു സംസാരിക്കുകയുണ്ടായി. മലയാളിയും, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറിയുമായ ബിജി ജോസും അവരിൽ ഉൾപ്പെടുന്നു. നോർത്തേൺ അയർലൻഡ് ആരോഗ്യമേഖലയിലെ ലോക്കൽ ഐറിഷ് വിഭാഗമടങ്ങുന്ന വലിയൊരു ജനസമൂഹത്തിന്റെ പ്രാതിനിധ്യം വഴിയാണ് ബിജിക്ക് രാജാവിന്റെ ക്ഷണം ലഭിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി കൂടിയായ ബിജി ജോസ് ബെൽഫാസ്റ്റിലെ കുടിയേറ്റ മലയാളി സാമൂഹ്യ ജീവിതത്തിലെ നിറ സാന്നിധ്യം കൂടിയാണ്.

നോർത്തേൺ അയർലൻഡിലെ, ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ കമ്മ്യുണിറ്റി ഡിസ്ട്രിക്ട് നഴ്സായിരുന്ന ബിജി, എൻ എച്ച് എസിന്റെ കീഴിലുള്ള നോർത്തേൺ അയർലൻഡ് പ്രാക്ടീസ് ആൻഡ് എഡുക്കേഷൻ കൗൺസിൽ ഫോർ നഴ്സിങ് ആൻഡ് മിഡ്വൈഫറിയിലെ പ്രൊഫഷണൽ ഓഫീസറായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

ബെൽഫാസ്റ്റിലെ വിദ്യാർത്ഥികളും അഭയാർഥികളുമടക്കമുള്ള നിരവധിയാളുകളാണ് ബിജിയുടെ സഹായവും സാന്നിധ്യവും പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. ജാതി, മത, ദേശ, ഭാക്ഷകളുടെ അതിരില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ഏതു മനുഷ്യനും ആവശ്യമായ സേവനങ്ങളും പിന്തുണയുമെത്തിച്ച് കൊണ്ടിരിക്കുക എന്നതാണ് ബിജിയുടെ കർമ്മ മണ്ഡലം. ചെറിയ കുട്ടികളും വൃദ്ധരുമുൾപ്പെടെ സിറിയയിൽ നിന്നെത്തിയ അഭയാർത്ഥി കുടുംബങ്ങൾക്ക് അവർക്ക് ആവശ്യമായ സമയത്ത് ഓടിയെത്തി വലിയൊരു കൈത്താങ്ങാണ് നൽകിക്കൊണ്ടിരിക്കുന്നത്.

കൂടാതെ, കേരളത്തിൽ നിന്നും പുതിയതായെത്തുന്ന വിദ്യാർത്ഥികളും ഉദ്യോഗാർഥികളുമടക്കം മുള്ളവർക്ക് ജി പി രെജിസ്‌ട്രേഷൻ മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം നൽകി സ്വന്തം വീട്ടിൽ നിന്നുമെത്തുന്നവരെപ്പോലെ തന്നെ അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. നേഴ്‌സിങ് ജോലിക്കാർക്ക് ഏറ്റവും ദൗർലഭ്യമായിരുന്ന കോവിട് കാലത്ത്, ആരോഗ്യവും സമയവും നോക്കാതെ സദാസമയവും ജോലിചെയ്തു കൊണ്ടാണ് രോഗികൾക്ക് സമയാസമയം പരിചരണം നൽകാൻ മുന്നിൽ നിന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന കൊവിട് അപ്പീലിൽ പല വിധത്തിലുള്ള ചാരിറ്റി ചല്ലഞ്ചുകൾ നടത്തി നല്ലൊരു തുക ബിജി സമാഹരിക്കുകയുണ്ടായി.

ആഴ്ചദിനങ്ങളിലെ സാധാരണ ജോലിക്ക് പുറമേ, ആഴ്ചാവസനങ്ങളിൽ ജോലി ചെയ്തു ലഭിക്കുന്ന തുക പൂർണമായും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കി വെയ്ക്കുന്നു. തന്റെ ജന്മനാടായ കണ്ണൂർ ചെമ്പേരിയിലെ നിരവധി നിർധന കുടുംബങ്ങൾക്ക് ബിജി വീടു വെയ്ക്കുന്നതിനും ചികിത്സയ്ക്കും മറ്റ് ജീവിതോപാധികൾക്കുമായി നിരന്തരം സഹായം ചെയ്തുകൊണ്ടിരിക്കുന്നു. 2021 ലെ കൊക്കയാർ, കൂട്ടിക്കൽ മേഖലകളിലെ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നേരിട്ട് സഹായം എത്തിച്ചത് കൂടാതെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റേ ഫണ്ടു ശേഖരണത്തിലും നല്ലൊരു തുക സമാഹരിച്ച് നൽകുകയുണ്ടായി. സാമൂഹ്യ, കാരുണ്യ പ്രവർത്തനങ്ങളുടെ തിരക്കിലും ബെൽഫാസ്റ്റിലെ സീറോ മലബാർ/ ലാറ്റിൻ പള്ളികളിലെ സജീവപ്രവർത്തകയും നിറസാന്നിധ്യവും കൂടിയാണ് ബെൽഫാസ്റ്റിലെ ഈ നേഴ്‌സ്

കണ്ണൂർ ചെമ്പേരി കൊച്ചു അരീയ്ക്കമല സ്വദേശികളായ കൊട്ടാരത്തിൽ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളാണ് ബിജി.കോട്ടയം രാമപുരം ഇടിഞ്ഞിറപ്പള്ളിൽ ജോസ് അഗസ്റ്റിനാണ് ഭർത്താവ്.ഇംഗ്ലണ്ടിലെ നോട്ടിങ്ങാം യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന ജെഫിൻ, ബെൽഫാസ്റ്റിലെ ക്യൂൻസ് യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് പഠനം നടത്തുന്ന ബെഫിൻ, ബെൽഫാസ്റ്റ് സെന്റ് ആൻസ് പ്രൈമറി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ഡാനിയേൽ എന്നിവർ മക്കളാണ്.