ലണ്ടൻ: ലണ്ടനിലെ മുതിർന്ന മലയാളി ജെറാൾഡ് നെറ്റോ എന്ന 62 കാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 17കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 24 മാസം അതായത് രണ്ടു വർഷത്തെ തടവു ശിക്ഷയാണ് കൗമാരക്കാരനായ പ്രതിക്ക് വിധിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ലണ്ടനിലെ ഹാൻവെല്ലിൽ 2023 മാർച്ചിലായിരുന്നു ജെറാൾഡ് നെറ്റോ എന്ന തിരുവനന്തപുരം സ്വദേശിയെ മർദ്ദിച്ചു കൊന്നത്. അതേസമയം, നെറ്റോയുടെ മരണത്തിനോട് നീതിപുലർത്തുന്നതല്ല ശിക്ഷ എന്നാണ് നെറ്റോയുടെ കുടുംബം പ്രതികരിച്ചത്.

സൗത്താളിൽ താമസിക്കുന്ന ലണ്ടനിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജെറാൾഡ് നെറ്റോയെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റോഡരികിൽ മർദ്ദനമേറ്റ് അവശനായി കിടന്ന ജെറാൾഡിനെ പൊലീസിന്റെ പട്രോൾ സംഘമായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ജെറാൾഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശിയാണ് ജെറാൾഡ് നെറ്റോ.

കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാൽ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവിൽ 12 മാസക്കാലം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിൽ കഴിയണം എന്നും അതിനു ശേഷമുള്ള 12 മാസക്കാലം കമ്മ്യുണിറ്റിയിൽ സൂപ്പർ വിഷനിൽ ആയിരിക്കണം എന്നുമാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം നടന്നതിൽ, മരണമടഞ്ഞ നെറ്റോക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പ്രതിക്ക് കൂടുതൽ കർശനമായ വ്യവസ്ഥകൾ വിധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെറാൾഡിന്റെ മകൾ ജെന്നിഫർ ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട്. വിചാരണ സമയത്ത് ജാമ്യത്തിൽ ആയിരുന്ന പ്രതി രണ്ടു തവണ ഇലക്ട്രോണിക് ടാഗ് വ്യവസ്ഥകൾ ലംഘിച്ചിരുന്നു എന്നും അതിന്റെ പേരിൽ കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു എന്നും അതിൽ പറയുന്നു. ഒരു വ്യക്തിയുടെ മരണത്തിനിടയായാൽ പോലും തങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കാൻ ഇടയില്ലെന്ന ഒരു തോന്നലാണ് ഈ നിസാര ശിക്ഷ യുവാക്കൾക്ക് നൽകുക എന്നും അതിൽ ജെന്നിഫർ ആരോപിക്കുന്നു.

അതേസമയം, പക്വതയില്ലാത്ത പെരുമാറ്റമായിരുന്നു, നിയമപരമായി പേര് വെളിപ്പെടുത്താൻ നിർവ്വാഹമില്ലാത്ത പ്രതിയുടെ ഭാഗത്തു നിന്നുണ്ടായത് എന്ന് പറഞ്ഞ പ്രതിഭാഗം വക്കീൽ, പ്രതിക്ക് പ്രത്യേക വിദ്യാഭ്യാസം നൽകേണ്ടതുണ്ടെന്നും വാദിച്ചു. നെറ്റോയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല താൻ തള്ളിയിട്ടതെന്നും ആ വ്യക്തി മരണമടഞ്ഞതിൽ ഖേദിക്കുന്നു എന്നുമായിരുന്നു പ്രതി പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞത്.

കഴിഞ്ഞ വർഷം മാർച്ച് 19ന് അക്‌സ്ബ്രിഡ്ജ് റോഡിലെ ഡ്യുക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്നിറങ്ങിയ ജെറാൾഡ് റോഡിന്റെ മറുവശത്ത് നിൽക്കുകയായിരുന്ന കൗമാരക്കാരനും സുഹൃത്തുക്കൾക്കും ഹസ്തദാനം നൽകിയതായി പൊലീസ് പറയുന്നു. അവരോട് കുശലാന്വേഷണം നടത്തണം എന്ന് മാത്രമായിരുന്നു ജെറാൾഡ് ഉദ്ദേശിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥൻ പിന്നീട് ബി ബി സിയോട് പറഞ്ഞിരുന്നു. എന്നാൽ, ഈ കൗമാരക്കാരൻ, ജെറാൾഡിന്റെ പാന്റ് വലിച്ചൂരി അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലുമായിരുന്നു ജെറാൾഡ് നിലത്തു വീഴുന്നത്. ഒരിക്കൽ നിലത്തു വീണ് എഴുന്നേറ്റ അദ്ദേഹത്തെ വീണ്ടും തള്ളി താഴെയിടുന്ന സിസിടിവി ദൃശ്യം ലഭ്യമാണ്.

പ്രതിക്കൊപ്പമുണ്ടായിരുന്ന 20കാരന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ജെറാൾഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികൾ പ്രദേശത്തു നിന്നും ഓടി രക്ഷപെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സഹായാഭ്യർഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റൻ പൊലീസ് പ്രദേശമാകെ സീൽ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു. സംഭവം നടന്നു മിനിട്ടുകൾക്കകം പ്രതികൾ എന്ന് സംശയിക്കുവരെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു.

ലണ്ടനിലെ കുപ്രസിദ്ധമായ കത്തിക്കുത്ത് കേസിൽ ഓരോ വർഷവും അനേകമാളുകൾ കൊലപ്പെടുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടായിരുന്നു ഒരു മലയാളി കൊലക്കത്തിക്ക് ഇരയായത്. ഏകദേശം നാൽപതു വർഷം മുൻപെങ്കിലും ലണ്ടനിലേക്ക് കുടിയേറിയവരാണ് ജെറാൾഡിന്റെ മാതാപിതാക്കൾ. സിംഗപ്പൂർ വഴി എത്തിയ മലയാളി പരമ്പരയിൽ പെട്ടവരാണ് ജെറാൾഡിന്റെ കുടുംബവും.